ചണ്ഡിഗഡ്: പഞ്ചാബില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ വിജയം. ജില്ലാ പരിഷത്, പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിലാണ് ആപ്പ് വലിയ വിജയം നേടിയത്. ആകെ നടന്ന തിരഞ്ഞെടുപ്പില്‍ പകുതിയിലധികം സീറ്റുകള്‍ സ്വന്തമാക്കിയാണ് എഎപി തങ്ങളുടെ കരുത്ത് തെളിയിച്ചത്. രണ്ടാം സ്ഥാനത്തേക്ക് എത്തിയത് കോണ്‍ഗ്രസാണ്. അതേസമയം, ദയനീയ പരാജയം ഏറ്റുവാങ്ങിയെങ്കിലും ചില ശക്തികേന്ദ്രങ്ങള്‍ തിരിച്ചുപിടിക്കാനായത് ശിരോമണി അകാലിദളിന് ആശ്വാസമായി. ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.

ജില്ലാ പരിഷത്തില്‍ ആകെ 347 സീറ്റുകളില്‍ 218 എണ്ണത്തിലും എഎപി വിജയിച്ചു. കോണ്‍ഗ്രസ് 62 സീറ്റുകളിലും അകാലിദള്‍ 46 സീറ്റുകളിലും ഒതുങ്ങി. ബിജെപിക്ക് വെറും 7 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. പഞ്ചായത്ത് സമിതികളില്‍ ആകെ 2,838 സീറ്റുകളില്‍ 1,531 എണ്ണം എഎപി സ്വന്തമാക്കി. കോണ്‍ഗ്രസ് (612), അകാലിദള്‍ (445), ബിജെപി (73) എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നില.

നാല് വര്‍ഷത്തെ ഭരണത്തിന് ശേഷവും തങ്ങള്‍ക്കെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിക്കുന്നതാണ് ഈ ഫലമെന്ന് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഏതാണ്ട് 70 ശതമാനം സീറ്റുകളും നേടിയത് ഭഗവന്ത് മന്‍ സര്‍ക്കാരിന്റെ ജനപ്രീതിയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സ്പീക്കര്‍ കുല്‍താര്‍ സിംഗ് സന്ധ്വാന്റെയും എംപി ഗുര്‍മീത് സിംഗ് മീത് ഹയറുടെയും സ്വന്തം ഗ്രാമങ്ങളില്‍ എഎപി പരാജയപ്പെട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയായി.

അതേസമയം തിരഞ്ഞെടുപ്പില്‍ ഭരണകൂട സംവിധാനങ്ങള്‍ എഎപി ദുരുപയോഗം ചെയ്തുവെന്ന് കോണ്‍ഗ്രസും അകാലിദളും ആരോപിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും അനുവദിച്ചില്ലെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജാ വാറിംഗ് കുറ്റപ്പെടുത്തി. ഈ വിജയം ജനപ്രീതിയുടെ അളവുകോലല്ലെന്നും അദ്ദേഹം പറഞ്ഞു.

അകത്തളങ്ങളിലെ തര്‍ക്കങ്ങള്‍ക്കിടയിലും തങ്ങളുടെ പഴയ കോട്ടയായ മാള്‍വ മേഖലയില്‍ തിരിച്ചുപിടുത്തം നടത്താന്‍ അകാലിദളിന് കഴിഞ്ഞു. ബതിന്ദ, മുക്തസര്‍, ഫരീദ്‌കോട്ട് ജില്ലകളില്‍ അവര്‍ മികച്ച പ്രകടനം നടത്തി. ബിജെപിയെ സംബന്ധിച്ചിടത്തോളം പട്യാല അടക്കമുള്ള നഗരമേഖലകളില്‍ പോലും വന്‍ തകര്‍ച്ചയാണ് നേരിട്ടത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും അകാലിദളും വീണ്ടും സഖ്യമുണ്ടാക്കണമെന്ന ചര്‍ച്ചകള്‍ക്കും ഈ ഫലം വഴിതുറന്നിട്ടുണ്ട്.

സംസ്ഥാന ഗവണ്‍മെന്റ് നടപ്പാക്കിയ ജനകീയ നടപടികള്‍ ജനങ്ങള്‍ സ്വീകരിച്ചതോടെയാണ് പാര്‍ട്ടിക്ക് വന്‍ വിജയം നേടാന്‍ കഴിഞ്ഞതെന്ന് ആം ആദ്മി അവകാശപ്പെട്ടു. ആം ആദ്മി പാര്‍ട്ടിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തു.പാര്‍ട്ടിയുടെ നയങ്ങളും ജനക്ഷേമ നടപടികളും ജനങ്ങള്‍ സ്വീകരിച്ചതായായു പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെട്ടു. ഡല്‍ഹിയില്‍ ഭറണം നഷ്ടമായെങ്കിലും പഞ്ചാബില്‍ ആം ആദ്മിയുടെ ഭരണമുണ്ട്. ഇവിടെ തദ്ദേശ തിരഞ്ഞെടുപ്പിലും വിജയിച്ചത് ആം ആദ്മിക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.