- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാത്യു കുഴല്നാടന് കത്തിക്കയറി; ആരാണ് പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ച് സ്പീക്കര്‍; പ്രതിഷേധിച്ച് ചോദ്യോത്തരം ബഹിഷ്കരിച്ച് പ്രതിപക്ഷം; പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം തുടങ്ങിയത് ബഹളത്തില്‍
ചോദ്യോത്തര വേളയില്‍ നിന്നും ബഹിഷ്‌കരണം പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: നിയമസഭാ സമ്മേളനം പ്രക്ഷുബ്ധം. പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരേയും പ്രതിപക്ഷം ചോദ്യം ചെയ്തു. ചോദ്യോത്തര വേളയില്‍ തന്നെ ഇന്ന് പ്രതിപക്ഷം ബഹളം തുടങ്ങി. പിന്നീട് ബഹിഷ്‌കരിക്കുകയും ചെയ്തു. ചോദ്യങ്ങള്‍ ഒഴിവാക്കിയതാണ് പ്രതിപക്ഷം സഭയില്‍ ആദ്യം ഉയര്‍ത്തിയത്. എന്നാല്‍ ചട്ടപ്രകാരമാണ് എല്ലാമെന്ന് സ്പീക്കര്‍ വിശദീകരിച്ചു. ഇതിനിടെ പ്രതിപക്ഷം നടുത്തളത്തിലെത്തി. ഇതിനിടെയാണ് ആരാണ് പ്രതിപക്ഷ നേതാവ് എന്ന ചോദ്യം സ്പീക്കര്‍ ഉയര്‍ത്തിയത്. ഇതോടെ ചോദ്യോത്തര വേളയില്‍ നിന്നും ബഹിഷ്‌കരണം പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു.
സഭയ്ക്കുള്ളില്‍ പ്രതിപക്ഷത്തിന് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചൂണ്ടിക്കാട്ടി. ഈ രീതിയാണ് സ്വീകരിക്കുന്നതെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. തുടര്‍ന്നാണ് എല്ലാം ചട്ടപ്രകാരമാണെന്ന് സ്പീക്കര്‍ വിശദീകരിച്ചത്. സ്പീക്കറുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു.
പ്രതിപക്ഷത്തോട് ഒരു തരത്തിലുമുള്ള വിവേചനവും കാണിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ വ്യക്തമാക്കി. മനഃപൂര്‍വമായ വീഴ്ച സംഭവിച്ചിട്ടില്ല. തദ്ദേശീയ പ്രാധാന്യമുള്ള ചോദ്യങ്ങളായിരുന്നു പ്രതിപക്ഷത്തിന്റേത്. ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതിനു മുന്‍പ് സമൂഹമാധ്യമത്തില്‍ പ്രസിദ്ധീകരിക്കുന്നത് ശരിയായ നടപടിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ട വിഷയം പ്രാധാന്യമുള്ള ചോദ്യമല്ലെന്നാണോ സ്പീക്കര്‍ പറയുന്നതെന്ന് വി.ഡി.സതീശന്‍ ചോദിച്ചു. പിന്നാലേ, പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി.
പ്രതിപക്ഷാംഗങ്ങള്‍ നല്‍കിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടിസുകള്‍ ചട്ട വിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മറ്റിയ നിയമസഭ സെക്രട്ടേറിയറ്റിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നു. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഭയില്‍ നേരിട്ട് മറുപടി നല്‍കണം. ഇത് ഒഴിവാക്കാനാണ് നടപടിയെന്നാണ് പ്രതിപക്ഷ ആരോപണം. ഈ തര്‍ക്കങ്ങള്‍ക്കിടെയാണ് സ്പീക്കര്‍ വിവാദ ചോദ്യം ഉയര്‍ത്തിയത്. ആരാണ് പ്രതിപക്ഷ നേതാവ് എന്ന സ്പീക്കറുടെ ചോദ്യം സതീശനെ പ്രകോപിപ്പിച്ചു. ഇത് സഭയില്‍ ചര്‍ച്ചയാക്കിയാണ് ചോദ്യോത്തര വേള ബഹിഷ്‌കരിച്ചത്. മാത്യു കുഴല്‍നാടന്റെ ബഹളം കണ്ടാണ് അങ്ങനെ ചോദിക്കേണ്ടി വന്നതെന്ന് സ്പീക്കര്‍ പിന്നീട് വിശദീകരിച്ചു.
എ.ഡി.ജി.പി. അജിത്കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയതും മുഖ്യമന്ത്രിയുടെ രാജി ആവശ്യവും നിലമ്പൂര്‍ എം.എല്‍.എ. പി.വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പി.ആര്‍. വിവാദം, തൃശൂര്‍ പൂരം കലക്കല്‍, ആരോപിക്കപ്പെടുന്ന സി.പി.എം-ആര്‍.എസ്.എസ് ബന്ധം തുടങ്ങിയ വിഷയങ്ങളാവും സഭാ സമ്മേളനത്തിന് തീപിടിപ്പിക്കുക. ഈ വിഷയങ്ങളെല്ലാം പ്രതിപക്ഷത്തിന് കൂടുതല്‍ ശക്തിപകരുന്നതാണ്.