പത്തനംതിട്ട: ചിറ്റാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനെ ഇറക്കി വിജയം കൊയ്യാമെന്ന ഇടതുതന്ത്രം പാളി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോളിയുടെ വമ്പന്‍ വിജയം ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു. 193 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്വതന്ത്രന്‍ ജോര്‍ജ് ജേക്കബിനെ തോല്‍പ്പിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോളി വിജയിച്ചത്. ഇതോടെ ചിറ്റാര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി. നിലവില്‍ യുഡിഎഫിന് ആറും എല്‍ഡിഎഫിന് അഞ്ചും എന്‍ഡിഎക്ക് രണ്ടും സീറ്റുകളാണ് ഉള്ളത്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച സജി കുളത്തുങ്കല്‍ കൂറുമാറി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു പ്രസിഡന്റ് ആയത് യുഡിഎഫിന് വലിയ തിരിച്ചടിയാണ് നല്‍കിയത്.കോണ്‍ഗ്രസ് കേന്ദ്രങ്ങളെ അമ്പരപ്പിച്ച് കെ. യു ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ നീക്കമാണ് യുഡിഎഫ് ഭരണം നേടാനുള്ള നീക്കം അട്ടിമറിച്ചത്.

കോണ്‍ഗ്രസ് രക്തസാക്ഷി കെ.ഇ വര്‍ഗീസ് കുളത്തുങ്കലിന്റെ മകനായ സജിയെ പിന്തുണച്ചതില്‍ സിപിഎമ്മിലെ ഒരു വിഭാഗം കടുത്ത എതിര്‍പ്പിലായിരുന്നു. രക്തസാക്ഷി എം. എസ് പ്രസാദിന്റെ സഹോദരനും ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവുമായ എം എസ് രാജേന്ദ്രനെ ആണ് മൂന്നു വോട്ടുകള്‍ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സജി തോല്‍പ്പിച്ചത്. . മൂന്നര വര്‍ഷത്തിനുശേഷം കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജിയെ അയോഗ്യനാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് നടന്നത്.

40 വര്‍ഷമായി സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന വാര്‍ഡില്‍ ഇക്കുറി സജിയുടെ നോമിനിക്ക് സ്വതന്ത്രനായി മത്സരിക്കാന്‍ കളം ഒരുക്കുകയായിരുന്നു. സിപിഎം വാര്‍ഡ് കമ്മിറ്റിയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ജില്ലാ സെക്രട്ടറി കെ .പി ഉദയഭാനു ,ജനീഷ്‌കുമാര്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സിറ്റിംഗ് സീറ്റ് വിട്ടു നല്‍കിയത്.

ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. അവസാന നിമിഷം പ്രശ്‌നങ്ങള്‍ പരിഹരിച്ചു എന്ന് സിപിഎം അവകാശപ്പെട്ടുവെങ്കിലും വോട്ടെടുപ്പില്‍ അത് പ്രതിഫലിച്ചില്ല. സിപിഎം വോട്ടുകള്‍ കോണ്‍ഗ്രസിനും ബിജെപിക്കും ലഭിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് പരാജയം വരും ദിവസങ്ങളില്‍ സിപിഎമ്മില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കും.

ജനീഷ്‌കുമാര്‍ എംഎല്‍എ, രാജു എബ്രഹാം ,എം.എസ് രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ വാര്‍ഡിലെ വീടുകള്‍ സന്ദര്‍ശിച്ച് വിവിധ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഫലം കണ്ടില്ല. യുഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പില്‍, എ .സുരേഷ് കുമാര്‍ , റോബിന്‍ പീറ്റര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബഷീര്‍ നേതൃത്വം നല്‍കിയത്. ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പ്രചാരണ രംഗത്തിറക്കിയിരുന്നു. നറുക്കെടുപ്പിലൂടെ കഴിഞ്ഞ മാസം പ്രസിഡണ്ടായ കോണ്‍ഗ്രസ് നേതാവ് ബഷീറിന് ഇനി ഭരണത്തില്‍ തുടരാം.