ഭൗതികമായ സാന്നിദ്ധ്യം വിടവാങ്ങുമ്പോഴും ഉമ്മൻ ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരള രാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും; അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ സ്പീക്കർ വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭ; ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യമില്ലാതെ 53 വർഷത്തിനിടെ ആദ്യ സമ്മേളനം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ സ്പീക്കർ വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭ. നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കമായത് അനുശോചന സന്ദേശവുമായിട്ടായിരുന്നു. കേരള രാഷ്ടീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.ആൾക്കൂട്ടത്തെ ഊർജ്ജമാക്കി ആറ് പതിറ്റാണ്ട് കേരള രാഷ്ട്രിയത്തിൽ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സ്പീക്കർ അനുസ്മരിച്ചു.
പൊതു പ്രവർത്തകർക്ക് ഉമ്മൻ ചാണ്ടി എന്നും മാതൃകയായിരുന്നു. ജനക്ഷേമത്തിനും സംസ്ഥാന വികസനത്തിനും ഊന്നൽ നൽകിയിരുന്ന പൊതു പ്രവർത്തകനും നിയമസഭാ സാമാജികനും ആയിരുന്നു ഉമ്മൻ ചാണ്ടിയെന്നും സ്പീക്കർ അനുസ്മരിച്ചു. സ്പീക്കർ പദവിക്ക് അനുകരണീയ മാതൃകയായിരുന്നു വക്കം പുരുഷോത്തമനെന്നും സ്പീക്കർ അനുസ്മരിച്ചു. കേരളാ നിയമസഭയുടെ ഏറ്റവും കൂടുതൽ കാലം സ്പീക്കരായിരുന്ന വ്യക്തിയാണ് അദ്ദേഹം. കൃത്യനിഷ്ഠയും നിശ്ചയ ദാർഡ്യവുമായിരുന്നു വക്കത്തിന്റെ സവിശേഷതയെന്നും സ്പീക്കർ അനുസ്മരിച്ചു.
രാഷ്ട്രീയ ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടത്തേയും നേരിടാനുള്ള മനക്കരുത്തും തന്റേടവും ഉണ്ടായിരുന്ന നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. ഏത് കാര്യം ചെയ്യുമ്പോഴും അത് സ്വന്തം മനഃസാക്ഷിയെ ബോധ്യപ്പെടുത്തണമെന്ന് നിർബന്ധമുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. ജനക്കൂട്ടത്തെ ആകർഷിക്കുന്ന വാക്ചാതുര്യമുള്ള വലിയ പ്രാസംഗികനായിരുന്നില്ല ഉമ്മൻ ചാണ്ടി, എന്നാൽ ജനങ്ങളെ കൈയിലെടുക്കാനുള്ള രാഷ്ട്രീയ സാമർഥ്യം ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വേർപാടോടെ കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ് അവസാനിക്കുന്നതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
അടുത്തയിടെ വിട പറഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമനെയും സ്പീക്കർ അനുസ്മരിച്ചു. അധികാരപദവികളിൽ ഭരണപാടവവും കാർക്കശ്യവും ഉയർത്തിപ്പിടിച്ച നേതാവിരുന്നു വക്കം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഓണം വാരാഘോഷത്തിന് തുടക്കം കുറിച്ചതും ആധുനിക രീതിയിൽ കേരള ഹൗസ് പുതുക്കി പണിതതും ഗവ. മെഡിക്കൽ കോളജുകൾ റഫറൽ ആശുപത്രികളാക്കി മാറ്റിയതും അദ്ദേഹത്തിന്റെ ഭരണ മികവിന്റെ ഉദാഹരണങ്ങളാണെന്നും സ്പീക്കർ അനുസ്മരിച്ചു. ഉമ്മൻ ചാണ്ടി 53 കൊല്ലമായി സഭാംഗമാണ്. ഉമ്മൻ ചാണ്ടിയില്ലാതെ അര നൂറ്റാണ്ടിനിടെയുള്ള ആദ്യ സമ്മേളനമാണ് ഇന്ന് തുടങ്ങിയത്.
സഭയിൽ മുഖ്യമന്ത്രി പറഞ്ഞത്
കേരള രാഷ്ടീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. അത്യപൂർവ്വ സാമാജികരുടെ നിരയിലാണ് ഉമ്മൻ ചാണ്ടി എന്നുമുണ്ടായിരുന്നത്. ഒരേ മണ്ഡലത്തിൽ നിന്നും ആവർത്തിച്ച് സഭയിലെത്തുകയെന്ന, ഒരു തവണ പോലും പരാജയം അറിയാതിരിക്കുക തുടങ്ങിയ അത്യപൂർവനേട്ടത്തിന് ഉടമയാണ് അദ്ദേഹം. 1970 ൽ താനും ഉമ്മൻ ചാണ്ടിയും ഒരുമിച്ചാണ് സഭയിലെത്തുന്നതെന്നും അദ്ദേഹം ഓർമ്മിച്ചു.
കേരളം വിട്ടുപോകാത്ത മനസായിരുന്നു ഉമ്മൻ ചാണ്ടിക്ക്. കഴിവും കാര്യക്ഷമതയും ഉള്ള ഭരണാധികാരി. അരനൂറ്റാണ്ടായി കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ചു. അരനൂറ്റാണ്ടായി കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ചു. രാഷ്ട്രീയമായ ഇരു ചേരികളിൽ നിൽക്കുമ്പോഴും സൗഹൃദത്തിൽ വിട്ടുവീഴ്ചയില്ലായിരുന്നു. രോഗാതുരനായപ്പോൾ പോലും ഏറ്റെടുത്ത കടമകൾ നിർവ്വഹിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നും പിണറായി അനുസ്മരിച്ചു.
ഭൗതികമായ സാന്നിദ്ധ്യം വിടവാങ്ങുമ്പോഴും ഉമ്മൻ ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും. ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട 12 തവണകളിൽ ഒരു തവണ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. 53 വർഷക്കാലത്തോളം നിയമസഭാ സാമാജികനായി തുടരുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം നിയമസഭാ സാമാജികരുടെ നിരയിലാണ് ഉമ്മൻ ചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളിൽ അദ്ദേഹം നേടിയ വിജയത്തിന്റെ തെളിവാണ്.
1970 ൽ ഞാനും ഉമ്മൻ ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗങ്ങളായത്. എന്നാൽ, ഞാൻ മിക്കവാറും വർഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവർത്തനരംഗത്തായിരുന്നു. ഇടയ്ക്കൊക്കെ സഭയിലും. എന്നാൽ, ഉമ്മൻ ചാണ്ടി ആദ്യം സത്യപ്രതിജ്ഞ ചെയ്തതു മുതൽക്കിങ്ങോട്ട് എന്നും ഈ സഭയിലെ അംഗമായിതന്നെ തുടർന്നു. പല കോൺഗ്രസ് നേതാക്കളും - കെ കരുണാകരനും എ കെ ആന്റണിയുമടക്കം - പാർലമെന്റംഗങ്ങളായും മറ്റും പോയിട്ടുണ്ട്. എന്നാൽ, ഉമ്മൻ ചാണ്ടിക്ക് എന്നും പ്രിയങ്കരം കേരള നിയമസഭയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഈ സഭ വിട്ടുപോയതുമില്ല. കേരളജനതയോടും കേരള നിയമസഭയോടും അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല. ദേശീയ തലത്തിൽ പ്രവർത്തിക്കാൻ അവസരമുണ്ടായപ്പോഴും അദ്ദേഹം കേരളത്തിൽ കേന്ദ്രീകരിച്ചു തന്നെ പ്രവർത്തിക്കാനിഷ്ടപ്പെട്ടു. കേരളം വിട്ടുപോവാത്ത മനസ്സായിരുന്നു അദ്ദേഹത്തിന്റേത്.
എഴുപതുകളുടെ തുടക്കത്തിൽ നിരവധി യുവാക്കളുടെ സാന്നിദ്ധ്യംകൊണ്ട് കേരള നിയമസഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലെജിസ്ലേച്ചറിലും എക്സിക്യൂട്ടീവിലുമായി അവരിൽ മറ്റാരേക്കാളും കൂടുതൽ ഉത്തരവാദിത്തങ്ങൾ ഉമ്മൻ ചാണ്ടിക്കു ലഭിച്ചു. മൂന്നുവട്ടം മന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴിൽ തുടങ്ങിയ സുപ്രധാന വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തു. മുഖ്യമന്ത്രിയായും അതിനെത്തുടർന്ന് പ്രതിപക്ഷ നേതാവായും അദ്ദേഹം സേവനം ചെയ്തു. കഴിവും കാര്യക്ഷമതയുമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം; ശ്രദ്ധേയനായ നിയമസഭാ സാമാജികനുമെന്നും അദ്ദേഹം അനുസ്മരിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ പറഞ്ഞത്
സാധാരണക്കാരന്റെ ദുരിതങ്ങൾ പരിഹരിക്കാൻ നിരവധി ഉത്തരവുകൾ ഇറക്കിയ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി,സതീശൻ. സംസ്ഥാനത്ത് ഇത്രയധികം സഞ്ചരിച്ച മറ്റൊരു രാഷ്ട്രീയ നേതാവുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് സതീശൻ നിയമസഭയിൽ പറഞ്ഞു. ഭക്ഷണം ഇത്രയധികം ഉപേക്ഷിച്ച മറ്റൊരു നേതാവും ഉണ്ടാകില്ല. ഏറ്റവും കുറഞ്ഞ സമയം മാത്രം ഉറങ്ങിയിട്ടുള്ള നേതാവും അദ്ദേഹമാണ്. മരണശേഷം അദ്ദേഹം ആൾക്കൂട്ടത്തിന്റെ ഹൃദയത്തിലേക്ക് അലിഞ്ഞ് ചേർന്നു.
ജനങ്ങളുടെ ഹൃദയത്തിൽനിന്ന് ആർക്കും അദ്ദേഹത്തെ മായ്ച്ച് കളയാനാവില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. അടുത്തയിടെ വിടപറഞ്ഞ മുൻ മന്ത്രിയും സ്പീക്കറും ഗവർണറുമായിരുന്ന വക്കം പുരുഷോത്തമനേയും പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു. വ്യത്യസ്തമായ രാഷ്ട്രീയ ശൈലികൊണ്ടും ഭരണരീതികൊണ്ടും ശ്രദ്ധേയനായ നേതാവായിരുന്നു വക്കമെന്ന് സതീശൻ പറഞ്ഞു.
കാർക്കശ്യം നിറഞ്ഞ സ്പീക്കറായിരുന്നു അദ്ദേഹം. ഏറ്റവും മുതിർന്ന അംഗങ്ങളെപ്പോലും സമയത്ത് പ്രസംഗം അവസാനിപ്പിക്കാൻ നിർബന്ധിച്ചിരുന്ന സ്പീക്കറായിരുന്നെന്നും സതീശൻ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ