- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുകാലത്ത് 'പെരിങ്ങോട്ടുകുറിശ്ശിയിലെ ഉമ്മന്‍ചാണ്ടി'; അന്‍പതുവര്‍ഷക്കാലം പെരിങ്ങോട്ടുകുറുശ്ശിയുടെ രാഷ്ട്രീയം നിയന്ത്രിച്ച എ.വി. ഗോപിനാഥിന്റെ രാഷ്ട്രീയ കരുനീക്കം പാളി; ഇടതിനൊപ്പം കൂറുമാറിയ ആറാം തമ്പുരാനെ നാട്ടുകാര്‍ കൈവിട്ടു! ഈ തദ്ദേശത്തിലെ ഏറ്റവും വലിയ അട്ടിമറിയായി ബമ്മണ്ണൂരിലെ അതികായന്റെ തോല്‍വി; എവി ഗോപിനാഥിന് പഞ്ചായത്തില്‍ അടിതെറ്റിയപ്പോള്‍
പാലക്കാട്: പെരുങ്ങോട്ടുകുറിശ്ശിയില്‍ എവി ഗോപിനാഥിന് തോല്‍വി. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി. കോണ്‍ഗ്രസ് വിട്ട എ.വി. ഗോപിനാഥ് സ്വതന്ത്ര ജനാധിപത്യമുന്നണി (ഐഡിഎഫ്) രൂപവത്കരിച്ച് 11 സീറ്റിലാണ് പെരുങ്ങോട്ടുകുറിശ്ശിയില്‍ ജനവിധി തേടിയത്. 18 സീറ്റുള്ള ഇവിടെ ബാക്കി ഏഴിടത്ത് സിപിഎം മത്സരിച്ചു. ഗോപിനാഥന്‍ ഒമ്പതാം വാര്‍ഡായ ബമ്മണ്ണൂരിലാണ് മത്സരിച്ചത്. ഇവിടെ ഗോപിനാഥ് തോറ്റു. കോണ്‍ഗ്രസിലെ രതീഷ് കെ ആര്‍ 420 വോട്ട് നേടി. എവി ഗോപിനാഥിന് 285 വോട്ടും നേടി. അങ്ങനെ പെരിങ്ങോട്ടുകുറിശിയിലെ ആറാം തമ്പുരാന്‍ വീണു. തീര്‍ത്തും അപ്രതീക്ഷിതം. എ.വി.ജി. ഗ്രൂപ്പിന്റെ കരുത്ത് ചോര്‍ന്നിരിക്കുന്നു. ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കോണ്‍ഗ്രസും ബിജെപിയും നേട്ടമുണ്ടാക്കി. തൂക്കു ഭരണത്തിനുള്ള സാധ്യതയുമുണ്ട്. പക്ഷേ തോല്‍വിയോടെ ഗോപിനാഥിന്റെ രാഷ്ട്രീയം പ്രതിസന്ധിയിലാകുന്നു.
കഴിഞ്ഞ ആറ് പതിറ്റാണ്ടായി കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് പെരിങ്ങോട്ടുകുറിശ്ശി. 2009 മുതല്‍ നേതൃത്വവുമായി അകലം പാലിച്ച ഗോപിനാഥ് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് നേതൃത്വവുമായി ഇടഞ്ഞത്. 2023ല്‍ ഡി.സി.സി. ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസ് വിട്ടു. തുടര്‍ന്ന് നവകേരള സദസ്സില്‍ പങ്കെടുത്തതോടെ പാര്‍ട്ടിയില്‍നിന്ന് ഔദ്യോഗികമായി പുറത്താക്കി. 25 വര്‍ഷക്കാലം പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച എവി ഗോപിനാഥ് 1991-ല്‍ ആലത്തൂര്‍ നിയമസഭാമണ്ഡലത്തില്‍ 338 വോട്ടിന്റെ അട്ടിമറിവിജയം നേടിയിരുന്നു. അന്‍പതുവര്‍ഷക്കാലം പെരിങ്ങോട്ടുകുറുശ്ശിയുടെ രാഷ്ട്രീയം നിയന്ത്രിച്ച എ.വി. ഗോപിനാഥിന്റെ രാഷ്ട്രീയ കരുനീക്കം പാളുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍മന്ത്രി എ.കെ. ബാലനുമായും അടുത്തബന്ധമാണ് ഗോപിനാഥിനുള്ളത്.
ഒരുകാലത്ത് പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിന്റെ മുഖമായിരുന്നു ഗോപിനാഥ്. പല കോണ്‍ഗ്രസ് അനുഭാവികളുടെ വോട്ടും ഇക്കുറി തങ്ങള്‍ നേടും, പഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കുമെന്നും മുസ്ലീം ലീഗിലെ ഒരു വിഭാഗവും തങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും എ വി ഗോപിനാഥ് പ്രതികരിച്ചിരുന്നു. പക്ഷേ അതെല്ലാം വെറുതെയായി. കോണ്‍ഗ്രസിന്റെ പൊന്നാപുരംകോട്ടയായ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അങ്ങനെ തന്നെ തുടരും. അട്ടിമറിക്കാന്‍ ഗോപിനാഥിനും കഴിയുന്നില്ല. കൃത്യമായി പറഞ്ഞാല്‍ 1979 മുതല്‍ ഇങ്ങോട്ട് ഇതുവരെ കോണ്‍ഗ്രസിനൊപ്പം ഉറച്ചുനിന്ന പഞ്ചായത്താണ് പെരിങ്ങോട്ടുകുറിശ്ശി. അതിന്റെ ക്രെഡിറ്റ് പക്ഷെ എ ഗ്രൂപ്പിനോ ഐ ഗ്രൂപ്പിനോ അല്ല നല്‍കിയത്. മറിച്ച് എ.വി. ഗോപിനാഥ് എന്ന നേതാവിന്റെ മികവിനാണ് നല്‍കിയത്. ആ വിശ്വാസമാണ് തെറ്റുന്നത്.
ഇടതിനൊപ്പം നില്‍ക്കുന്ന തരൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പഞ്ചായത്താണ് പെരിങ്ങോട്ടുകുറിശ്ശി. പക്ഷെ അവിടെ നാല്‍പ്പതുകൊല്ലത്തിലധികമായി ചെങ്കോടി പാറിയിട്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥിക്ക് ലീഡ് ലഭിക്കാറുണ്ടെങ്കിലും പഞ്ചായത്ത് ഭരണം, അത് കോണ്‍ഗ്രസിനൊപ്പമാണ്. ഇത് ഇത്തവണയും തുടരും. 42 വര്‍ഷത്തിത്തിനിടെ പ്രസിഡന്റ് പദവി സംവരണമായ മൂന്നുതവണ ഒഴികെ ബാക്കി മുഴുവന്‍കാലവും ഗോപിനാഥ് തന്നെയായിരുന്നു പ്രസിഡന്റ്. 25 വര്‍ഷം പ്രസിഡന്റ് പദവി പൂര്‍ത്തിയാക്കിയപ്പോള്‍ പദവി ഒഴിഞ്ഞുകൊടുത്തു. കഴിഞ്ഞ തവണ നിര്‍ബന്ധത്തിനുവഴങ്ങി മത്സരിച്ച എ.വി. ഗോപിനാഥ് ജയിച്ചിരുന്നു. ഇത്തവണ അഭിമാന പോരാട്ടമായിരുന്നു. അവിടെയാണ് ഗോപിനാഥ് വീഴുന്നത്.
15 വയസ്സു മുതല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ഗോപിനാഥ്. പാലക്കാട് ജില്ലയിലെ പ്രമുഖ നേതാവായിരുന്ന ഗോപിനാഥ്, മുന്‍പ് ഡി.സി.സി. അധ്യക്ഷനുമായിരുന്നു. 2009-ല്‍ സതീശന്‍ പാച്ചേനി എം.ബി. രാജേഷിനോട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്താണ് അന്ന് ഗോപിനാഥ് രാജിവെച്ചത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ പാര്‍ട്ടി നേതൃത്വവുമായി ഗോപിനാഥ് ഇടഞ്ഞിരുന്നു. പാലക്കാട് സീറ്റ് ലക്ഷ്യംവെച്ച് നടത്തിയ നീക്കം പരാജയപ്പെട്ടതിനു പിന്നാലെ ആയിരുന്നു ഇത്. തൊട്ടുപിന്നാലെ ഗോപിനാഥ് പാര്‍ട്ടി വിടാന്‍ പോകുന്നെന്ന് വാര്‍ത്തകളും ശക്തമായി.
എന്നാല്‍ കെ. സുധാകരന്റെ സമയോചിതമായ ഇടപെടല്‍ ഗോപിനാഥന്റെ പാര്‍ട്ടിവിടലിനെ താത്കാലികമായെങ്കിലും തടഞ്ഞു. ഡി.സി.സി. പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തായിരുന്നു ഗോപിനാഥിനെ പിടിച്ചുനിര്‍ത്തിയത്. പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയി. പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റാണ് എ വി ഗോപിനാഥ്. ഒരുകാലത്ത് 'പെരിങ്ങോട്ടുകുറിശ്ശിയിലെ ഉമ്മന്‍ചാണ്ടി' എന്നായിരുന്നു ഗോപിനാഥ് അറിയപ്പെട്ടിരുന്നത്. അടുത്തിടെയാണ് അദ്ദേഹം എല്‍ ഡി എഫിനോപ്പം കൂടിയത്. തുടര്‍ന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഐ ഡി എഫും സി പി എമ്മും മുന്നണിയായി മത്സരിക്കുകയായിരുന്നു.




