കോഴിക്കോട്: പാലക്കാടിന് പിന്നാലെ കോഴിക്കോട് മാറാടും വോട്ടിന് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണം. നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പണം നല്‍കിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാറാട് സ്വദേശി സ്വാമിനാഥന്റെ പരാതിയില്‍ കോഴിക്കോട് സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജീവന്‍, നിലമ്പൂരില്‍ നിന്നുള്ള മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വാമിനാഥന്റെ പലചരക്ക് കടയിലെത്തിയത്. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സ്വാമിനാഥന്‍ ഇപ്പോള്‍ എല്‍ഡിഎഫിലാണ്. തിരികെ കോണ്‍ഗ്രസിലേക്ക് വരണമെന്നും തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ബൂത്ത് ഏജന്റായി ഇരിക്കരുത് എന്നും ആവശ്യപ്പെട്ടായിരുന്നു സന്ദര്‍ശനം. ഇതിനായി 2000 രൂപ ഇവര്‍ വാഗ്ദാനം ചെയ്തു.

സ്വാമിനാഥന്‍ പണം നിരസിച്ചതോടെ നോട്ട് കടയില്‍ ഉപേക്ഷിച്ച് ഇരുവരും മടങ്ങുകയായിരുന്നു. തുടര്‍ന്ന് പണം സഹിതം സ്വാമിനാഥന്‍ പൊലീസില്‍ പരാതി നല്‍കി.

പി.വി. അന്‍വര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ വലിയ തോതില്‍ പണമൊഴുക്കുന്നുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാറാട്ടെ പണമിടപാട് വിവാദം പുറത്തുവരുന്നത്.