ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് 370 സീറ്റ് നേടണം- പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടിക്കായി കുറിച്ച ലക്ഷ്യം ഇതാണ്. എന്നാൽ, ഹരിയാനയിലും, രാജസ്ഥാനിലും കാര്യങ്ങൾ അത്ര പന്തിയല്ലെന്ന ആഭ്യന്തര പാർട്ടി സർവേ റിപ്പോർട്ടുകൾ നേതാക്കളെ അസ്വസ്ഥരാക്കുന്നു.

ഹരിയാനയിലും, രാജസ്ഥാനിലും. 2019 ൽ ബിജെപി എല്ലാ ലോക്‌സഭാ സീറ്റിലും ജയിച്ചിരുന്നു. എന്നാൽ, ഇക്കുറി, ഹരിയാനയിലെ അഞ്ചുസീറ്റുകളിലും, രാജസ്ഥാനിലെ ആറുസീറ്റുകളിലും പാർട്ടി വിയർക്കുമെന്നാണ് സർവേ ഫലമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

തോൽക്കുമെന്ന് പേടിയുള്ള സീറ്റുകൾ

ഹരിയാനയിലെ 10 സീറ്റിൽ റോഹ്തക്, സോനേപത്, സിർസ, ഹിസാർ, കർണാൽ എന്നീ മണ്ഡലങ്ങളിലും രാജസ്ഥാനിലെ 25 സീറ്റിൽ, ബർമർ, ചുരു, നഗൗർ, ദൗസ, ടോങ്ക്, കരൗളി എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലും തിരിച്ചടിയുണ്ടാകുമെന്നാണ് സർവേ ഫലം.

മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഇത്തരത്തിൽ, മണ്ഡലങ്ങളെ കുറിച്ചുള്ള പഠനത്തിൽ പുലർത്തുന്ന ശ്രദ്ധയും, പരിഹാരം തേടലുമാണ് ബിജെപിയെ മറ്റുപാർട്ടികളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. രണ്ടു ആഭ്യന്തര സർവേകളിൽ ഈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്ക് എതിരായ വികാരമുണ്ടെന്നാണ് സൂചന.

ഹരിയാനയിലെ സിർസ സീറ്റ് ഉദാഹരണം. രാഹുൽ ഗാന്ധിയുടെ പഴയ വിശ്വസ്തനും, ദളിത് നേതാവായ അശോക് തൻവറാണ് ബിജെപി സ്ഥാനാർത്ഥി. വ്യാഴാഴ്ച സിർസയിൽ ബിജെപിയുടെ പ്രചാരണ വാഹനത്തിന് നേരേ കല്ലെറിയുന്നതും, വടി കൊണ്ട് അടിക്കുന്നതുമായ വീഡിയോ വൈറലായിരുന്നു. താൻ ആ സമയത്ത് കാറിൽ ഇല്ലായിരുന്നുവെന്ന് തൻവർ പറയുന്നുണ്ടെങ്കിലും, ആക്രമണത്തിന് തൊട്ടുമുമ്പ് അദ്ദേഹം വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. എന്നാൽ, അതൊന്നും കാര്യമാക്കാൻ ഇല്ലെന്നായിരുന്നു തൻവറിന്റെ പ്രതികരണം.

ജാട്ട് വോട്ടർമാർ അകലുന്നു

വോട്ടർമാരിൽ ഭൂരിപക്ഷം വരുന്ന ജാട്ടുകൾക്ക് ബിജെപിയോട് ഉണ്ടായ അകൽച്ചയാണ് മറ്റൊരു പ്രശ്‌നം. ബീരേന്ദർ സിങ്ങിനെയും അദ്ദേഹത്തിന്റെ മകൻ ബ്രിജേന്ദർ സിങ്ങിനെയും ബിജെപി. അവഗണിച്ചത് ജാട്ട് സമുദായങ്ങൾക്കിടയിൽ അകൽച്ച രൂപപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇരുവരും പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു. അഗ്‌നിപഥ് പദ്ധതിയോടുള്ള എതിർപ്പും പ്രശ്‌നം സൃഷ്ടിച്ചേക്കാം.

ബിജേന്ദർ സിങ് അഗ്നിവീർ പദ്ധതിയെ കുറിച്ചുള്ള അതൃപ്തി പ്രകടമാക്കിയിരുന്നു. സൈന്യത്തിൽ പതിറ്റാണ്ടുകളായുള്ള റിക്രൂട്ട്‌മെന്റ് രീതിയിൽ നിന്നുള്ള വ്യതിയാനമായിരുന്നു അഗ്നിവീർ പദ്ധതി. സൈനികരെ നാലുവർഷത്തേക്കാണ് സൈന്യത്തിൽ എടുക്കുന്നത്. 25 ശതമാനം പേരെ മാത്രമേ റഗുലർ സർവീസിൽ തുടരാൻ അനുവദിക്കുകയുള്ളു.

ഇടഞ്ഞുനിൽക്കുന്ന ഒബിസികൾ

മറ്റുപിന്നോക്ക വിഭാഗങ്ങൾ, അഥവാ ഒബിസികളും ബിജെപിയോട് ഇടഞ്ഞുനിൽക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജാട്ട് പിന്തുണയിലെ കുറവിന് പകരം വയ്ക്കാൻ ഒബിസി വോട്ടുകൾ സമാഹരിക്കാനുള്ള പാർട്ടി ശ്രമം പരാജയപ്പെട്ടിരുന്നു. ഇതുകണക്കിലെടുത്താണ് ഹരിയാനയിൽ ഒബിസി വിഭാഗത്തിൽ നിന്നുള്ള നയബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കിയത്. നായബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കിയതിൽ ജാട്ട് വിഭാഗം അതൃപ്തിയിലാണ്

കർഷക പ്രതിഷേധത്തിന്റെ പ്രത്യാഘാതം

കർഷക പ്രതിഷേധത്തിന്റെ അലയൊലികൾ ഇപ്പോഴും ബിജെപിയുടെ വോട്ടുബാങ്കിനെ ബാധിക്കാം. പ്രാദേശിക നേതാക്കളെ അവഗണിച്ചതിലെ പ്രതിഷേധവും തലവേദനയാണ്. ബിജെപിയിൽ ചേർന്നയുടൻ തന്നെ തൻവറിനും, നവീൻ ഡിൻഡാലിനും മത്സരിക്കാൻ ടിക്കറ്റുകൾ കിട്ടി. മുൻ സംസ്ഥാന അദ്ധ്യക്ഷൻ ഒ പി ധങ്കർ, മുൻ മന്ത്രി ക്യാപ്റ്റൻ അഭിമന്യു എന്നിവരെ പോലെയുള്ള പ്രാദേശിക നേതാക്കളെ പാർട്ടി അവഗണിക്കുകയാണെന്നും പരാതിയുണ്ട്.

ചുരുവിൽ സിറ്റിങ് എംപി. രാഹുൽ കസ്വാൻ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപി വിട്ട് കോൺഗ്രസിലെത്തി. ബർമറിൽ ബിജെപി നിശ്ചയിച്ച സ്ഥാനാർത്ഥിക്കെതിരേ രാജ്പുത് വിഭാഗത്തിൽ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്.

കടുത്ത ചൂടും ആശങ്ക

കടുത്ത ചൂടും ബിജെപിയെ പ്രചാരണഘട്ടത്തിൽ അലട്ടുന്നു. രാജസ്ഥാനിലെ വോട്ടെടുപ്പ് ഏപ്രിൽ 26 ന് കഴിയും. ഹരിയാനയിൽ മെയ് 25 നാണ് തിരഞ്ഞെടുപ്പ്. കടുത്ത ചൂടിൽ വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാൻ സ്വയം സന്നദ്ധരായ പ്രവർത്തകരുടെ സമർപ്പണം ആവശ്യമാണ്.

മോദി പ്രഭാവത്തിൽ വിശ്വാസം

ഇതിനെയെല്ലാം മറികടക്കാൻ ബിജെപിയുടെ തുരുപ്പ് ചീട്ട് നരേന്ദ്ര മോദിയാണ്. മോദി പ്രഭാവം തങ്ങളെ തുണയ്ക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രിയെ എത്തിച്ച് സ്ഥിതി നേരിടാനാണ് പാർട്ടി നേതൃത്വത്തിന്റെ ആലോചന. 10 വർഷത്തെ ഭരണവിരുദ്ധ വികാരം, ജാട്ട് രോഷം, ഇതെല്ലാം കണക്കിലെടുക്കുമ്പോൾ, ഹരിയാനയിൽ അഞ്ചുസീറ്റുകളിലെ ജയം വെല്ലുവിളിയാണ് ബിജെപിക്ക്.

രാജസ്ഥാനിലെ ബാമറിലെ റാലിയിൽ നരേന്ദ്ര മോദി, ബിആർ അംബേദ്ക്കറിന് പോലും ഇന്ന് ഇന്ത്യൻ ഭരണഘടന തിരുത്താൻ കഴിയില്ല എന്ന് വ്യക്തമാക്കിയിരുന്നു. പട്ടികജാതി വോട്ടുകൾ ചോരാതിരിക്കാനാണ് ഭരണഘടനയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് മോദി പറഞ്ഞത്.രാജസ്ഥാനിൽ ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി മാറ്റവും മുന്നോക്ക സമുദായങ്ങളുടെ അതൃപ്തിയും പാർട്ടിക്ക് തലവേദനയാകുകയാണ്.