- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങയെ പോലെ ഒരു അഴിമതിക്കാരനാകരുതെന്നും നിലവാരമില്ലാത്തവനാകരുതെന്നും എല്ലാ ദിവസവും പ്രാര്‍ഥിക്കാറുണ്ട്; എന്റെ നിലവാരം അളക്കാന്‍ മുഖ്യമന്ത്രി വരേണ്ട! ആളികത്തിച്ചത് പ്രതിപക്ഷ നേതാവിന്റെ കടന്നാക്രമണം; സഭയില്‍ പോര് വിളി ഉയര്‍ന്നപ്പോള്‍
സ്പീക്കറേയും പ്രതിപക്ഷ നേതാവ് കണക്കിന് വിമര്‍ശിച്ചു.
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ നേതാവാരാണെന്ന് ചോദിച്ച സ്പീക്കറെ കടന്നാക്രമിച്ച പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെയും പാര്‍ലമെന്ററികാര്യ മന്ത്രിയുടെയും പരാമര്‍ശത്തില്‍ തിരിച്ചടിച്ച് വി.ഡി. സതീശന്‍ നടത്തിയത് ഭരണപക്ഷത്തെ പ്രകോപിപ്പിക്കും പരാമര്‍ശങ്ങള്‍. ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ് മുഖ്യമന്ത്രിക്ക് വി.ഡി സതീശന്‍ ചുട്ടമറുപടി നല്‍കി. ഈ വാക്കുകള്‍ ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. ഇതോടെയാണ് പ്രതിപക്ഷത്തിനെതിരെ പോര്‍വിളിയുമായി ഭരണപക്ഷം രംഗത്തു വന്നത്. സ്പീക്കറേയും പ്രതിപക്ഷ നേതാവ് കണക്കിന് വിമര്‍ശിച്ചു.
'ഞാന്‍ നിലവാരമില്ലാത്തവന്‍ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി എന്നെ കുറിച്ച് നല്ല വാക്കാണ് പറഞ്ഞിരുന്നെങ്കില്‍ വിഷമിച്ചു പോയേനെ. ഞാന്‍ വിശ്വാസിയാണ്. അങ്ങയെ പോലെ ഒരു അഴിമതിക്കാരനാകരുതെന്നും നിലവാരമില്ലാത്തവനാകരുതെന്നും എല്ലാ ദിവസവും പ്രാര്‍ഥിക്കാറുണ്ട്. എന്റെ നിലവാരം അളക്കാന്‍ മുഖ്യമന്ത്രി വരേണ്ട' -പ്രതിപക്ഷ നേതാവ് കടന്നാക്രമിച്ചത് ഇങ്ങനെയാണ്. നിങ്ങള്‍ നിങ്ങളുടെ നിക്ഷ്പക്ഷത കളഞ്ഞുവെന്നും പറഞ്ഞാല്‍ തിരിച്ചു പറയുമെന്നും സ്പീക്കറോട് പ്രതിപക്ഷ നേതാവ് പറഞ്ഞു. പാര്‍ലമെന്ററികാര്യ മന്ത്രി തനിക്കെതിരെ പറഞ്ഞതില്‍ ഒന്നും പറയുന്നില്ല. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പോകേണ്ട ആളാണ് പാര്‍ലമെന്ററികാര്യ മന്ത്രി. ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് സ്വന്തം വകുപ്പ് പോലും ഭരിക്കാന്‍ ശേഷിയില്ല. വേറെ ആളുകളാണ് ഭരിക്കുന്നത്. അവരൊന്നും പ്രതിപക്ഷത്തിന്റെ അളവെടുക്കേണ്ടെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
ഈ സഭയില്‍ എം.വി രാഘവനെ തള്ളിച്ചതച്ചിട്ടില്ലേ?. അന്ന് ആരായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍?. ഈ സഭ തല്ലിപ്പൊളിച്ചപ്പോള്‍ പുറത്തുനിന്ന് അതിന് ഒത്താശ കൊടുത്തത് ആരാണ്?. കെ.കെ. രമയെ അധിക്ഷേപിച്ചപ്പോള്‍ ആരായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്നും വി.ഡി സതീശന്‍ ചോദിച്ചു. കേരള നിയമസഭയുടെ പാരമ്പര്യത്തിന് നിലക്കാത്ത കാര്യങ്ങളാണ് നടന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. പ്രതിപക്ഷ നേതാവ് സഭയില്‍ ഇല്ലാത്ത സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രിയും പാര്‍ലമെന്ററികാര്യ മന്ത്രിയും അധിക്ഷേപിച്ചതിനെ സ്പീക്കര്‍ അപലപിച്ചില്ല. എല്ലാവരുടെയും താല്‍പര്യം സംരക്ഷിക്കാന്‍ സ്പീക്കര്‍ ബാധ്യസ്ഥനാണെന്നും രമേശ് ചെന്നിത്തല സഭയില്‍ ചൂണ്ടിക്കാട്ടി. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു. അതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രി രാജേഷിന്റേയും കടന്നാക്രമണം.
നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ നേതാവ് ആരാണെന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പരാമര്‍ശമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പ്രകോപിപ്പിച്ചത്. സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് സ്പീക്കറുടെ കസേരയില്‍ ഇരുന്നതിന്റെ കുറ്റബോധം കൊണ്ടാണ് പ്രതിപക്ഷ നേതാവ് ആരാണെന്ന് ചോദിച്ചതെന്ന് വി.ഡി സതീശന്‍ തിരിച്ചടിച്ചു. സ്പീക്കറുടെ അപക്വതയാണ് വ്യക്തമായത്. പക്വതയില്ലായ്മയാണ് തെളിയിക്കുന്നതെന്ന് പറയേണ്ടി വന്നതില്‍ ദുഃഖമുണ്ട്. ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത, ഒരു സ്പീക്കറും ചോദിക്കാത്ത ചോദ്യമാണ് ചോദിച്ചത്. സ്പീക്കര്‍ പദവിക്ക് അപമാനകരമായ ചോദ്യമാണ് ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ വൃത്തിക്കേടുകള്‍ക്കും കൂട്ടുനിന്ന് പ്രതിപക്ഷത്തിന്റെ അവകാശങ്ങളാണ് സ്പീക്കര്‍ ഹനിച്ചതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. സ്പീക്കറുടെ മോശം പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിക്കുകയും ചെയ്തു.
പ്രതിപക്ഷ ബഹിഷ്‌കരണത്തിന് പിന്നാലെ പാര്‍ലമെന്ററികാര്യ മന്ത്രി എം.ബി രാജേഷ് പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച് സംസാരിച്ചു. ചെയറിനെതിരായ പ്രതിപക്ഷ നേതാവ് തുടര്‍ച്ചയായി അധിക്ഷേപം നടത്തുകയാണ് എം.ബി രാജേഷ് ആരോപിച്ചു. അധിക്ഷേപത്തിന്റെ പാരമ്യമാണ് ഇന്ന് കണ്ടത്. കേരളത്തിന്റെ ചരിത്രത്തിലെ അപക്വമതിയായ പ്രതിപക്ഷ നേതാവ് എന്ന പദവിക്ക് വി.ഡി സതീശന്‍ അര്‍ഹനായി. നിയമസഭയുടെ ചരിത്രത്തില്‍ ഒരു പ്രതിപക്ഷ നേതാവും ഇത്തരത്തില്‍ അധിക്ഷേപിച്ചിട്ടില്ല. ഷാക്കര്‍ ആന്‍ കൗള്‍ ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ വിശദീകരിച്ചത്. പ്രതിപക്ഷ നേതാവ് ഷാക്കര്‍ ആന്‍ഡ് കൗളിന് മുകളില്‍ തന്നെ പ്രതിഷ്ഠിച്ചിരിക്കുകയാണെന്നും എം.ബി രാജേഷ് ചൂണ്ടിക്കാട്ടി.
സഭാ ചരിത്രത്തിലില്ലാത്ത അധിക്ഷേപ വാക്കുകളാണ് ചെയറിനെ കുറിച്ച് പ്രതിപക്ഷ നേതാവ് നടത്തിയതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ബഹുമാനപ്പെട്ട എന്ന വാക്ക് ചേര്‍ക്കുന്നത് പാര്‍ലമെന്ററി നടപടിക്രമത്തിന്റെ ഭാഗമായാണ്. ആ പരസ്പ ബഹുമാനം നിലനിര്‍ത്തി പോവുകയാണ് വേണ്ടത്. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണ് താനെന്ന് പല നടപടികളിലൂടെ തെളിയിച്ചിട്ടുണ്ട്. അതിന്റെ പാരമ്യതയാണ് ഇന്ന് കണ്ടത്. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സഭ അവജ്ഞയോടെ തള്ളുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.