കോഴിക്കോട്: കൂടോത്ര വിവാദത്തില്‍ നേതാക്കന്മാര്‍ക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്ത് എത്തിയതിന് പിന്നാലെ വെളിപ്പെടുത്തലുമായി കൂടോത്രം പുറത്തെടുത്ത തന്ത്രി. കെ സുധാകരന്‍ മുഖ്യമന്ത്രിയാകുന്നത് തടയാനാണ് കൂടോത്രം നടത്തിയതെന്ന് അവ പുറത്തെടുത്ത തന്ത്രി ടെലിവിവിഷന്‍ ചാനലിനോട് പറഞ്ഞു. സുധാകരന്റെ ബന്ധുക്കളാണ് തന്നെ സമീപിച്ചതെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും തന്ത്രി പറഞ്ഞു.

'അദ്ദേഹത്തോട് അടുത്ത രാഷ്ട്രീയനേതാക്കന്മാര്‍ക്കെല്ലാം അറിയാം അടുത്ത ഇലക്ഷനില്‍ ജയിച്ചാല്‍ അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന്. അതുകൊണ്ട് സുധാകരനെ ശാരീരികമായി തളര്‍ത്തിയാല്‍ അത് ഒരു നേട്ടമാകുമല്ലോ. നിരന്തരം ശാരീരിക അസ്വാസ്ഥ്യം ഉണ്ടായപ്പോള്‍ സുധാകരന്‍ താന്ത്രിക പരിഹാരം ചെയ്യുകയായിരുന്നു', തന്ത്രി വെളിപ്പെടുത്തി. സുധാകരന് ശത്രുക്കള്‍ പാര്‍ട്ടിയുടെ അകത്തും പുറത്തുമുണ്ടല്ലോ എന്ന് പറഞ്ഞ തന്ത്രി കെ സുധാകരന്‍ നേരിട്ടല്ല, ബന്ധുക്കളാണ് തന്നെ സമീപിച്ചതെന്നും ഇത്തരം ഘട്ടങ്ങളില്‍ ആത്മീയ പരിഹാരം തേടുന്നത് സ്വാഭാവികമെന്നും അദ്ദേഹം പറഞ്ഞു.

കെ സുധാകരന്റെ വീട്ടിലേയും ഓഫീസിലെയും കൂടോത്ര പ്രയോഗം വലിയ ചര്‍ച്ചയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി കോടിയാട്ടാണ് വിമര്‍ശനം ഉന്നയിച്ചത്. പണി എടുക്കാതെ കൂടോത്രം ചെയ്താല്‍ പാര്‍ട്ടി ഉണ്ടാകില്ല. സയന്റിഫിക്ക് ടെമ്പര്‍ എന്ന വാക്കും ആശയവും ഈ രാജ്യത്തിന് നല്‍കിയ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പാര്‍ട്ടിയിലെ പിന്മുറക്കാര്‍ ആണ് നിങ്ങള്‍ എന്ന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ തിരിച്ചറിയണം. കൂടോത്രം സ്ഥിരവരുമാനം ആക്കിയവരും, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കൂടോത്രം വച്ച് പാര്‍ട്ടിയിയെയും നേതാക്കന്മാരെയും തകര്‍ക്കാം എന്ന് വിചാരിക്കുന്നവരും പാര്‍ട്ടിക്ക് നാണക്കേടാണ്-അബിന്‍ വര്‍ക്കി പറഞ്ഞു.

കൂടോത്രം വെക്കാന്‍ വേണ്ടി എടുക്കുന്ന പണിയുടെ പകുതി പണി ഉണ്ടെങ്കില്‍ ഇവര്‍ക്കൊക്കെ നേതാക്കന്മാര്‍ ആകാം എന്നും യൂത്ത് കോണ്‍ഗ്രസ് പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നിയോജകമണ്ഡലം തലത്തില്‍ നടത്തി വരുന്ന 'യങ്ങ് ഇന്ത്യ ' ബൂത്ത് ലീഡേഴ്‌സ് മീറ്റിന്റെ കുറ്റ്യാടിയിലെ പരിപാടിയിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി കൂടോത്രക്കാര്‍ക്ക് എതിരെ ആഞ്ഞടിച്ചത്.

കെ.സുധാകരന്റെ തിരുവനന്തപുരത്തെ പേട്ടയിലെ വീട്ടില്‍നിന്നും കെപിസിസി ഓഫിസിലെ മുറിയില്‍ നിന്നും കൂടോത്ര സാമഗ്രികള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ സുധാകരന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നിന്നും കൂടോത്ര സാമഗ്രികള്‍ പൊക്കി. കണ്ണൂര്‍ ഡിസിസി ഓഫിസ്, കണ്ണൂരിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ എന്നിവിടങ്ങളിലും ഇതാവര്‍ത്തിച്ചു. സുധാകരനു വേണ്ടി തിരഞ്ഞെടുപ്പില്‍ കെട്ടിയ ഒരു കോണ്‍ഗ്രസ് പതാകയ്ക്കുള്ളില്‍ നിന്നും തകിട് കണ്ടെടുത്തിരുന്നു.

അടുത്തിടെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട ബാലകൃഷ്ണന്‍ പെരിയയുടെ വീട്ടില്‍ നിന്നും കൂടോത്ര സാമഗ്രികള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതും ബാലകൃഷ്ണന്‍ സമ്മതിച്ചു. ഇതെല്ലാം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് ആഘോഷമാക്കി. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനം.