ബെംഗളൂരു: എക്‌സിറ്റ് പോളിനെ ശരിവെച്ച് മികച്ച പ്രകടനത്തോടെ കർണാടകയിൽ കേവലഭൂരിപക്ഷത്തോടെ അധികാരം തിരിച്ചുപിടിച്ച കോൺഗ്രസ് നേതൃത്വം രാഷ്ട്രീയകുതിരക്കച്ചവടം തടയാനുള്ള നീക്കങ്ങൾ തുടങ്ങി. വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളെ ബെംഗളൂരുവിലേക്കെത്തിക്കാൻ പാർട്ടി നിർദ്ദേശം നൽകി കഴിഞ്ഞു.

ഇതിനായി വിമാനങ്ങളും ഹെലികോപ്ടറുകളും അടക്കം ഒരുക്കിയാണ് കോൺഗ്രസിന്റെ നീക്കം. കർണാടകയിലെ കോൺഗ്രസ് വിജയത്തിന് ചുക്കാൻ പിടിച്ച കെപിസിസി അദ്ധ്യക്ഷൻ ഡി.കെ ശിവകുമാറാണ് രാഷ്ട്രീയ അട്ടിമറികളുടെ സാധ്യത ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കും നേതൃത്വം നൽകുന്നത്. നിയമസഭാ കക്ഷിയോഗം നാളെ ബെംഗളുരുവിൽ ചേരുമെന്നാണ് റിപ്പോർട്ട്. ഇതിന് മുന്നോടിയായി വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളെ മുൻകൂട്ടി ബെംഗളുരുവിൽ എത്തിക്കാനാണ് നീക്കം.

കോൺഗ്രസ് അവരുടെ വിജയിച്ച എല്ലാ സ്ഥാനാർത്ഥികളെയും ബെംഗളൂരുവിലേക്ക് വിളിപ്പിച്ചതായി ദേശീയ മാധ്യമമായ ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മുതിർന്ന നേതാക്കളെയും കോൺഗ്രസ് നിയോഗിച്ചിട്ടുണ്ട്. വിജയിച്ച സ്ഥാനാർത്ഥികളെ ബെംഗളൂരുവിലേക്ക് മാറ്റാൻ വിമാനവും ഹെലികോപ്റ്ററുകളുമുൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവിലെ പ്രശസ്തമായ ഈഗിൾടൺ റിസോർട്ടാണ് എംഎ‍ൽഎമാർക്കായി കോൺഗ്രസ് ബുക്ക് ചെയ്തിരിക്കുന്നത്. ബിജെപി ഒരു അട്ടിമറി സാധ്യത മുന്നോട്ടുവെക്കുന്നതിന് മുമ്പ് തന്നെ സുരക്ഷിതമായ റിസോർട്ട് രാഷ്ട്രീയം പയറ്റിയ കോൺഗ്രസിന്റെ മികവാണ് ഇപ്പോൾ ചർച്ചയാകുന്നത്.

റിസോർട്ട് രാഷ്ട്രീയത്തെക്കുറിച്ച് രാജ്യം ചർച്ച ചെയ്യുമ്പോഴെല്ലാം ഉയർന്നു കേൾക്കുന്ന പേരാണ് ബിഡദിയിലെ ഈഗിൾടൺ റിസോർട്ട്. ബിജെപിയുടെ അട്ടിമറി നീക്കമുണ്ടാകുന്ന സമയങ്ങളിൽ ഇതിനുമുമ്പും ഈഗിൾടൺ റിസോർട്ടിലേക്ക് കോൺഗ്രസ് എംഎ‍ൽഎമാരെ മാറ്റിയിരുന്നു.

കേന്ദ്രഭരണത്തിന്റെ തണലിൽ പ്രചാരണത്തിന് സർവ സന്നാഹങ്ങളുമായി ഇറങ്ങിയ ബിജെപിയെ തറപറ്റിച്ചാണ് കർണാടകയിൽ കോൺഗ്രസ് അധികാരം ഉറപ്പിക്കുന്നത്. കേവലഭൂരിപക്ഷവും മറികടന്ന് 130ലധികം സീറ്റുമായി കോൺഗ്രസ് ഭരണം ഉറപ്പിച്ചപ്പോൾ ബിജെപി ലീഡ് 65ലേക്ക് കൂപ്പുകുത്തിയിരുന്നു. ഈ തെരഞ്ഞെടുപ്പിലും നിർണായക ശക്തിയാകുമെന്ന് കരുതിയ ജെ.ഡി.എസിനും കരുത്ത് തെളിയിക്കാനായില്ല.

2019ലെ രാഷ്രീയ അട്ടിമറിയുടെ ചരിത്രം മുന്നിലുള്ളതിനാൽ കരുതലോടെയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. 2018 ലെ കർണാടക നിയസമഭാ തെരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. കോൺഗ്രസ് 80 സീറ്റുകളും ജെ.ഡി.എസ് 37 സീറ്റുകളുമായിരുന്നു അന്ന് നേടിയത്. ഒരു സ്വതന്ത്ര അംഗവും ബി.എസ്‌പിയും കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടിയും ഓരോ സീറ്റുകളുമായി സഭയിലെത്തി.

അവിടെ ഒരു പാർട്ടിക്കും കേവലഭൂരിപക്ഷം നേടാൻ കഴിയാത്ത സാഹചര്യത്തിൽ കോൺഗ്രസും ജെ.ഡി.എസും സഖ്യമുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി യെദിയൂരപ്പയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചു. എന്നാൽ വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി കേവല ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്തതിനാൽ യെദിയൂരപ്പ സർക്കാരിനെ ഗവർണർ പിരിച്ച് വിട്ടു. പിന്നാലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിൽ കുമാരസ്വാമി മുഖ്യമന്ത്രിയായ സർക്കാർ അധികാരത്തിൽ എത്തി.

പക്ഷേ ഒന്നര വർഷം മാത്രമായിരുന്നു കുമാരസ്വാമിക്ക് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ കഴിഞ്ഞത്. ഭരണ കക്ഷി എംഎ‍ൽഎ മാരെ വിലയ്ക്കുവാങ്ങിയ ബിജെപിയുടെ രാഷ്ട്രീയ അട്ടിമറയിൽ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യം വീണു. പിന്നീട് ഒന്നര വർഷം കഴിഞ്ഞതോടെ ഭരണകക്ഷി അംഗങ്ങളെ കൂറുമാറ്റി കുമാരസ്വാമി സർക്കാറിനെ വീഴ്‌ത്തി ബിജെപി അധികാരം പിടിക്കുകയും ചെയ്തു.13 കോൺഗ്രസ് എംഎ‍ൽഎമാരും മൂന്ന് ജനതാദൾ എംഎ‍ൽഎ മാരും, ഒരു കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടി എംഎ‍ൽഎയുമാണ് അന്ന് രാജിവെച്ച് യെദിയൂരപ്പ സർക്കാരിനെ നിലത്തിറക്കിയത്.

എംഎ‍ൽഎമാരുടെ കൂറുമാറ്റത്തിന് ശേഷം നടന്ന ബൈ ഇലക്ഷനിലൂടെ 120 സീറ്റ് നേടി ബിജെപി കേവലഭൂരിപക്ഷം ഒറ്റക്ക് നേടി അധികാരത്തിലെത്തുകയായിരുന്നു. അങ്ങനെ ജെ.ഡി.എസ്-കോൺഗ്രസ് നേതൃത്വത്തിലുള്ള കുമാരസ്വാമി ഗവർൺമെന്റിനെ വീഴ്‌ത്തി യെദിയൂരപ്പയുടെ നേതൃത്വത്തിൽ കർണാകടയിൽ ബിജെപി അധികാരത്തിലേറി.

അങ്ങനെയൊരു രാഷ്ട്രീയ പശ്ചാത്തലമുള്ള കർണാടകയിൽ കേവലഭൂരിപക്ഷം ഒറ്റക്ക് നേടിയാൽ പോലും കോൺഗ്രസിനെ സംബന്ധിച്ച് സർക്കാർ രൂപീകരിക്കുക അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല എന്ന തിരിച്ചറിവിലാണ് കോൺഗ്രസ് എംഎ‍ൽഎ മാരെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുന്നത്.