ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇത്തവണ തന്ത്രമൊന്നുമാറ്റി പിടിച്ചു. എല്ലാ സീറ്റിലും ചാടിക്കയറി മത്സരിക്കുന്നതിന് പകരം വിവേകപൂർവം സീറ്റുകൾ തിരഞ്ഞെടുത്താണ് മത്സരം. മുൻകാലങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.

ബിജെപി നയിക്കുന്ന എൻഡിഎയെ ഭരണത്തിൽ നിന്ന് നീക്കാൻ സഖ്യകക്ഷികൾക്ക് ചില സീറ്റുകൾ വിട്ടുകൊടുത്തുകൊണ്ട് 2004 ലെ പരീക്ഷണമാണ് പാർട്ടി ആവർത്തിക്കുന്നത്. 20 വർഷത്തിന് ശേഷം അതേ കഥ ആവർത്തിക്കുമെന്നാണ് പാർട്ടി പ്രതീക്ഷ. കഴിഞ്ഞ വട്ടം 423 സീറ്റിൽ വരെ മത്സരിച്ച കോൺഗ്രസ്് ഇത്തവണ ഒഴിവാക്കിയത് കുറഞ്ഞത് 100 സീറ്റുകളാണ്.

ഇത്തവണ ഏകദേശം 330 ഓളം സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. 2004 ൽ പാർട്ടി 417 സീറ്റിൽ മത്സരിച്ചിരുന്നു. മഹാരാഷ്ട്രയിലും ബംഗാളിലും യുപിയിലും ഒക്കെ ഇന്ത്യ സഖ്യ കക്ഷികളെ കൂടി പരിഗണിക്കേണ്ടി വന്നു. എൻസിപി-ശിവസേന, ഇടതുപക്ഷം, എസ്‌പി എന്നീ പാർട്ടികളുമായുള്ള സഖ്യം കാരണം മുൻകാലങ്ങളിലെ അത്രയും സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുന്നില്ല.

ഈ മൂന്നുസംസ്ഥാനങ്ങളും കുറച്ചുസീറ്റുകൾ മാത്രം തിരഞ്ഞെടുത്തത് ശക്തവും ഫലപ്രദവുമായ മുന്നണി രൂപീകരിക്കാൻ വേണ്ടിയാണെന്ന് മുതിർന്ന നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ, കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും വ്യക്തമായ ജനവിധി കിട്ടും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾ ബിജെപിയെ ഉപേക്ഷിച്ച് കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019ൽ ബിജെപി. 437 സീറ്റിലും കോൺഗ്രസ് 423 സീറ്റിലുമാണ് മത്സരിച്ചിരുന്നത്. ബിജെപി.യുമായി നേരിട്ടേറ്റുമുട്ടുന്ന സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി സഖ്യം ശക്തിപ്പെടുത്തണമെന്ന പാർട്ടി തീരുമാനമാണ് ഇത്തവണ കോൺഗ്രസ് സ്വീകരിച്ചത്.

ജയിക്കാത്ത സീറ്റുകളിൽ മത്സരിച്ച് സമയം കളയാതെ മത്സരിക്കുന്ന സീറ്റുകളിൽ കഠിനാദ്ധ്വാനം ചെയ്ത് 150 സീറ്റെങ്കിലും നേടുകയും തിരഞ്ഞെടുപ്പ് ഫണ്ട് ഇവിടങ്ങളിലേക്ക് കേന്ദ്രീകരിക്കുകയുമാണ് കോൺഗ്രസിന്റെ ലക്ഷ്യം. ബിജെപിയുമായി കോൺഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്നത് 276 ഓളം സീറ്റുകളിലാണ്. മോദിയും ബിജെപിയും പടർന്നുപന്തലിച്ചതോടെ, 2014 പിന്നിട്ടപ്പോൾ രാഷ്ട്രീയമായി പാർശ്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ പ്രത്യക്ഷ ഫലം കൂടിയാണ് പാർട്ടിക്ക് സീറ്റുകൾ കുറയാൻ കാരണം. കഴിഞ്ഞ് 10 വർഷമായി യുപി, ബിഹാർ, ബംഗാൾ, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ വിജയസാഥ്യത കൂപ്പുകുത്തിയിരിക്കുകയാണ്.

പാർട്ടിക്ക് സ്വാധീനമുള്ള മഹാരാഷ്ട്രയിലെ സീറ്റുകൾ സഖ്യകക്ഷിക്ക് വിട്ടുകൊടുത്തതും, ബിഹാറിൽ തങ്ങൾക്ക് താൽപര്യമുള്ള സീറ്റുകൾ കിട്ടാതെ വന്നതും ദുർബലമായ വിലപേശൽ ശേഷിയെ കൂടുതൽ ബാധിക്കുന്നുവെന്നതിന്റെ സൂചനയാണ്. പുതിയ പ്രാദേശിക കക്ഷികളുടെ വരവും പഴയ പ്രാദേശിക കക്ഷികളുടെ ശക്തിപ്പെടലും ഇതിനിടയിൽ സംഭവിച്ചു. കോൺഗ്രസ് ആന്ധ്രയിൽ 23 സീറ്റിൽ മത്സരിക്കുന്നു. സിപിഎമ്മിനും, സിപിഐയ്ക്കും ഓരോ സീറ്റും മാറ്റി വച്ചു. ടിഡിപിയും വൈഎസ്ആർ കോൺഗ്രസ് പാർട്ടിയും പ്രധാന റോൾ വഹിക്കുന്ന ആന്ധ്രയിൽ കോൺഗ്രസിന് വലിയ സാധ്യതയില്ല.

കുറച്ചുമാസങ്ങൾക്ക് മുമ്പ് വരെ കോൺഗ്രസിന് തങ്ങൾ മത്സരിക്കുന്ന സീറ്റുകളെ കുറിച്ച് പ്രതീക്ഷയുണ്ടായിരുന്നു. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്., രാജസ്ഥാൻ, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ സഖ്യവുമായുള്ള സീറ്റ് പങ്കിടൽ ചർച്ചകൾ വൈകിപ്പിച്ചത്, മനഃപൂർവമായിരുന്നു. ബിജെപിയുമായി നേരിട്ട് മത്സരിക്കുന്ന ഈ സംസ്ഥാനങ്ങളിൽ നല്ല പ്രകടനം കാഴ്ച വച്ചാൽ, സഖ്യകക്ഷികളുമായുള്ള വിലപേശൽ ശേഷി കൂടുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടിയത്. എന്നാൽ, മറിച്ചാണ് കാര്യങ്ങൾ സംഭവിച്ചത്.

വടക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഏറ്റ തിരിച്ചടി, ആർജെഡി, ശിവസേന, എൻസിപി, എസ്‌പി, ഇടതുപക്ഷം എന്നിവരുമായുള്ള വിലപേശൽ ശേഷിയെ ദുർബലമാക്കി. ഇതോടെ, ബിഹാറിലും, മഹാരാഷ്ട്രയിലും, യുപിയിലും ബാഗാളിലുമെല്ലാം സീറ്റുകൾ ത്യജിക്കേണ്ടി വന്നു. ഡൽഹി, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിൽ എഎപിയുമായി കൈകോർത്ത് പിടിക്കേണ്ടി വന്നു.

വളരെ ബോധപൂർവമാണ് ഈ സീറ്റ് കൈവെടിയൽ. ഇത് വളരെ നിർണായകതിരഞ്ഞെടുപ്പാണ്, പ്രതിപക്ഷത്തിന് മാത്രമല്ല, രാജ്യത്തിനാകെ തന്നെ, ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.