- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂര്‍ ജില്ലയിലെ ഉപതിരഞ്ഞെടുപ്പ്: മൂന്നിടങ്ങളിലും സീറ്റു നിലനിര്‍ത്തി ആശ്വാസവിജയം നേടി എല്‍ ഡി എഫ്
കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു ശേഷം പാര്‍ട്ടികോട്ടയായ കണ്ണൂര്‍ ജില്ലയിലെ മൂന്നിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി ആശ്വാസവിജയം നേടി. തലശേരി നഗരസഭയിലെ പതിനെട്ടാംവാര്ഡായ പെരിങ്കളത്ത് എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി സുധീശന്‍ 237-വോട്ടുകള്‍ക്കും കാങ്കോല്‍ -ആലപ്പടമ്പ് പഞ്ചായത്തിലെ ഏഴാംവാര്‍ഡായ ആലക്കാട് എല്‍.ഡി. എഫിലെ എം. ലീല 188-വോട്ടുഭൂരിപക്ഷത്തിനും പടിയൂര്‍-കല്യാട് പഞ്ചായത്തിലെ മണ്ണേരി വാര്‍ഡില്‍ എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി കെ.വി സവിത 86 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്.
ഇടതു കോട്ടകളിലൊന്നായ പെരിങ്കളത്ത് 508 വോട്ടുകളാണ് എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി സുധീശന്‍ നേടിയത്. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ പങ്കജാക്ഷന് 271 വോട്ടും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്തോഷ് 94 ഉം വോട്ട് നേടി. 76.38 ശതമാനമായിരുന്നു പോളിങ്.
കുട്ടിമാക്കൂല്‍ ശ്രീനാരായണ നഴ്സറി സ്കൂളില്‍ നടന്ന വോട്ടെടുപ്പില്‍ 873 പേര് വോട്ട് ചെയ്തു. 457 സ്ത്രീകളും 416 പുരുഷന്മാരുമടക്കം 1143 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. നേരത്തെ വൈസ് ചെയര്‍മാനായിരുന്ന വാഴയില്‍ ശശി മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപ തിരഞ്ഞെടുപ്പ് നടന്നത്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്, തലശേരി ഏരിയാസെക്രട്ടറി എം.സി രമേശന് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റ് പ്രകടനം നടത്തി.
കാങ്കോല്‍ - ആലപ്പടമ്പ് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ആലക്കാട് വാര്‍ഡ് സിറ്റിങ് സീറ്റാണ് എല്‍ഡിഎഫ് നിലനിര്‍ത്തിയത്. സിപിഎമ്മിലെ എം.ലീലയാണ് 188 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.ഈ വാര്‍ഡില്‍ മുന്‍ അംഗം സിപിഎമ്മിലെ കെ.വി.ചന്ദ്രികയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ കെ.രജനി, എന്‍ഡിഎയിലെ എ.ജയന്തി ടീച്ചര്‍ എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു.. ആകെയുള്ള 976 വോട്ടര്‍മാരില്‍ 824 പേരാണ് ഇക്കുറി വോട്ടുചെയ്തത്. ഇതില്‍ സിപിഎമ്മിന് 484 വോട്ട് ലഭിച്ചപ്പോള്‍ എന്‍ഡിഎക്ക് 296 വോട്ടും കോണ്‍ഗ്രസിന് 44 വോട്ടുമാണ് ലഭിച്ചത്.
എല്‍.ഡി. എഫ് സിറ്റിങ് സീറ്റായ പടിയൂര്‍-കല്യാട് പഞ്ചായത്തിലെ എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി കെ.വി സവിത 527-വോട്ടുകളാണ് നേടിയത്. യു.ഡി. എഫ് 441-വോട്ടും 38 വോട്ടും ബി.ജെ.പി നേടിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി. എം പാര്‍ട്ടിഗ്രാമമായ മണ്ണൂര്‍ വാര്‍ഡില്‍ യു.ഡി. എഫ് നൂറ്റിമൂന്ന് വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. യു.ഡി. എഫ് 430-വോട്ടുകളാണ് നേടിയത്. ഇവിടെയാണ് സിറ്റിങ് സീറ്റു നിലനിര്‍ത്തി എല്‍. ഡി. എഫ് ആശ്വാസവിജയം നേടിയത്.സി.,പി. എം ജില്ലാസെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥന്റെ നേതൃത്വത്തില്‍ വിജയിച്ച എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി കെ.വി സവിതയെയും ആനയിച്ചു പ്രകടനം നടത്തി. ലോകസഭ തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും തിരിച്ചടി നേരിട്ട സി.പി. എമ്മിന് തെറ്റുതിരുത്തല്‍ കാലത്ത് ലഭിച്ച ആശ്വാസവിജയമാണ് കണ്ണൂരിലെ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തിക്കൊണ്ടു നേടിയത്.