ചണ്ഡീഗഢ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജാട്ട് ഹൃദയഭൂമിയിലെ പ്രധാന സീറ്റായ ജുലാന മണ്ഡലത്തില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് മുന്നിട്ടുനില്‍ക്കുന്നു. ആം ആദ്മി പാര്‍ട്ടിയുടെ കവിത ദലാല്‍ ആണ് മുഖ്യ എതിരാളി. ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് യോഗേഷ് ബൈരാഗിയാണ്.

പാരിസ് ഒളിമ്പിക്‌സില്‍ ഭാരക്കൂടുതല്‍ വിവാദത്തെ തുടര്‍ന്ന് ഗുസ്തി 50 കി.ഗ്രാം വിഭാഗത്തില്‍ ഫൈനല്‍ മത്സരത്തില്‍ അയോഗ്യയാക്കപ്പെടുകയും പിന്നീട് വിരമിക്കുകയുമായിരുന്നു വിനേഷ്. കോണ്‍ഗ്രസില്‍ ചേര്‍ന്ന വിനേഷിന് ജുലാനയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കുകയായിരുന്നു.

80,000 ജാട്ട് വോട്ടുകളാണ് ജുലാനയില്‍ ഉള്ളത്. 1972, 2000, 2005 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 2009ലും 2014ലും ഇന്ത്യന്‍ നാഷനല്‍ ലോക്ദളാണ് (ഐ.എന്‍.എല്‍.ഡി) വിജയിച്ചത്.