- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും അനാവശ്യ നടപടി എന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്; നിയമയുദ്ധമെന്ന് എം വി ഗോവിന്ദന്‍
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരില്‍ ഇഡി പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും സ്ഥിരീകരിച്ച് സി പി എം. പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി ഓഫീസിനായി വാങ്ങിയ 4.66 സെന്റ് സ്ഥലവും വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ട് സ്ഥിര നിക്ഷേപങ്ങളും മരവിപ്പിച്ചെന്ന് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താ കുറിപ്പില്‍ സമ്മതിച്ചു. ഇ.ഡി നടപടിയില്‍ ഇതാദ്യമായാണ് സി പി എം പ്രതികരണം വരുന്നത്. കാര്യങ്ങള്‍ അറിയില്ലെന്നായിരുന്നു നേരത്തെ ജില്ലാ സെക്രട്ടറി പ്രതികരിച്ചിരുന്നത്.
ഇ.ഡി നടപടിയെ നിയമപരമായി നേരിടുമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയത്. കേന്ദ്ര ഏജന്‍സികളെ ബി ജെ പി ദുരുപയോഗം ചെയ്യുകയാണ്. ക്രമക്കേട് നടത്തിയ ചിലരെ മാപ്പുസാക്ഷിയാക്കി അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സി പി എം വിരുദ്ധ രാഷ്ട്രീയം കളിക്കുകയാണ്. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
സി പി എമ്മിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചും നാല് സെന്റ് സ്ഥലം കണ്ടുകെട്ടിയത് അനാവശ്യ നടപടിയാണ്. ഇലക്ടറല്‍ ബോണ്ടിനെതിരെ ശക്തമായ നിലപാടെടുത്തതുകൊണ്ടാണ് സി.പി.എമ്മിനെ വേട്ടയാടുന്നത്. കൊടകര കുഴല്‍പ്പണക്കേസും കൊടുങ്ങല്ലൂരിലെ കള്ളനോട്ടടിയുമൊന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാന്‍ തയാറാകുന്നില്ല. രണ്ടു കേസിലും സംസ്ഥാന പൊലീസ് ഔദ്യോഗികമായി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികള്‍ ബി ജെ പിക്കാര്‍ ആയതുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ ഈ കേസുകള്‍ അന്വേഷിക്കാത്തതെന്നും സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പിലൂടെ ആരോപിച്ചു.
നിയമയുദ്ധവുമായി മുന്നോട്ടെന്ന് എം വി ഗോവിന്ദന്‍
അതേസമയം, കരുവന്നൂര്‍ കളളപ്പണക്കേസില്‍ ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്തെത്തി. പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ കണ്ടുകെട്ടിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് എംവി ഗോവിന്ദന്‍ ചോദിച്ചു. തെറ്റായ ഒരു നടപടിയും വെച്ച് പൊറുപ്പിക്കില്ല. വലിയ നിയമ യുദ്ധവുമായി മുന്നോട്ട് പോകുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
പാന്‍ കാര്‍ഡിലെ ഒറ്റ അക്കം വെച്ചാണ് ഇഡിയും ഐടിയും കളിച്ചത്. സിപിഎമ്മിന്റെ ആയിരക്കണക്കിന് ബ്രാഞ്ചുകള്‍ക്കും ഏരിയ കമ്മറ്റികള്‍ക്കും സ്വന്തം ഭൂമിയും കെട്ടിടവും ഉണ്ട്. ഏത് ബ്രാഞ്ച് ഭൂമി വാങ്ങിയാലും സിപിഎം ജില്ലാ സെക്രട്ടറിയുടെ പേരിലാണ് രജിസ്ട്രര്‍ ചെയ്യുക. ആറു പ്രധാന അക്കൗണ്ടുകള്‍ പാര്‍ട്ടിക്ക് ഇല്ല. അങ്ങനെയാണ് ഇഡി പറയുന്നത്. തെറ്റായ നിലപാടിനെ ഞങ്ങള്‍ അംഗീകരിക്കില്ല. കരുവന്നൂര്‍ പാര്‍ട്ടി പുറത്താക്കിയവരെ മാപ്പ് സാക്ഷിയാക്കി സിപിഎം നെ വേട്ടയാടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.
തിരുത്തേണ്ടത് എല്ലാം തിരുത്തി മുന്നോട്ട് പോകും. പെന്‍ഷന്‍ മുഴുവന്‍ കൊടുക്കും. പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട പണം നല്‍കുകയെന്നതിനാകും ആദ്യ പരിഗണന. ജനങ്ങളിലേക്ക് തന്നെ ഇറങ്ങിച്ചെല്ലും. മുഴുവന്‍ ബാധ്യതയും തീര്‍ക്കുമെന്നും തെറ്റായ ഒരു പ്രവണതയെയും വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.