തിരുവനന്തപുരം: ജനകീയ തുടക്കമായിരുന്നു ബാലഗോപാലിന്റെ മൂന്നാം ബജറ്റ് പ്രസംഗം. കേരളത്തിലെ സമസ്ത മേഖലയേയും സ്പർശിക്കുന്ന പ്രഖ്യാപനങ്ങൾ. എന്നാൽ അവസാനം എല്ലാം അട്ടിമറിക്കപ്പെട്ടു. ജനങ്ങളെ പിഴിഞ്ഞ് സാമ്പത്തികം കണ്ടെത്തുന്ന പതിവ് ശൈലി. ഇതോടെ അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും നടുവൊടിക്കുന്ന ബജറ്റായി ബാലഗോപാലിന്റെ പ്രഖ്യാപനങ്ങൾ മാറി. സമസ്ത മേഖലകൾക്കും നീക്കിയിരിപ്പുണ്ടെങ്കിലും ഇതൊന്നും ജനങ്ങൾക്ക് നേരിട്ട് കിട്ടില്ല. എന്നാൽ എല്ലാ ബാധ്യതയും സാധാരണക്കാർ വഹിക്കണം. പെട്രോളിനും ഡീസലിനും സെസ് വീണ്ടും ഏർപ്പെടുത്തുമെന്നത് ആരും സ്വപ്‌നത്തിൽ പോലും കണ്ടില്ല. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടുന്നതും സാധാരണക്കാരുടെ ജീവിത മോഹങ്ങൾക്ക് തിരിച്ചടിയാണ്.

മദ്യത്തിന് വില വീണ്ടും കൂടുകയാണ്. ഇത് മയക്കുമരുന്ന് കഞ്ചാവ് മാഫിയയയ്ക്ക് ഗുണകരമാകും. ലഹരിക്ക് വേണ്ടി സിന്തറ്റിക് മയക്കു മരുന്നിലേക്ക് പിറകെ അവർ പോകും. ഇത് ഗുരുതര സാമൂഹിക പ്രശ്‌നമായി മാറും. പെട്രോൾ-ഡീസൽ വില വർദ്ധനവ് വിലക്കയറ്റത്തിന് കാരണമാകും. അതിനിടെ ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര നീക്കം നടക്കുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അങ്ങനെ സംഭവിച്ചാൽ ഇന്ധന നികുതി കുറയും കേരളത്തിനും. ഇത് മനസ്സിലാക്കിയാണ് ഇന്ധനത്തിന് കേരളം സെസ് കൂട്ടുന്നത്. ഇതിലൂടെ വില കുറച്ചാലും സംസ്ഥാന വരുമാനം കുറയില്ലെന്നാണ് വിലയിരുത്തൽ. ഇന്ധന വില കൂടുമ്പോൾ മാഹിയിലെ പെട്രോൾ പമ്പുകാർക്ക് കോളടിക്കും. അതിർത്തിയിലെ അന്യ സംസ്ഥാന പെട്രോൾ പമ്പുകളിലും ആൾത്തിരക്ക് കൂടും. അന്തർ സംസ്ഥാന യാത്ര നടത്തുന്ന ആരും കേരളത്തിൽ നിന്നും പെട്രോളും ഡീസലും അടിക്കില്ലെന്ന അവസ്ഥയും വരും. ഇതെല്ലാം വരുമാന നഷ്ടത്തിനും കാരണമാകും.

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തുകയായിരുന്നു. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹികസുരക്ഷാ സീഡ് ഫണ്ടിലേക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. മദ്യത്തിന് സാമൂഹിക സുരക്ഷാ സെസും ഏർപ്പെടുത്തി. 500 രൂപ മുതൽ 999 രൂപവരെ വിലവരുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപയും 1000 രൂപ മുതൽ മുകളിലോട്ട് വിലവരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപയുമാണ് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തുന്നത്. 400 കോടി രൂപ ഇതിലൂടെ അധികമായി ലഭിക്കുമെന്നാണ് പ്രതീക്ഷ.

രാജ്യത്ത് പെട്രോളിന്റേയും ഡീസലിന്റേയും വിലയിൽ മാറ്റം വരാൻ സാധ്യതയെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം എത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ നിർണായക നീക്കത്തിന്റെ പശ്ചാത്തലത്തിൽ പെട്രോളിന്റേയും ഡീസലിന്റേയും വില കുറയാൻ സാധ്യത ഉണ്ട് എന്നാണ് വിവരം. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി ഞായറാഴ്ച ഓയിൽ മാർക്കറ്റിങ് ( ഒ എം സി ) കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറയുകയാണെങ്കിൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപന വിലയും കുറയ്ക്കണം എന്ന് ഹർദീപ് സിങ് പുരി ഓയിൽ മാർക്കറ്റിങ് കമ്പനികളോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വില സ്ഥിരത കൈവരിക്കുകയും അണ്ടർ റിക്കവറി വീണ്ടെടുക്കാനും കഴിഞ്ഞാൽ എണ്ണ കമ്പനികൾ വില കുറക്കണം എന്ന് അദ്ദേഹം പറഞ്ഞു.

ഉൽപ്പന്ന വില പരിഷ്‌കരിക്കാൻ എണ്ണ വിപണന കമ്പനികൾക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും പ്രായോഗികമായി വില പരിഷ്‌ക്കരണത്തിൽ രാഷ്ട്രീയ പരിഗണനകളും പ്രധാനമാണ്. അതേസമയം ഇന്ത്യൻ ക്രൂഡ് ബാസ്‌ക്കറ്റിന്റെ അസ്ഥിരമായ വിലകൾക്കിടയിലും പെട്രോൾ, ഡീസൽ വില നിയന്ത്രണത്തിലാണെന്ന് ഹർദീപ് സിങ് പുരി അവകാശപ്പെട്ടു. കേന്ദ്ര സർക്കാർ നികുതി കുറച്ച് രണ്ട് തവണ ജനങ്ങൾക്ക് ആശ്വാസം നൽകിയിട്ടുണ്ട് എന്നും ഹർദീപ് സിങ് പുരി പറഞ്ഞു. ഈ സമയത്തും കേരളം കുറച്ചിട്ടില്ലെന്നതാണ് വസ്തുത. 2021 നവംബറിനും 2022 മെയ് മാസത്തിനും ഇടയിൽ കേന്ദ്ര സർക്കാർ രണ്ട് തവണ നികുതി പരിഷ്‌കരിച്ചു.

എന്നാൽ 2022 മെയ് 22 മുതൽ പെട്രോൾ, ഡീസൽ വിലകൾ പരിഷ്‌കരിച്ചിട്ടില്ല. ധനമന്ത്രാലയം സെൻട്രൽ എക്സൈസ് തീരുവ വെട്ടിക്കുറച്ചപ്പോൾ പല സംസ്ഥാനങ്ങളും വിൽപ്പന നികുതി കുറച്ചിരുന്നു. എന്നാൽ ബി ജെപി ഇതര സംസ്ഥാനങ്ങൾ ഇതിന് തയ്യാറായില്ല. ഇതിനാൽ ഇവിടങ്ങളിൽ 10 രൂപയുടെ വരെ വ്യത്യാസമുണ്ട് എന്നും ഹർദീപ് സിങ് പുരി പറഞ്ഞിരുന്നു. ഇതിൽ കേരളത്തിനെതിരേയും പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് വീണ്ടും കേരളത്തിൽ പെട്രോൾ വില കൂട്ടുന്നത്. ബ്രെന്റ് ക്രൂഡിന്റെ വില മാർച്ചിൽ 139 ഡോളറിൽ നിന്ന് ബാരലിന് 88 ഡോളറായി കുറഞ്ഞിരുന്നു.

എന്നാൽ മറുവശത്ത്, ഇന്ത്യ റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിച്ചു. ഇക്കാരണത്താൽ മൊത്തത്തിലുള്ള ഇന്ധന ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. അതിനാൽ ആ നഷ്ടം ഇപ്പോഴും നിലനിൽക്കുന്നതിനാൽ ആണ് എണ്ണ വിപണന കമ്പനികൾക്ക് വില കുറയ്ക്കാൻ കഴിയാത്തതിന്റെ കാരണം.