- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃത്തികെട്ട രീതിയിലാണ് എനിക്ക് അവൻ മെസ്സേജ് അയച്ചത്; കണ്ടന്റ് റീച്ച് കിട്ടാൻ എന്തും ചെയ്യുമെന്ന അവസ്ഥ; ആ വൈറല്‍ വെല്ലുവിളിയിലെ സത്യാവസ്ഥ പറഞ്ഞ് അഖില്‍ മാരാര്‍

തൃക്കാക്കര: തൃക്കാക്കരയിൽ ട്വൻ്റി 20 സ്ഥാനാർത്ഥിയായ അഖിൽ മാരാർ വിജയിച്ചാൽ കോഴിക്കോട് ബീച്ചിൽ അടിവസ്ത്രം മാത്രം ധരിച്ച് ഓടുമെന്ന വെല്ലുവിളി നടത്തിയ ഇൻഫ്ലുവൻസർ ഓകെ അനാഷ് മാരാരോട് മാപ്പ് പറഞ്ഞു. അനാഷിന്റെ ക്ഷമാപണം സ്വീകരിച്ച അഖിൽ മാരാർ, കണ്ടന്റ് റീച്ചിനായി തന്നെ ആക്ഷേപിക്കുന്നതിൽ വിരോധമില്ലെന്നും എന്നാൽ ബോധപൂർവ്വം സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയ വെല്ലുവിളിയായിരുന്നു ഇത്. തൃക്കാക്കരയിലെ ജനവിധി പ്രഖ്യാപിക്കുന്നതിന് മുൻപാണ് അനാഷ് ഈ വെല്ലുവിളി നടത്തിയത്. ഇത് പിന്നീട് വ്യാപകമായി പ്രചരിക്കുകയും ചർച്ചയാവുകയും ചെയ്തിരുന്നു.
തനിക്ക് ലഭിച്ച മാപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് അഖിൽ മാരാർ അനാഷിന്റെ ക്ഷമാപണ വിവരം പുറത്തുവിട്ടത്. മാരാർക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ട് അനാഷ് മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തെന്നും, താൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് അത് പിന്നീട് നീക്കം ചെയ്തെന്നും അഖിൽ മാരാർ വെളിപ്പെടുത്തി. "നിങ്ങൾക്ക് കണ്ടന്റ് റീച്ച് കിട്ടാൻ ഞാൻ പറഞ്ഞ വാക്കുകൾ അടർത്തിയെടുത്ത് എത്ര ആക്ഷേപിച്ചാലും എനിക്ക് ഒരു വിരോധമോ ദേഷ്യമോ തോന്നില്ല," മാരാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
എങ്കിലും, "ബോധപൂർവ്വം സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ ഒരു NDA സ്ഥാനാർഥി എന്ന നിലയിൽ നിയമപരമായി മുന്നോട്ട് പോകേണ്ടി വരും" എന്ന് അദ്ദേഹം വ്യക്തമാക്കി. അനാഷിന്റെ മാന്യതയെ താൻ അംഗീകരിക്കുന്നതായും സത്യങ്ങൾ തിരിച്ചറിയാത്ത പലരും ഇതുപോലെ പറയുന്ന കാലം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനാഷിന് റീച്ച് കിട്ടിയതുകൊണ്ട് സമാനമായ രീതിയിൽ പ്രവർത്തിക്കാൻ ഇറങ്ങിയ മറ്റുള്ളവർക്കും മാരാർ മുന്നറിയിപ്പ് നൽകി. "ആക്ഷേപിച്ചോളൂ, ആക്രമിച്ചോളൂ, പക്ഷെ മനസാ വാചാ ഞാൻ ചെയ്യാത്ത കാര്യങ്ങൾ എൻ്റെ മുകളിൽ ചാർത്തി പ്രചരിപ്പിച്ചാൽ നിയമത്തിൻ്റെ ഏതറ്റം വരെയും ഞാൻ പോകും," അദ്ദേഹം പറഞ്ഞു. എതിർപ്പുകൾ ആവാം, എന്നാൽ സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അടിവരയിട്ടു.


