- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുല്‍ മാങ്കൂട്ടത്തിലും യുആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു; സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലും; നിയമസഭ ഹാളില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍
രാഹുല്‍ മാങ്കൂട്ടത്തിലും യുആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ വിജയിച്ച യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്റെ യുആര്‍ പ്രദീപ് എന്നിവരാണ് എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ.
തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ. ആദ്യമായാണാണ് രാഹുല്‍ എംഎല്‍എയാകുന്നത്. രണ്ടാം തവണയാണ് യുആര്‍ പ്രദീപ് എംഎല്‍എയാകുന്നത്. നിയമസഭ ഹാളില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും അടക്കമുള്ള നേതാക്കള്‍ സംബന്ധിച്ചു.
രാഹുലിന്റേയും പ്രദീപിന്റേയും കുടുംബവും ചടങ്ങില്‍ പങ്കെടുത്തു. യു ആര്‍ പ്രദീപ് രണ്ടാം തവണയാണ് നിയമസഭയിലേക്ക് എത്തുന്നത്. 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 64,259 വോട്ടുകളാണ് യു ആര്‍ പ്രദീപിന് ലഭിച്ചത്. 2016 ലായിരുന്നു ആദ്യ വിജയം.
രാഹുലിന്റേത് കന്നി അങ്കമാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ വിജയം. 18724 വോട്ടുകള്‍ക്കാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത്. ബിജെപിയുടെ സി. കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്തെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്‍ മൂന്നാമതാണ്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും വ്യക്തമായ ആധിപത്യം നേടിയാണ് രാഹുല്‍ മുന്നേറിയത്.
ചേലക്കരയില്‍ എംഎല്‍എ കെ രാധാകൃഷ്ണനും പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെയാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തിയത്.