തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കു ശിക്ഷ ഇളവു നൽകാനുള്ള നീക്കവുമായി ബന്ധപ്പെട്ട് കെ.കെ.രമ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയത് പരിശോധനയ്ക്ക് ശേഷമെന്ന് സ്പീക്കർ എ എൻ ഷംസീർ. വിശദമായി പരിശോധിച്ചതിനു ശേഷമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് തള്ളിയത്.

ചെയറിന്റെ ന്യായമായ അവകാശങ്ങളെ അധിക്ഷേപിക്കുകയും സഭാസമ്മേളനം തടസ്സപ്പെടുത്തുകയും വാർത്താസമ്മേളനം നടത്തി ആക്ഷേപങ്ങൾ ആവർത്തിക്കുകയും ചെയ്തത് അങ്ങേയറ്റം ഖേദകരമായ ഒരു നടപടിയാണ്. പ്രതിപക്ഷ നേതാവ് ഇക്കാര്യം വേണ്ടത്ര ഗൗരവപൂർവ്വം കൈകാര്യം ചെയ്തില്ല എന്ന വസ്തുത തന്നെ ഏറെ വേദനിപ്പിച്ചു. സ്പീക്കറുടെ നടപടിയിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നൽകിയ കത്തിനുള്ള മറുപടിയിലാണ് സ്പീക്കർ ഇക്കാര്യം വ്യക്തമാക്കിയത്.

സ്പീക്കറുടെ മറുപടി :

സഭയിൽ ചട്ടം 50 പ്രകാരം ഒരു നോട്ടിസ് ലഭിച്ചു കഴിഞ്ഞാൽ അതോടൊപ്പം ചേർത്തിട്ടുള്ള വിശദീകരണ പത്രിക സൂക്ഷ്മ പരിശോധന നടത്തുകയും കാര്യങ്ങളുടെ നിജസ്ഥിതി ലഭ്യമായ രേഖകളുടേയും പത്രവാർത്തകളുടെയും മറ്റനുബന്ധ കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ സൂക്ഷ്മപരിശോധന നടത്തുകയും ചെയ്തതിനു ശേഷമാണ് നോട്ടിസ് സഭയിൽ ഉന്നയിക്കുന്നതിന് യോഗ്യമാണോ എന്നു തീരുമാനിക്കുന്നത്. ഇക്കാര്യത്തിൽ പൂർവ്വികരായ സ്പീക്കർമാർ സ്വീകരിച്ചു വന്നിരുന്ന രീതിയാണ് സ്പീക്കർ എന്ന നിലയിൽ കൈക്കൊണ്ടിട്ടുള്ളത്.

ലഭ്യമായ നോട്ടിസിൽ ആരോപിച്ചിരുന്നതുപോലെ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് മാത്രമായി ശിക്ഷാ ഇളവ് നൽകാൻ നീക്കം നടത്തിയത് സംബന്ധിച്ച യാതൊരു രേഖയും ഇതിനകം പുറത്തുവന്നിരുന്നില്ല. എന്നാൽ 'ആസാദി കാ അമൃത് മഹോത്സവി'ന്റെയും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെയും ഭാഗമായി ശിക്ഷാ ഇളവ് നൽകാനായി തയാറാക്കിയിട്ടുള്ള ലിസ്റ്റിൽ ഇതര കേസുകളിലെ തടവുകാരുടെ പേരുകൾക്കൊപ്പം ടി.പി.ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട തടവുകാരുടെ പേരുകൾ കൂടി ഉൾപ്പെട്ടതാണെന്നും അക്കാര്യത്തിൽ വിശദമായ പരിശോധനകൾക്കു ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നുമുള്ള സർക്കാർ വിശദീകരണം ഇതു സംബന്ധിച്ച വിവാദം സഭയ്ക്ക് പുറത്ത് ഉയർന്നു വന്നപ്പോൾത്തന്നെ പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. മേൽപ്പറഞ്ഞ സാഹചര്യങ്ങൾ കൂടി പരിഗണനയിലെടുത്തും നിലവിൽ അത്തരത്തിലുള്ള സാഹചര്യം നിലനിൽക്കുന്നില്ല എന്ന കണ്ടതിന്റെയും പശ്ചാത്തലത്തിലുമാണ് നോട്ടിസിലുടെ ഉന്നയിച്ചിരിക്കുന്ന കാര്യം ഒരു അഭ്യൂഹമോ ആരോപണമോ ആകാമെന്ന നിലയിൽ ചട്ടം 52 (വി) പ്രകാരം നിരാകരിച്ചത്.

ഇക്കാര്യത്തിൽ സർക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള വിശദീകരണത്തിന്റെ അടിസ്ഥാനത്തിലല്ലാതെ തന്നെ ഒരു തീരുമാനമെടുക്കാനുള്ള സ്പഷ്ടമായ വസ്തുതകളും രേഖകളും സ്പീക്കറുടെ മുൻപാകെ ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിപാണ് അപ്രകാരം തീരുമാനിച്ചത്. എന്നിരുന്നാലും വിഷയം സബ്മിഷനായി ഉന്നയിക്കാൻ അനുമതി നൽകാമെന്ന് അപ്പോൾത്തന്നെ അറിയിച്ചിരുന്നതുമാണ്. തുടർന്ന് ഇന്ന് ഇതേ വിഷയം ചട്ടം 304 പ്രകാരം സബ്മിഷനായി അനുവദിച്ചിരുന്നു. ഇക്കാര്യത്തിൽ മറ്റൊരു താൽപര്യങ്ങളും സഭാധ്യക്ഷനെന്ന നിലയിൽ എന്നെ സ്വാധീനിച്ചിട്ടില്ല.

എന്നാൽ, സഭാതലത്തിൽ സ്പീക്കർ എടുക്കുന്ന തീരുമാനത്തെ സംബന്ധിച്ചോ നൽകുന്ന ഒരു റൂളിങ്ങിനെ സംബന്ധിച്ചോ ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പോ പ്രതിഷേധമോ അഭിപ്രായ വ്യത്യാസമോ ഉണ്ടാകുന്നപക്ഷം ബന്ധപ്പെട്ട കക്ഷിനേതാക്കൾ സഭാധ്യക്ഷന്റെ ചേംബറിൽ എത്തി ആയത് രേഖപ്പെടുത്തുന്നതാണ് അംഗീകരിക്കപ്പെട്ട ഉന്നതമായ പാർലമെന്ററി മാതൃക. അന്നേ ദിവസം അത്തരം അംഗീകൃത രീതികളിൽനിന്നും വ്യതിചലിച്ചുകൊണ്ട് സഭാതലത്തിൽ തന്നെ അധ്യക്ഷന്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയറിനെതിരെ ആശാസ്യമല്ലാത്ത തരത്തിലുള്ള മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു.

ചെയറിന്റെ ന്യായമായ അവകാശങ്ങളെ അധിക്ഷേപിക്കുകയും സഭാസമ്മേളനം തടസ്സപ്പെടുത്തുകയും വാർത്താസമ്മേളനം നടത്തി ആക്ഷേപങ്ങൾ ആവർത്തിക്കുകയും ചെയ്തത് അങ്ങേയറ്റം ഖേദകരമായ ഒരു നടപടിയാണെന്നത് ശ്രദ്ധയിൽപ്പെടുത്തുന്നു. ഉന്നതമായ പാർലമെന്ററി മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി നിരന്തരം പരിശ്രമിക്കുകയും പ്രസ്താവനകൾ നടത്തുകയും നല്ല മാതൃകകൾക്കായി പുതിയ അംഗങ്ങൾക്ക് സ്റ്റഡി ക്ലാസ്സുകളും പ്രചോദനവും നൽകുന്ന അങ്ങ് ഇക്കാര്യം വേണ്ടത്ര ഗൗരവപൂർവ്വം കൈകാര്യം ചെയ്തില്ല എന്ന വസ്തുത എന്നെ ഏറെ വേദനിപ്പിച്ചു എന്ന കാര്യം കൂടി അറിയിക്കുന്നു.