പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍, ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും പാര്‍ട്ടിക്ക് വോട്ടുകുറഞ്ഞതോടെ, സ്ഥാനാര്‍ഥി നിര്‍ണയത്തിലും, വോട്ടുചോര്‍ച്ചയിലും വിമര്‍ശനം. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെയും ചില നേതാക്കള്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചു.

പാലക്കാട് ശോഭ സുരേന്ദ്രനോ, വി മുരളീധരനോ, കെ സുരേന്ദ്രനോ മത്സരിച്ചിരുന്നുവെങ്കില്‍ ഫലം മാറിയേനെയെന്ന് മുതിര്‍ന്ന ബിജെപി നേതാവും ദേശീയ കൗണ്‍സില്‍ അംഗവുമായ എന്‍ ശിവരാജന്‍ പ്രതികരിച്ചു. ഇതയൊരു കനത്ത പരാജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെങ്കിലും മേല്‍ക്കൂരയ്ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ട്, സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ട് പോകരുതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

താനായിരുന്നുവെങ്കില്‍ ഈ ഒരു ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുക്കില്ലായിരുന്നു. പക്ഷേ തീരുമാനമെടുക്കേണ്ടിയിരുന്നത് സി കൃഷ്ണകുമാര്‍ ആയിരുന്നു. അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് അറിയില്ലെന്നും ശിവരാജന്‍ വ്യക്തമാക്കി. സംഘടനാപരമായ മാറ്റം വേണോ എന്നത് ദേശീയ നേതൃത്വം തീരുമാനിക്കണമെന്നും എന്‍ ശിവരാജന്‍ പറഞ്ഞു.

സംഘടനാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് കെ സുരേന്ദ്രനോട് ചോദിക്കണമെന്നായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പതികരണം. പാലക്കാട്ടെ തെരഞ്ഞെടുപ്പില്‍ വര്‍ഗീയതയും കോഴയും കൂറുമാറ്റവും അടക്കമാണ് ചര്‍ച്ചയായതെന്നും ഇതിനെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്കില്‍ കുറിച്ചു.

സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഉപതിരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ രാഷ്ട്രീയ പോരാട്ടം നടന്നത് ചേലക്കര മണ്ഡലത്തിലാണ്. അവിടെ ഉജ്ജ്വല മുന്നേറ്റമാണ് ബിജെപി നടത്തിയത്. പതിനായിരത്തോളം വോട്ട് ചേലക്കരയില്‍ ബിജെപിക്ക് കൂടി. പ്രചാരണത്തിന് നേതൃത്വം നല്‍കിയ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അഭിനന്ദനം അര്‍ഹിക്കുന്നു. വയനാടും ബിജെപി വോട്ട് വിഹിതം നിലനിര്‍ത്തി. അവിടെയും പാര്‍ട്ടി എന്ന നിലയില്‍ ബിജെപി അടിത്തറ ശക്തമാണ്.

എന്നാല്‍ പാലക്കാട് തികച്ചും വ്യക്തിപരമായിരുന്നു കാര്യങ്ങള്‍. പ്രചാരണത്തില്‍ അടക്കം ഇത് കാണാമായിരുന്നു. വര്‍ഗ്ഗീയതയും കോഴയും കൂറുമാറ്റവും അടക്കം വിഷയങ്ങളായി. ഈ കാര്യങ്ങള്‍ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതാണ്. ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചതല്ല. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ച്ച ഉണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കും. എങ്കിലും പാലക്കാട് ബിജെപിയുടെ അടിത്തറയ്ക്ക് ഒരു ക്ഷീണവും ഉണ്ടായിട്ടില്ല. ഈ തിരിച്ചടി താത്കാലികം മാത്രമാണ്. ഇതിനെയും പാര്‍ട്ടി മറികടക്കും. അതിനുള്ള കരുത്ത് ഈ പ്രസ്ഥാനത്തിനുണ്ട്.


അതേസമയം, പാലക്കാട്ടെ ബിജെപിയുടെ തോല്‍വിക്ക് കാരണക്കാരന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സംഘവുമാണെന്നാണ് രാവിലെ സന്ദീപ് വാര്യര്‍ പ്രതികരിച്ചത്. സുരേന്ദ്രന്‍ രാജിവച്ച് പുറത്തുപോകാതെ ബിജെപി എന്ന പ്രസ്ഥാനം കേരളത്തില്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും സന്ദീപ് പറഞ്ഞു.സി. കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥി ആയതുകൊണ്ടുതന്നെയാണ് പാലക്കാട് ബിജെപിക്ക് തിരിച്ചടി ഉണ്ടായത്. പാല്‍ സൊസൈറ്റിയില്‍ ഇലക്ഷന്‍ നടന്നാല്‍ കൃഷ്ണകുമാര്‍, പഞ്ചായത്തില്‍ ഇലക്ഷന്‍ നടന്നാല്‍ കൃഷ്ണകുമാര്‍, മുനിസിപ്പാലിറ്റിയിലും നിയമസഭയിലും പാര്‍ലമെന്റിലും ഇലക്ഷന്‍ നടന്നാല്‍ കൃഷ്ണകുമാര്‍. കൃഷ്ണകുമാറും ഭാര്യയും മാത്രമാണ് പാലക്കാട്ടെ ബിജെപി എന്ന് എഴുതികൊടുത്ത ബിജെപി നേതൃത്വം തന്നെയാണ് ഈ പരാജയത്തിന് കാരണം. കെ. സുരേന്ദ്രനെയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളെയും മാരാര്‍ജി ഭവനില്‍ നിന്ന് അടിച്ചു പുറത്താക്കി ചാണകം തളിക്കണം. അടുത്ത ഇലക്ഷനോട് കൂടി പാലക്കാട് മുനിസിപ്പാലിറ്റി ഭരണവും ബിജെപിക്ക് നഷ്ടപ്പെടുമെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു.