ന്യൂഡല്‍ഹി: ബിഹാറിന് പ്രത്യേക പദവി ന്ല്‍കണമെന്ന എന്‍ഡിഎ മുഖ്യസഖ്യകക്ഷിയായ ജെഡിയുവിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ബിഹാറില്‍ നിന്നുള്ള ജെഡിയു എംപിയായ രാംപ്രിത് മണ്ഡലിന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

' മുമ്പ് ദേശീയ വികസന സമിതി പ്രത്യേക പരിഗണന ആവശ്യമുള്ള ചില സംസ്ഥാനങ്ങള്‍ക്ക് പദ്ധതി സഹായത്തിനായി പ്രത്യേക പദവി അനുവദിച്ചിരുന്നു. ദുര്‍ഘടമായ മലമ്പ്രദേശം, ജനസാന്ദ്രത കുറവ് അതല്ലെങ്കില്‍ ആദിവാസി ജനസംഖ്യയുടെ ആധിക്യം, അയല്‍ രാജ്യങ്ങളുമായി തന്ത്രപ്രധാന അതിര്‍ത്തി പങ്കിടുന്ന മേഖലകള്‍, സാമ്പത്തികവും, അടിസ്ഥാനപരവുമായ പിന്നോക്കാവസ്ഥ, സംസ്ഥാനത്തിന്റെ ധനകാര്യ പിന്നോക്കാവസ്ഥ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് പ്രത്യേക പദവി നല്‍കുന്നത് എന്ന് പങ്കജ് ചൗധരിയുടെ മറുപടിയില്‍ പറയുന്നു,

1969 ല്‍ അഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ഏതെങ്കിലും സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന സമ്പ്രദായം വന്നത്. ജമ്മു-കശ്മീര്‍, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഉത്തരാഖണ്ഡ് എന്നിവയ്ക്കാണ് ഇതുവരെ പ്രത്യേക പദവി നല്‍കിയത്. നികുതിയില്‍ ഇളവ്, കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ ഫണ്ട് തുടങ്ങിയവയാണ് പ്രത്യേക പദവിയിലൂടെ സംസ്ഥാനം കാംക്ഷിക്കുന്നകത്.

ബിഹാറിന് പ്രത്യേക പദവി വേണമെന്ന് ദീര്‍ഘകാലമായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ ആവശ്യപ്പെടുകയാണ്. ഞായറാഴ്ച പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന വിവിധ പാര്‍ട്ടികളുടെ യോഗത്തിലും ജെ.ഡി.യു ഈ ആവശ്യം ആവര്‍ത്തിച്ചിരുന്നു. ബിഹാര്‍, ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി വേണമെന്ന് ജെ.ഡി.യു, വൈ.എസ്.ആര്‍.സി.പി, ബി.ജെ.ഡി പാര്‍ട്ടികളും ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു.

ബിഹാറിന് പ്രത്യേക പദവിയാവശ്യപ്പെട്ട് എന്‍.ഡി.എ പ്രമേയം പാസാക്കിയിരുന്നു. ആന്ധ്ര പ്രദേശിലെ നേതാക്കളും സമാന ആവശ്യം ഉന്നയിച്ചിരുന്നു. പ്രത്യേക പദവി അനുവദിക്കുന്നതില്‍ പ്രശ്‌നം ഉണ്ടെങ്കില്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ജെഡിയു എംപി സഞ്ജയ് കുമാര്‍ ത്ധാ പറഞ്ഞു.

അതേസമയം, പ്രതിപക്ഷമായ ആര്‍ജെഡി ജെഡിയുവിന് എതിരെ രംഗത്തെത്തി. നിതീഷ് കുമാറും ജെഡിയു നേതാക്കളും കേന്ദ്രത്തില്‍ സമ്പൂര്‍ണ അധികാരം കയ്യാളുകളുകയും പ്രത്യേക പദവിക്ക് വേണ്ടി രാഷ്ട്രീയ നാടകം കളിക്കുകയുമാണെന്ന് ആര്‍ജെഡി കുറ്റപ്പെടുത്തി.
.