- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ എത്തി; പാലക്കാട് എംഎല്‍എ കവാടം കടന്നത് സുഹൃത്തുക്കളുമൊത്ത് കാറില്‍; പ്രതിപക്ഷ നേതാവിന്റെ അന്ത്യശാസനങ്ങള്‍ തള്ളിയത് എ ഗ്രൂപ്പിന്റെ കൂടി പിന്തുണയില്‍; പതിനഞ്ചാം കേരള നിയമസഭയുടെ 14-ാം സമ്മേളനത്തില്‍ മാങ്കൂട്ടത്തില്‍ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ എതിര്‍പ്പ് മറികടന്നാണ് ഇത്. രാവിലെ 9.20ഓടെയാണ് രാഹുല്‍ എത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറിലാണ് വന്നത്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് രാഹുല്‍ സഭയില്‍ വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വരവ്. പതിനഞ്ചാം കേരള നിയമസഭയുടെ 14-ാം സമ്മേളനത്തില്‍ മാങ്കൂട്ടത്തില്‍ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ്. പ്രത്യേക ബ്ലോക്കില്‍ ഇരുന്ന് രാഹുല്‍ സ്വതന്ത്ര പരിവേഷത്തിലാണ് സഭാ നടപടികളില്‍ പങ്കെടുക്കുന്നത്. ലൈംഗീകാരോപണം ഉയര്‍ന്ന ശേഷം ആദ്യമായാണ് പാലക്കാട്ടെ എംഎല്‍എ പൊതു വേദിയില്‍ എത്തുന്നത്.
രാഹുല്‍ നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് രാഹുല്‍ നിയമസഭയില്‍ എത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. നിയമസഭയിലേക്ക് പോകുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ നേരത്തെ അറിയിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാസമ്മേളനത്തിന് എത്തിയാല്‍ പ്രത്യേക ബ്ലോക്കില്‍ ഇരുത്തുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ സസ്പെന്‍ഡ് ചെയ്തതായും പ്രതിപക്ഷ ബ്ലോക്കില്‍ നിന്ന് മാറ്റിയിരുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷനേതാവിന്റെ കത്ത് കിട്ടിയ സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതിപക്ഷ നിരയിലെ അവസാന സീറ്റിലാണ് രാഹുല്‍ നിയമസഭയില്‍ ഇരിക്കുന്നത്. സുഹൃത്തിന്റെ വാഹനത്തിലാണ് രാഹുല്‍ എത്തിയത്. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിക്കുന്ന വേളയിലാണ് രാഹുല്‍ സഭയിലേക്കെത്തിയത്. ഈ ഘട്ടത്തില്‍ ഭരണപക്ഷത്ത് നിന്ന് പ്രതികരങ്ങളൊന്നും ഉണ്ടായിട്ടില്ല. പ്രതിപക്ഷവും രാഹുലിനെ മൈന്‍ഡ് ചെയ്തില്ല. ഒരു പ്രശ്‌നവുമില്ലാതെ അവസാന സീറ്റില്‍ രാഹുല്‍ ഇരുന്നു. ആരോപണങ്ങള്‍ക്കുശേഷം അടൂരിലെ വീട്ടിലായിരുന്നു രാഹുല്‍. പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. മണ്ഡലവും സന്ദര്‍ശിച്ചിട്ടില്ല. രാഹുലിനെതിരെയുള്ള ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവച്ചിരുന്നു.
നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കമാകുമെങ്കിലും മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി.പി.തങ്കച്ചന്‍, പീരുമേട് നിയമസഭാംഗമായ വാഴൂര്‍ സോമന്‍ എന്നിവര്‍ക്കുള്ള ചരമോപചാരം മാത്രമാണ് ഇന്നത്തെ നടപടി. ഇന്നു മുതല്‍ 19 വരെ, 29, 30, ഒക്ടോബര്‍ 6 മുതല്‍ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക. വെറും 12 ദിവസത്തേക്കാണ് ഇത്തവണ നിയമസഭ ചേരുന്നതെങ്കിലും അതിലേറെ ദിവസങ്ങള്‍ കത്തിക്കാനുള്ള വിഷയങ്ങളുമായാണു പ്രതിപക്ഷവും ഭരണപക്ഷവും ഇന്നുമുതല്‍ സഭയിലെത്തുന്നത്.
ലൈംഗികാരോപണങ്ങളില്‍പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ഭരണപക്ഷം ഉയര്‍ത്തും. പൊലീസ് വേട്ടയുടെ കഥകളാണു പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. ആകെ 13 ബില്ലുകളാണ് സഭയുടെ പരിഗണനയ്‌ക്കെത്തുക.