തിരുവനന്തപുരം: നിയമസഭയില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഉജ്വലവിജയത്തിന്റെ തിളക്കം പ്രതിപക്ഷത്തിന് കിട്ടുമോ നിലമ്പൂരില്‍നിന്ന് ആര്യാടന്‍ ഷൗക്കത്ത് പുതുമുഖമായി വരുമ്പോള്‍ വാഴൂര്‍ സോമന്റെ അഭാവം പതിനഞ്ചാം നിയമസഭയുടെ പതിനാലാം സമ്മേളനത്തിന്റെ വേദനയായിരിക്കും. ഇതിനൊപ്പം രാഹുല്‍ മാങ്കൂട്ടത്തില്‍ ഈ സമ്മേളനത്തില്‍ സ്വതന്ത്രനാണ്. പീഡനാരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് മാങ്കൂട്ടത്തിലിനെ സസ്‌പെന്റ് ചെയ്തു. ഈ സാഹചര്യത്തിലാണ് രാഹുല്‍ സ്വതന്ത്രനാകുന്നത്. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ എത്തില്ല. തല്‍കാലം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നതൊന്നും ചെയ്യേണ്ടതില്ലെന്ന ഉപദേശം രാഹുലിന് കിട്ടിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം സജീവമാക്കുന്നതൊന്നും ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. ഒറ്റക്കെട്ടായി ഭരണ പക്ഷത്തെ നേരിടാന്‍ വേണ്ടി കൂടിയാണ് ഈ ഉപദേശം കോണ്‍ഗ്രസില്‍ നിന്നും മാങ്കൂട്ടത്തിലിന് കിട്ടിയത്.

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്പു നടക്കുന്ന അവസാന നിയമസഭാ സമ്മേളനമാണിത്. സ്വാഭാവികമായും നിയമസഭയിലും തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കങ്ങളായിരിക്കും ഇരുമുന്നണികളും നടത്തുക. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പായി ഇനി അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഒരു സമ്മേളനംകൂടി മാത്രമേ ഉണ്ടാകൂ. അത് ഇടക്കാല ബജറ്റ് സമ്മേളനമായിരിക്കും. പോലീസ് അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഗുരുതര വിഷയങ്ങളുമായി നിയമസഭാ സമ്മേളനത്തെ ഇളക്കിമറിക്കാനാണ് പ്രതിപക്ഷ തീരുമാനം. ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മേളനത്തിനെത്തിയാല്‍ ഭരണപക്ഷം അത് ഉയര്‍ത്തിക്കാട്ടി സഭയിലെ ചര്‍ച്ച ആ വഴിക്കു തിരിച്ചുവിടും. പോലീസ് അതിക്രമങ്ങള്‍ അടക്കം ഉയര്‍ത്തുന്നതില്‍ പ്രതിപക്ഷത്തിന് അത് പ്രതിസന്ധിയാകും.

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം രാജ്യവ്യാപമാക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ജനുവരി ഒന്നിനകം പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. കേരളത്തില്‍ എസ്.ഐ.ആറിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രഖ്യാപിച്ചു. സിപിഎമ്മും ഈ നിലപാടിലാണ്. ബിഹാറില്‍ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലും വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് നേരത്തെതന്നെ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. കഴിഞ്ഞ ജൂണ്‍ 24ന് കമ്മിഷന്‍ സംസ്ഥാനങ്ങളില്‍ എസ്.ഐ.ആറിന് ഉത്തരവിട്ടിരുന്നു. എസ്.ഐ.ആറിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ നിര്‍ദേശിച്ച് ജൂലൈ അഞ്ചിന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് കത്തും നല്‍കി. ഈ വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്. വോട്ടര്‍പട്ടികയിലെ തീവ്ര പരിഷ്‌കരണത്തിനെതിരെ പ്രമേയം നിയമസഭ പാസാക്കാനും സാധ്യത ഏറെയാണ്.

തുടര്‍ച്ചയായി പുറത്തു വന്നുകൊണ്ടിരിക്കുന്ന പോലീസ് അതിക്രമങ്ങള്‍ സഭയെ പ്രക്ഷുബ്ധമാക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത്. ആഭ്യന്തരവകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിക്കൂട്ടിലാകും. ഇതിന് മുഖ്യമന്ത്രി എന്ത് മറുപടി നല്‍കുമെന്നതും നിര്‍ണ്ണായകമാണ്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനു നേരേ ഉണ്ടായ പോലീസ് മര്‍ദനം നിയമസഭയില്‍ പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. സുജിത്തിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പോലീസ് അതിക്രമത്തിന്റെ നിരവധിയായ സംഭവങ്ങളാണു വെളിച്ചത്തു വന്നുകൊണ്ടിരിക്കുന്നത്. 'ഒറ്റപ്പെട്ട സംഭവം' എന്ന ഒഴുക്കന്‍ വിശദീകരണം പ്രതിപക്ഷം അംഗീകരിക്കില്ല. വടക്കാഞ്ചേരിയില്‍ കെഎസ്യു നേതാക്കളെ കറുത്ത തുണി മുഖത്തണിയിച്ചും കൈയാമം വച്ചും കോടതിയിലും ജയിലിലും കൊണ്ടുപോയ സംഭവവും ചര്‍ച്ചയാകും.

അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമവുമൊക്കെ വിഷയങ്ങളായി സഭയില്‍ ഉയര്‍ന്നുവരും. അനര്‍ട്ടിലെ അഴിമതി ആരോപണവും രമേശ് ചെന്നിത്തല ഉയര്‍ത്തും. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി.പി. ശരത് പ്രസാദിന്റേതായി പുറത്തുവന്ന ശബ്ദരേഖ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതിനെല്ലാം ഭരണപക്ഷം മറുപടി പറയേണ്ടി വരും. വാഴൂര്‍ സോമന്റേത് നെഞ്ചു പൊട്ടി മരണമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. മലയോര ജനതയ്ക്ക് വേണ്ടിയായിരുന്നു ആ മരണമെന്ന വാദവും എത്തി. ഇതും പ്രതിപക്ഷം ഈ സഭയില്‍ ചര്‍ച്ചാ വിഷയമാക്കും.