- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മകന്റെ കാറിടിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്; ഒരു പെണ്‍കുട്ടി കായലിലേക്ക് തെറിച്ചുവീണു; ബിന്ദുകൃഷ്ണയുടെ മകന്റെ കൂട്ടുകാര്‍ പ്രതിസ്ഥാനത്ത്; രാഷ്ട്രീയ വിവാദം കൊഴുക്കുന്നു

കൊല്ലം: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കൊല്ലം നഗരത്തെ നടുക്കിയ വാഹനാപകടം രാഷ്ട്രീയ വിവാദത്തിലേക്ക്. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ മകന്റെ ഉടമസ്ഥതയിലുള്ള കാറിടിച്ച് കായിക പരിശീലനം കഴിഞ്ഞ് മടങ്ങിയ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് 6.30-ഓടെ ആശ്രാമം ലിങ്ക് റോഡിലായിരുന്നു അപകടം.
ആശ്രാമം ഹോക്കി സ്റ്റേഡിയത്തില്‍ വേനല്‍ക്കാല ക്യാമ്പ് കഴിഞ്ഞ് രക്ഷിതാക്കള്‍ക്കൊപ്പം മടങ്ങുകയായിരുന്ന വള്ളിക്കീഴ് ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ചിന്നുലക്ഷ്മി, ധനലക്ഷ്മി എന്നിവരെയാണ് അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ലിങ്ക് റോഡിലെ നടപ്പാതയിലൂടെ നടന്നുപോയ കുട്ടികളെ കാര്‍ ഇടിച്ചതോടെ ചിന്നുലക്ഷ്മി നിയന്ത്രണം വിട്ട് അഷ്ടമുടിക്കായലിലേക്ക് തെറിച്ചുവീണു. ഉടന്‍തന്നെ പരിസരത്തുണ്ടായിരുന്നവര്‍ കായലില്‍ ചാടി കുട്ടിയെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ രണ്ട് കുട്ടികളെയും ആദ്യം കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കിവരികയാണ്. അപകടമുണ്ടാക്കിയ കാര്‍ ബിന്ദു കൃഷ്ണയുടെ മകന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ അപകടസമയത്ത് സ്ഥാനാര്‍ത്ഥിയുടെ മകന്‍ കാറിലുണ്ടായിരുന്നില്ല. മകന്റെ സുഹൃത്തുക്കളായ നിയമവിദ്യാര്‍ത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. കാര്‍ ഓടിച്ചിരുന്ന നെയ്യാറ്റിന്‍കര സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്നു വാഹനത്തിലുണ്ടായിരുന്നവര്‍ എന്നാണ് ലഭിക്കുന്ന വിവരം. വോട്ടെടുപ്പിന് തൊട്ടുമുന്‍പ് നടന്ന ഈ അപകടം കൊല്ലം മണ്ഡലത്തിലെ പ്രചാരണ രംഗത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയുടെ മകന്റെ കാര്‍ അമിതവേഗത്തില്‍ പാഞ്ഞ് അപകടമുണ്ടാക്കിയത് രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കുകയാണ്. എന്നാല്‍ അപകടസമയത്ത് ബിന്ദുകൃഷ്ണയുടെ മകന്‍ സ്ഥലത്തില്ലായിരുന്നുവെന്നും നിയമപരമായ നടപടികളുമായി സഹകരിക്കുമെന്നുമാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിശദീകരണം.


