തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് രൂപവത്കരിച്ച പരാതി പരിഹാരസെല്ലിന്റെ ചുമതല നല്‍കിയതിനെ വിമര്‍ശിച്ച് വി.ടി. ബല്‍റാം. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. പല കാരണങ്ങള്‍ കൊണ്ട് സ്ഥിരം വിവാദനായകനായ ഒരാളെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട ഒരു പ്രധാന ചുമതല നല്‍കിയത് ഉചിതമാണോ എന്ന് മുഖ്യമന്ത്രി വിലയിരുത്തണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഞായറാഴ്ചയാണ് ധനവകുപ്പ് ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാനാണ് താത്ക്കാലിക സമിതി രൂപീകരിച്ചത്. ഇതിനായി മൊബൈല്‍ നമ്പരും ഈ മെയില്‍ വിലാസവും പുറത്തിറക്കി.

എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. പല കാരണങ്ങള്‍ കൊണ്ട് സ്ഥിരം വിവാദനായകനായ, ഒരുപാടാളുകള്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെട്ട ഒരുദ്യോഗസ്ഥന് ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഒരു പ്രധാന ചുമതല നല്‍കിയത് ഉചിതമാണോ എന്ന് മുഖ്യമന്ത്രി തന്നെ വിലയിരുത്തണം.