- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണ്ടാ തണലിലല്ല സിപിഎം പ്രവർത്തിക്കുന്നത്; രക്തദാഹികളായ അക്രമികളെ ഉന്മൂലനം ചെയ്യും; പാർട്ടിക്കകത്ത് വരുന്ന എല്ലാവരും എല്ലാ തെറ്റുകൾക്കും അതീതരായവരെന്ന് അവകാശപ്പെടാനാവില്ല; ഗുണ്ടാത്തലവന്മാർക്ക് രക്ഷപ്പെടാൻ പഴുതൊരുക്കൽ ഞങ്ങളുടെ സംസ്കാരത്തിൽപ്പെട്ടതല്ല; ആകാശ് തില്ലങ്കേരിയുടെ പേരു പറയാതെ കടുപ്പിച്ചു മുഖ്യമന്ത്രിയുടെ വാക്കുകൾ
തിരുവനന്തപുരം: ഷുഹൈബ് വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയപ്പോൾ ആകാശ് തില്ലങ്കേരിയുടെ പേരു പറയാതെ മുഖ്യമന്ത്രിയുടെ മറുപടി. കടുത്ത ഭാഷയിൽ തന്നെയാണ് പിണറായി മറുപടി നൽകിയത്. ഇടതുപക്ഷം പ്രത്യേകിച്ച് സിപിഎം ഗുണ്ടകളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും തണലിലല്ല പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യാനാവശ്യമായ എല്ലാ നിയമനടപടികളും സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനങ്ങളും അവർ ഉയർത്തുന്ന വെല്ലുവിളികളും ഒരു തരത്തിലും കുറച്ച് കാണുന്നില്ല. പൊതുജീവിതത്തിന്റെ സ്വസ്ഥതയ്ക്കുമേൽ ഭീതിയുടെ ചിറകുകൾ വിരിച്ച് സ്വച്ഛന്ദം വിഹരിക്കുന്ന രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യണമെന്നു തന്നെയാണ് സർക്കാരിന്റെ നിലപാട്. അതിനാവശ്യമായ എല്ലാ നിയമനടപടികളും സർക്കാർ സ്വീകരിക്കും.
ആകാശ് തില്ലങ്കേരിക്കെതിരെ, പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമർശനമുന്നയിച്ചു. 'ഇവിടെ പ്രതിപാദിച്ച വ്യക്തി സമൂഹത്തിനും പരാമർശിച്ച പാർട്ടിക്കും അംഗീകരിക്കാനാവാത്ത പ്രശ്നങ്ങളിൽ പങ്കാളിയാകുമ്പോൾ അത് അതേപോലെ വകവച്ചുകൊടുക്കുന്ന ശീലമല്ല ഞങ്ങൾക്കുള്ളത്. അത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടും സാധാരണ രീതിയിൽ സ്വീകരിക്കാറില്ല. തിരുത്താൻ ശ്രമിക്കും. അതിന് ഫലമില്ലാതെ വരുമ്പോൾ നടപടിയിലേക്ക് കടക്കും. അതാണ് ഞങ്ങളുടെ രീതി. ഞങ്ങളുടെ പാർട്ടിക്കകത്ത് വരുന്ന എല്ലാവരും എല്ലാ തെറ്റുകൾക്കും അതീതരായവരെന്ന് അവകാശപ്പെടാനാവില്ല.
എല്ലാവരും മനുഷ്യരാണ്. മനുഷ്യർക്കുള്ള ദൗർബല്യങ്ങൾ അവർക്കുമുണ്ടാകാം. അതിൽ തിരുത്താൻ പറ്റുന്നവ തിരുത്തും. അല്ലാത്തവയിൽ നടപടിയിലേക്ക് കടക്കും. തെറ്റുകൾ മറച്ചുവെച്ച് സംരക്ഷിക്കുന്ന രീതി ഞങ്ങൾക്കില്ല. അതിനോട് ഒരു തരത്തിലും പൊറുക്കാറില്ല. പാർട്ടി വിരുദ്ധനിലപാടുകൾ കണ്ടാൽ സ്വാഭാവികമായും പാർട്ടിക്ക് പുറത്താകും. അത്തരം ചിലർ ചിലപ്പോൾ വല്ലാത്ത ശത്രുതയോടെ പാർട്ടിയോട് പെരുമാറുന്നുണ്ട്. അതിൽ വല്ലാത്ത മനഃസുഖം അനുഭവിക്കേണ്ട. അതൊന്നും ഞങ്ങളെ വല്ലാതെ കണ്ട് ബാധിക്കുന്ന കാര്യമല്ല. അതിന്റെ ഭാഗമായി തെറ്റു ചെയ്തവരെ മഹത്വവൽക്കരിക്കരുത്' -പിണറായി പറഞ്ഞു.
കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിധി കൽപിക്കേണ്ടത് നീതിന്യായ സംവിധാനവും നാട്ടിൽ നിലനിൽക്കുന്ന നിയമങ്ങളുമാണ്. ഇവിടെ, പ്രമേയാവതാരകൻ പരാമർശിക്കുന്ന വ്യക്തിക്കോ വ്യക്തികൾക്കോ എതിരെ ചില സുപ്രധാന നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നു. നിയമം അതിന്റെ വഴിക്കാണ് പോകേണ്ടത്. നിയമപരമായ നടപടികൾ സ്വാഭാവികമായും സ്വീകരിക്കും. അത് ആരുടേയും മുഖം നോക്കാതെ തന്നെ സ്വീകരിക്കും. അതിൽ ആർക്കും സംശയമോ ആശങ്കയോ വേണ്ടതില്ല.
ഇവിടെ പരാമർശിച്ച വിഷയത്തിൽ അതിവേഗത്തിൽ കാര്യക്ഷമമായി തന്നെ പൊലീസ് ഇടപെട്ടിട്ടുണ്ട്. നൂറു ശതമാനം നിയമപരമായി നടന്ന പൊലീസ് നടപടിയാണുണ്ടായത്.
ഗുണ്ടാത്തലവന്മാർക്ക് രക്ഷപ്പെടാൻ പഴുതൊരുക്കൽ ഞങ്ങളുടെ സംസ്കാരത്തിൽപ്പെട്ടതല്ല. അത്തരക്കാരെ ഞങ്ങൾക്ക് സംരക്ഷിക്കേണ്ട ആവശ്യമില്ല. ഒരു ഘട്ടത്തിലും അത്തരത്തിൽ ഒരു നടപടി എൽഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. അത്തരം കാര്യങ്ങളിൽ നിയമപരമായ നടപടിയെടുക്കാൻ പൊലീസിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. അതിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ സർക്കാർ ഇടപെടാറില്ല.
ക്രിമിനലുകളെന്നും കള്ളക്കടത്തുകാരെന്നും ക്വട്ടേഷൻകാരെന്നും വിശേഷിപ്പിക്കപ്പെട്ടവർ ഒരു പ്രത്യേക ഘട്ടത്തിൽ എങ്ങനെയാണ് നിങ്ങൾക്ക് പ്രിയങ്കരർ ആകുന്നത്? അവരുടെ വാക്കുകൾ വല്ലാതെ മഹത്വവൽക്കരിച്ച് അതിന്റെ പങ്ക് ചേർന്ന്, ചാരിനിന്ന് സർക്കാരിനെയും മറ്റും ആക്രമിക്കാനുള്ള വ്യഗ്രതയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
12.02.2018 ൽ കണ്ണൂരിൽ ഷുഹൈബ് കൊല്ലപ്പെട്ട സംഭവം സംബന്ധിച്ച് മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ ക്രൈം നം. 202/2018 ആയി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
പൊലീസ് നടത്തിയ അന്വേഷണം നിഷ്പക്ഷവും സ്വതന്ത്രവും നീതിയുക്തവുമാണ്. ഒരുലക്ഷത്തിലധികം ഫോൺകോളുകളുടെ വിശദാംശങ്ങൾ പരിശോധിച്ച് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റകൃത്യത്തിലെ പ്രതികളെയും ഗൂഢാലോചനയിൽ ഉൾപ്പെട്ട പ്രതികളെയും, പ്രതികൾക്കു സഹായം നൽകിയവരെയും പൊലീസ് പിടികൂടിയത്. കേസിലാകെ 17 പ്രതികളാണുള്ളത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ, ഗൂഢാലോചന ഉൾപ്പെടെയുള്ള ഐ.പി.സി 120(ബി) ബന്ധപ്പെട്ട വകുപ്പുകളും എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകളും ഇന്ത്യൻ ആംസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകളും അനുസരിച്ചുള്ള കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. പ്രസ്തുത കേസ് ബഹു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.
ഈ കേസിന്റെ അന്വേഷണ ഘട്ടത്തിൽ കേസിന്റെ അന്വേഷണം സി ബി ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട വ്യക്തിയുടെ മാതാപിതാക്കൾ ബഹു. ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് കേസ് അവർക്ക് അനുകൂലമായി 07.03.2018 ൽ ഉത്തരവായി.
കേരള പൊലീസ് നടത്തിയ അന്വേഷണം സ്വതന്ത്രവും ആത്മാർത്ഥവും നിഷ്പക്ഷവും നീതിയുക്തവുമാണെന്ന് ചൂണ്ടിക്കാണിച്ച് സർക്കാർ ഡിവിഷൻ ബഞ്ചിനെ സമീപിച്ചു.
സിബിഐക്ക് കൈമാറുന്നതിന് ആവശ്യമായ വസ്തുതകളൊന്നും കണക്കിലെടുത്തില്ല എന്ന് വിലയിരുത്തി സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു.
ആ അവസരത്തിൽ മാതാപിതാക്കൾ ബഹു. സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും കോടതി അനുകൂല നിലപാട് സ്വീകരിക്കാത്തതിനാൽ ഹർജി പിൻവലിക്കുകയാണുണ്ടായത്.
പൊലീസ് അന്വേഷണത്തിനായി 12 അംഗ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുകയും കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് മേൽനോട്ട ചുമതല നൽകുകയും ചെയ്തു.
സംഭവത്തിൽ നേരിട്ടു പങ്കെടുത്ത പ്രതികൾക്കു പുറമെ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടന്നതായി വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ ഗൂഢാലോചനയ്ക്കുള്ള വകുപ്പുകളും കൂട്ടിച്ചേർത്ത് അന്വേഷണം നടത്തുകയാണുണ്ടായത്. ഒന്നു മുതൽ 11 വരെയുള്ള പ്രതികൾക്കെതിരെയുള്ള അന്വേഷണം പൂർത്തിയാക്കി 14.05.2018 ൽ കുറ്റപത്രം സമർപ്പിച്ചു. 12 മുതൽ 17 വരെയുള്ള പ്രതികൾക്കെതിരെയുള്ള അന്വേഷണം പൂർത്തിയാക്കി 21.01.2019 ൽ കുറ്റപത്രം സമർപ്പിച്ചു.
കേസ് സി ബി ഐക്ക് കൈമാറണമെന്ന 07.03.2018ലെ സിംഗിൾ ബഞ്ച് വിധിക്കെതിരെ സർക്കാർ ഫയൽ ചെയ്ത അപ്പീൽ ബഹു. ഡിവിഷൻ ബഞ്ച് 02-08-2019ൽ അനുവദിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിലെ പോരായ്മ സംബന്ധിച്ച പരാതിയുമായി കേസന്വേഷണ ഘട്ടത്തിലോ, അന്തിമ റിപ്പോർട്ട് നൽകിയ അവസരത്തിലോ, ഹർജിക്കാർ മജിസ്ട്രേറ്റ് കോടതിയെയോ ഹൈക്കോടതിയെയോ സമീപിച്ചിരുന്നില്ല. അതോടൊപ്പം ''കേസന്വേഷണം സുതാര്യമല്ല'' എന്ന വാദം നിലനിൽക്കുന്നതല്ലായെന്നു കൂടി വിലയിരുത്തിയിരുന്നു.
ബഹു. ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിനെതിരെ ഹർജിക്കാർ ബഹു. സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യം നിഷ്പക്ഷവും നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം നടത്തി, ഗൂഢാലോചനയിൽ പങ്കെടുത്ത മുഴുവൻ പേരെയും അറസ്റ്റുചെയ്ത്, പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിഗണിക്കാതെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് പൊലീസിന് കഴിഞ്ഞിട്ടുണ്ട്. കേസിലെ ഒന്നു മുതൽ നാലുവരെ പ്രതികൾ ഒരു വർഷക്കാലത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്നവരാണ്. ബഹു. ഹൈക്കോടതി ഇവർക്ക് കർശന വ്യവസ്ഥകളോടെ 2019 ഏപ്രിലിലാണ് ജാമ്യം അനുവദിച്ചത്.
മേൽ കേസിലെ ജാമ്യവ്യവസ്ഥയിൽ 'കേസ് പരിഗണനയിലിരിക്കവെ മറ്റൊരു ക്രൈം കേസിൽ ഉൾപ്പെടാൻ പാടില്ല' എന്ന് നിഷ്ക്കർഷിച്ചിട്ടുണ്ട്. എന്നാൽ ഒന്നാം പ്രതി ജാമ്യവ്യവസ്ഥകൾ ലംഘിച്ച് മറ്റൊരു കേസിൽ പ്രതിയായതിനെ തുടർന്ന് ജാമ്യം റദ്ദുചെയ്യുന്നതിനായി പൊലീസ് 17.02.2023 ൽ കോടതിയെ സമീപിച്ചിട്ടുണ്ട്.
മേൽ കേസിന്റെ അന്വേഷണത്തിൽ ഏതെങ്കിലും തെളിവുകൾ സ്വീകരിച്ചില്ലെന്നോ, അന്വേഷണത്തിൽ പോരായ്മയുണ്ടെന്നോ ചൂണ്ടിക്കാട്ടി യാതൊരു പരാതിയും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായി റിപ്പോർട്ടില്ല. ബഹു. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ 02.08.2019 ലെ ഉത്തരവിൽ വ്യക്തമാക്കിയ കാര്യം ഇവിടെ ഏറെ പ്രസക്തമാണ്:
'The writ petitioners did not, at any stage of the said investigation, approach the Magistrate concerned for any direction under Section 156(3)........The said inaction of the writ petitioners impinges upon the bona fides of their claim that there was no fair investigation of the case.'
പ്രമേയത്തിൽ പരാമർശിച്ച വിഷയം നിലവിൽ ബഹു. സുപ്രീംകോടതിയുടെയും തലശ്ശേരി അഡീഷണൽ സെക്ഷൻസ് കോടതിയുടെയും പരിഗണനയിലിരിക്കുന്ന സംഗതിയാണ്. അക്കാരണത്താൽ ഇത് സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ടതില്ല.
ഇവിടെ ഒരു വലിയ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്. ദുരൂഹതകളുടെയും ഗൂഢാലോചനാസിദ്ധാന്തങ്ങളുടെയും ആ പുകമറ നീക്കിയാൽ ഇവിടെ അവതരിപ്പിച്ച പ്രമേയ നോട്ടീസിൽ കാതലായ ഒന്നും ഇല്ലെന്ന് വ്യക്തമാകും -മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ