- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച, പൂരം കലക്കല്‍, കാഫിര്‍ സ്‌ക്രീന്‍ഷോട്ട്': മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വെള്ളം കുടിപ്പിക്കുന്ന ചോദ്യങ്ങള്‍ ബോധപൂര്‍വം ഒഴിവാക്കാന്‍ ശ്രമം; നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളാക്കി മാറ്റി; സ്പീക്കര്‍ക്ക് പരാതിയുമായി പ്രതിപക്ഷം
സ്പീക്കര്‍ക്ക് പരാതിയുമായി പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭയുടെ 12-ാം സമ്മേളനത്തില്‍, മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയേണ്ട വിവാദ വിഷയങ്ങളില്‍, പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ബോധപൂര്‍വം വെട്ടി നിരത്തിയെന്ന് ആക്ഷേപം. സംഭവത്തില്‍ നിയമസഭ സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് പരാതി നല്‍കി. മറ്റന്നാള്‍ നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് ചോദ്യങ്ങള്‍ വെട്ടിനിരത്തിയെന്ന പരാതി ഉയരുന്നത്.
വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും. എഡിജിപി -ആര്‍എസ്എസ് കൂടിക്കാഴ്ച, പൂരം കലക്കല്‍, കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ള ചോദ്യങ്ങള്‍ ഒഴിവാക്കിയെന്നാണ് പരാതി. 49 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് നിയമസഭയില്‍ മറുപടി പറയേണ്ട സാഹചര്യം ഒഴിവാക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. പ്രതിപക്ഷാംഗങ്ങള്‍ നല്‍കിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ ചട്ട വിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി നിയമസഭ സെക്രട്ടേറിയേറ്റ് മാറ്റിയെന്നാണ് പരാതി.
മുഖ്യമന്ത്രിയില്‍ നിന്ന് നേരിട്ട് മറുപടി ലഭിക്കേണ്ട എ.ഡി.ജി.പി - ആര്‍.എസ്.എസ് കൂടിക്കാഴ്ച, തൃശ്ശൂര്‍ പൂരം കലക്കല്‍, കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിഷയങ്ങളില്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യമായി നല്‍കിയ 49 നോട്ടീസുകളാണ് സ്പീക്കറുടെ നിര്‍ദേശങ്ങള്‍ക്കും മുന്‍കാല റൂളിങ്ങുകള്‍ക്കും വിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി മാറ്റിയതെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.
നിയമസഭ നടപടി ചട്ടം 36, സ്പീക്കറുടെ ഒന്നാം നമ്പര്‍ നിര്‍ദേശം, ചോദ്യങ്ങള്‍ എഡിറ്റ് ചെയ്യുന്നതും അനുവദിക്കുന്നതും സംബന്ധിച്ച മുന്‍കാല റൂളിങ്ങുകള്‍ എന്നിവക്ക് വിരുദ്ധമായി 49 ചോദ്യ നോട്ടീസുകള്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷാംഗങ്ങളുടെ ചോദ്യ നോട്ടീസുകള്‍ ചട്ടം 38, 39 എന്നിവ പ്രകാരം പരിശോധിച്ച് പൊതുപ്രാധാന്യം പരിഗണിച്ചു നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായി അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
പൊലീസില്‍ വര്‍ഗീയശക്തികളുടെ ഇടപെടല്‍, എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍, എഡിജിപിക്കെതിരായ ആരോപണം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരായ ആരോപണം, പൊലീസിലെ ക്രിമിനല്‍വത്കരണം, മാമി തിരോധാനം, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് തുടങ്ങിയ വിഷയങ്ങളില്‍ വിവിധ അംഗങ്ങള്‍ നല്‍കിയ ചോദ്യങ്ങളാണ് നക്ഷത്ര ചിഹ്നമിടാത്തതാക്കി മാറ്റിയത്.
സമീപകാലത്ത് ഉയര്‍ന്ന ആരോപണങ്ങളിലെ വസ്തുത ജനാധിപത്യ മാര്‍ഗത്തിലൂടെ സഭാതലത്തില്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനും സമൂഹത്തിന്റെ പൊതുവികാരം പ്രതിഫലിപ്പിക്കുന്ന ചോദ്യം ഉന്നയിക്കാന്‍ സാമാജികര്‍ക്കും അവസരം നിഷേധിക്കുന്ന രീതിയില്‍ വിഷയത്തിന് പൊതു പ്രാധാന്യമില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് കണ്ടെത്തിയതിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കാന്‍ സ്പീക്കര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
അംഗങ്ങള്‍ മുന്‍ഗണന രേഖപ്പെടുത്തി നല്‍കുന്ന ചോദ്യ നോട്ടീസുകള്‍ സംബന്ധിച്ച് എന്തെങ്കിലും അവ്യക്തതയുണ്ടെങ്കില്‍ സാമാജികരുടെ ഓഫീസുമായോ അല്ലെങ്കില്‍ അതതു പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസുകളുമായോ ബന്ധപ്പെട്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ചട്ടങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസൃതമായി ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യമായി തന്നെ അനുവദിക്കുന്ന രീതിയാണ് പിന്തുടര്‍ന്ന് വരുന്നത്. എന്നാല്‍ ഇത്രയധികം ചോദ്യ നോട്ടീസുകള്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി അഡ്മിറ്റ് ചെയ്തിട്ടും ഒരു നോട്ടീസ് സംബന്ധിച്ച് പോലും അത്തരത്തില്‍ ഒരു വ്യക്തത വരുത്തുവാന്‍ നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാകാതിരുന്നത് ദുരൂഹമാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിന്നും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സഭാതലത്തില്‍ മറുപടി പറയുവാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങളിലെ ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിന് ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.