- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് പ്രഖ്യാപിക്കാതെയുള്ള ബിജെപി തന്ത്രം ഛത്തീസ്ഗഡിലും പൊലിച്ചു; വീണ്ടും അധികാരത്തിലേറുമ്പോൾ നിർണായകമായത് ആദിവാസി വിഭാഗങ്ങളുടെ പിന്തുണ; പുതിയ മുഖ്യമന്ത്രി ആദിവാസി വിഭാഗത്തിൽ നിന്നോ? വനിതാ നേതാവിനെ തലപ്പത്ത് എത്തിക്കുമോ? സാധ്യതകൾ ഇങ്ങനെ
റായ്പൂർ: ഛത്തീസ്‌ഗഡിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി ബിജെപി അധികാര കസേരയിൽ വീണ്ടും ഇരിക്കുമ്പോൾ, നിർണായക ചോദ്യം ഉയരുന്നു: ആരായിരിക്കും അടുത്ത മുഖ്യമന്ത്രി? പാർട്ടിയുടെ പാർലമെന്ററി ബോർഡാണ് തീരുമാനം എടുക്കുന്നതെങ്കിലും., പേരുകൾ ഇതിനകം ചർച്ചയായി കഴിഞ്ഞു. ആദിവാസി പ്രാതിനിധ്യം, ഒബിസി സ്വാധീനം. ലിംഗ സന്തുലിതാവസ്ഥ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും തീരുമാനം.
വിഷ്ണു ദേവ് സായ്
ബിജെപി ജയത്തിൽ, ആദിവാസി വോട്ടുകൾ നിർണായകമായ സംസ്ഥാനത്ത്, ഒരു ആദിവാസിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്താൽ ആദ്യമായി പരിഗണിക്കുക വിഷണു ദേവ് സായിയെ ആയിരിക്കും. ബിജെപിയുടെ മുൻ അദ്ധ്യക്ഷനും, മുൻ കേന്ദ്രമന്ത്രിയുമാണ്. ആദ്യ മോദി മന്ത്രിസഭയിൽ ഉരുക്കുമന്ത്രാലയത്തിൽ സഹമന്ത്രിയായിരുന്നു. 16 ാം ലോക്‌സഭയിൽ റായ്ഗഡ് മണ്ഡലത്തിൽ നിന്ന് എംപിയായി. 2020 മുതൽ 2022 വരെയായിരുന്നു അദ്ദേഹം ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ ഇരുന്നത്.
രമൺ സിങ് : മുൻ മുഖ്യമന്ത്രി രമൺ സിങ്ങിനെ വീണ്ടും തിരഞ്ഞെടുക്കുന്നത് തള്ളിക്കളയാനാവില്ല. നിലവിൽ ബിജെപി ദേശീയ ഉപാദ്ധ്യക്ഷനാണ്. 2004 മുതൽ എംഎൽഎയാണ്. 1990 ൽ വാജ്പായ് സർക്കാരിൽ സഹമന്ത്രിയായിരുന്നു.
രേണുക സിങ്: ഒരു വനിതയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചാൽ, കേന്ദ്ര ആദിവാസി കാര്യ മന്ത്രി രേണുക സിങ്ങിനും സാധ്യതയുണ്ട്. ആദിവാസി സമൂഹത്തിൽ നല്ല സ്വാധീനമുള്ള നേതാവാണ്.
രാം വിചാർ നേതം: മുൻ രാജ്യസഭാ എംപി രാം വിചാർ നേതമിനും സാധ്യത കൽപ്പിക്കുന്നു. രമൺ സിങ് മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.
അരുൺ സാവോ: ഒബിസി മുഖ്യമന്ത്രി വേണമെന്ന് തീരുമാനിച്ചാൽ സംസ്ഥാന അദ്ധ്യക്ഷന് നറുക്ക് വീഴാം. തുടർച്ചയായി മൂന്നുതവണ ബിലാസ്പൂർ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച നേതാവിന് ഒബിസി വിഭാഗങ്ങൾക്കിടയിൽ മികച്ച സ്വാധീനമുണ്ട്.
ഒ പി ചൗധരി: ഐഎഎസിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന നേതാവിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താര പ്രചാരണത്തിലാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ മുൻനിർത്തിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് മുഖ്യമന്ത്രിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളടക്കം തിരിച്ചടിക്കുകയായിരുന്നു.
2018ൽ 68 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സർക്കാർ രൂപീകരിച്ചത്. നിരവധിക്ഷേമ പദ്ധതികൾ നടപ്പാക്കിയെങ്കിലും അവ വോട്ടാക്കാൻ കോൺഗ്രസിനായില്ല. ജാതിസെൻസസ് അടക്കം ഉയർത്താണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തവണ പിന്തുണച്ച ഗ്രോതമേഖലയിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസിനുണ്ടായത്.
അമിതാത്മവിശ്വാസത്തോടെ നേരിട്ട ഛത്തീസ്‌ഗഢും കൈയൊഴിയുമ്പോൾ കോൺഗ്രസിന് നഷ്ടമാകുന്നത് ശക്തികേന്ദ്രങ്ങളിലൊന്നാണ്. എക്‌സിറ്റ് പോൾ ഫലങ്ങളെയാകെ കാറ്റിൽ പറത്തി സംസ്ഥാനത്ത് കോൺഗ്രസ് നേരിട്ട തിരിച്ചടിക്ക് കാരണമായത് ബിജെപി.യേക്കാളുപരി പ്രാദേശികപാർട്ടികളുടെ സാന്നിധ്യം കൂടിയാണ്.
ആദിവാസി വോട്ടുകൾ ഭിന്നിച്ചത്, മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ അരവിന്ദ് നേതം രാജിവെച്ച് പുതിയ പാർട്ടിയുണ്ടാക്കിയത്, ബാഘേൽ-സിങ് ദേവ് പോര് ഏറ്റവുമൊടുവിൽ മുഖ്യമന്ത്രി തന്നെ ബെറ്റിങ് ആപ്പ് കോഴവിവാദത്തിൽ പെട്ടത് അങ്ങനെ സർവതും തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് എതിരായി
പത്തുശതമാനം മാത്രം വോട്ടുകളുള്ള ഈ ചെറുപാർട്ടികൾ കോൺഗ്രസിനെയും ബിജെപി.യേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിട്ടിട്ടുണ്ട്. കോൺഗ്രസിന്റെ വോട്ടുവിഹിതം കുറയാൻ കാരണമായതിലെ പ്രധാനഘടകവും പ്രാദേശിക പാർട്ടികൾ തന്നെയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 2018-ൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ച പല അനുകൂലഘടകങ്ങളും ഇക്കുറി നിസ്സംഗമാവുകയോ കോൺഗ്രസിൽ നിന്ന് അകന്നുപോവുകയോ ചെയ്തിട്ടുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ