ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഇന്നലെ രാഹുല്‍ ഗാന്ധി കത്തിക്കയറിയപ്പോള്‍ പ്രധാനമന്ത്രി പോലും ഇടപെട്ടു. ബിജെപി അംഗങ്ങളും സ്പീക്കറും രാഹുലിനെ വിമര്‍ശിച്ചു. എന്തായാലും രാഹുലിനെ പോലെ സഭയില്‍ പെരുമാറരുതെന്നാണ് പ്രധാനമന്ത്രി എന്‍ഡിഎ എംപിമാര്‍ക്ക് ഉപദേശം നല്‍കിയത്.

സഭയിലെ പെരുമാറ്റം മാതൃകാപരമാകണമെന്നാണ് പ്രധാനമന്ത്രി ഇന്നുരാവിലെ എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തില്‍ ഉപദേശരൂപേണ പറഞ്ഞത്. മൂന്നാം വട്ടം തുടര്‍ച്ചയായി പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് അദ്ദേഹം എന്‍ഡിഎ എംപിമാരെ അഭിസംബോധന ചെയ്തത്. ബിജപിയുടെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

മൂന്നാം വട്ടം പ്രധാനമന്ത്രിയായ മോദിയെ യോഗത്തില്‍ വച്ച് അഭിനന്ദിക്കുകയും പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തതായി പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജ്ജു മാദ്ധ്യമങ്ങളോട് പറഞ്ഞു. ' പ്രധാനമന്ത്രി ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒരു സന്ദേശം നല്‍കി. എല്ലാ എംപിമാരും രാഷ്ട്ര സേവനത്തിനാണ് പാര്‍ലമെന്റിലെത്തിയത്. അപ്പോള്‍ അതിനാണ് മുന്‍ഗണന നല്‍കേണ്ടത്. സഭയില്‍ എങ്ങനെ പെരുമാറണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമങ്ങള്‍ പിന്തുടരാനും പെരുമാറ്റം മികച്ചതാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ എന്‍ഡിഎ എംപിമാരും പ്രധാനമന്ത്രിയുടെ വാക്കുകള്‍ പിന്തുടര്‍ന്ന് പാര്‍ലമെന്ററി മര്യാദകള്‍ പാലിക്കണം'- കിരണ്‍ റിജ്ജു പറഞ്ഞു.

' ഇന്നലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സ്പീക്കറെ അപമാനിക്കുക പോലും ചെയ്തു. അത് നമ്മള്‍ ചെയ്യരുത്. അതാണ് ഞങ്ങളുടെ പാഠം', കിരണ്‍ റിജ്ജു പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെ കുറിച്ചും സഭയിലെ ബഹളത്തെ കുറിച്ചും എന്തെങ്കിലും ചര്‍ച്ച യോഗത്തില്‍ ഉണ്ടായോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് കിരണ്‍ റിജ്ജു മറുപടി നല്‍കിയത്. എന്‍ഡിഎ എംപിമാര്‍ക്കിടയില്‍ ഏകോപനം മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, നന്ദിപ്രമേയ ചര്‍ച്ചയിലെ തന്റെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ പാര്‍ലമെന്റ് രേഖകളില്‍നിന്ന് നീക്കം ചെയ്തതിനെതിരേ രാഹുല്‍ സ്പീക്കര്‍ക്ക് കത്തയച്ചു. നീക്കംചെയ്ത ഭാഗങ്ങള്‍ ചട്ടം 380-ന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ചൂണ്ടികാട്ടിയാണ് കത്തയച്ചത്. താന്‍ സഭയില്‍ പറഞ്ഞതെല്ലാം വസ്തുതാപരമായ കാര്യങ്ങളാണെന്നും ഒഴിവാക്കിയ പരാമര്‍ശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.