- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടി അനുകൂല സഹതാപ തരംഗം പുതുപ്പള്ളിയിൽ കൊടുങ്കാറ്റു പോലെ വീശിയടിക്കും; ജെയ്ക്ക് സി തോമസ് സ്ഥാനാർത്ഥി ആയാലും നിലം തൊടാതെ തോൽക്കുമെന്ന് വിലയിരുത്തൽ; കൈകഴുകാൻ പാർട്ടി ചിഹ്നത്തിൽ ആളെ നിർത്തേണ്ടെന്ന ആലോചനയിൽ സിപിഎം; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കോൺഗ്രസ് നേതാവിനെ മറുകണ്ടം ചാടിച്ചു സ്ഥാനാർത്ഥിയാക്കാൻ സിപിഎം നീക്കം
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചു കൊണ്ടാണ് സിപിഎം മത്സരിക്കുന്നത് എന്നത് സാമാന്യ രാഷ്ട്രീയ ബോധ്യമുള്ള എല്ലാവർക്കും അറിവുള്ള കാര്യമാണ്. അത്രയ്ക്ക് വൈകാരികമാണ് മണ്ഡലത്തിലെ കാര്യങ്ങൾ. ഉമ്മൻ ചാണ്ടി അനുകൂല സഹതാപ തരംഗം യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് അനുകൂലമായി വീശുമെന്ന് ഉറപ്പാണ്. ഇതോടെ തോൽവിയുടെ ആഘാതം തങ്ങളുടെ തലയിൽ വരാതെ തടിയൂരാനുള്ള ശ്രമങ്ങളാണ് സിപിഎം നേതൃത്വം നടത്തുന്നത്. അതിന് വേണ്ടി കോൺഗ്രസ് പാളയത്തിൽ നിന്നും ഒരു നേതാവിനെ മറുകണ്ടം ചാടിച്ചു സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാനാണ് ശ്രമം.
സിപിഎം സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റിൽ ഇക്കുറി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥനെ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. പുതുപ്പള്ളിയിലെ ജനപ്രതിനിധി കൂടിയായ കോൺഗ്രസ് നേതാവിനെയാണ് സിപിഎം പരിഗണിക്കുന്നത്. ഇദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. നേരത്തെ ജയ്ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാർട്ടി പരിഗണിക്കുന്നുവെന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മണ്ഡലത്തിലേക്ക് അപ്രതീക്ഷിത സ്ഥാനാർത്ഥിയെ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ജെയ്ക്ക് സി തോമസ് മത്സരിച്ചാൽ പോലും നിലം തൊടാതെ തോൽക്കുമെന്ന കാര്യം ഉറപ്പാണ്. ഇത് ഭാവിയിൽ ജെയ്ക്കിന്റെ രാഷ്ട്രീയ ഭാവി പോലും പോകാൻ ഇടയാക്കും. ഈ പശ്ചാത്തലത്തിലാണ് എൽഡിഎഫ് അപ്രതീക്ഷിത സ്ഥാനാർത്ഥിയെ പരിഗണിക്കുന്നത്. റെജി സക്കറിയുടെ പേര് അടക്കം പരിഗണിച്ചങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതൊരുന്നു പറ്റില്ലെന്നാണ് കണക്കു കൂട്ടൽ. ഇതോടെയാണ് കോൺഗ്രസ് പാളയത്തിലുള്ള നേതാവിനെ മറുകണ്ടം ചാടിക്കാൻ നീക്കം നടക്കുന്നത്. അതേസമയം ഈ നേതാവ് സ്ഥാനാർത്ഥിയാകാതിരിക്കാൻ കോൺഗ്രസ് നേതാക്കളും നീക്കം നടത്തുന്നു.
ഇത്തരമൊരു നീരക്കം നടക്കുന്നെന്ന സൂചനയാണ് മന്ത്രി വി എൻ വാസവനും നൽകുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയെ രംഗത്തിറക്കിയേക്കാം എന്നാണ് അദ്ദേഹം നൽകിയസൂചന. അതേസമയം ഈമാസം 12ാം തീയ്യതി മാത്രമാകും സ്ഥാനാർത്ഥിയെ സിപിഎം തീരുമാനിക്കുക. നേരത്തെ പരിഭ്രമം കൊണ്ടാണ് കോൺഗ്രസ് പെട്ടെന്നു സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ കുറ്റപ്പെടുത്തിയിരുന്നു.
പുതുപ്പള്ളി സീറ്റിനായി കൂടുതൽ പേർ രംഗത്തു വരുമെന്ന ഭയമാണ്, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കാരണമെന്ന് അനിൽ കുമാർ പറഞ്ഞു. ജീവിച്ചിരുന്ന കാലത്ത് ഉമ്മൻ ചാണ്ടിക്കെതിരെ ആക്ഷേപമുന്നയിക്കാത്ത ഏതു നേതാവാണ് കോൺഗ്രസിലുള്ളതെന്നും അനിൽ കുമാർ ചോദിച്ചു. ഉമ്മൻ ചാണ്ടി ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ ആക്രമിച്ചിട്ടില്ലാത്ത ഏതു കോൺഗ്രസ് നേതാവാണുള്ളത്? അദ്ദേഹത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലാത്ത ഏതു നേതാവാണ് പുതുപ്പള്ളിയിലേക്ക് വരാനിരിക്കുന്നത്?' അനിൽ കുമാർ ചോദിച്ചു. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നല്ല സ്ഥിതപ്രജ്ഞയുള്ളൊരു നേതൃത്വം കേരളത്തിലുണ്ട്. ആ നേതൃത്വം ഉചിതമായ സമയത്ത് വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും അനിൽകുമാർ പറയുകയുണ്ടായി.
അതേസമയം പുതുപ്പള്ളിയുടെ ഇടതു മനസാണെന്നാണ് സിപിഎം അവകാശപ്പെടുന്നത്. 1970 മുതൽ ഉമ്മൻ ചാണ്ടിയെന്ന അതികായനൊപ്പം ചേരുന്നതുവരെ പുതുപ്പള്ളി രാഷ്ട്രീയഭൂമികയിൽ അടയാളപ്പെടുത്തപ്പെട്ടത് സിപിഎം കരുത്തുറ്റ മണ്ഡലം എന്ന നിലയിലാണ്. മൂന്ന് തവണ ലോക് സഭാ തെരഞ്ഞെടുപ്പുകളിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഇടതു മുന്നണി ലീഡ് നേടിയിട്ടുണ്ട്. മൂന്ന് തവണയും സുരേഷ് കുറുപ്പ് തന്നെ സ്ഥാനാർത്ഥി. 1984 ൽ 1800ലേറെ ലീഡ് നേടി. പിന്നീട് 1999 ൽ പിസി ചാക്കോ എതിരാളി ആയപ്പോഴും 850 വോട്ട് ലീഡ് നേടി. 2004 ൽ ആന്റോ ആന്റണിയെ പരാജയപ്പെടുത്തിയപ്പോൾ ലീഡ് 4995 വോട്ട് ആയി
ഇപ്പോഴത്തെ നിലയിൽ എട്ട് പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. കോട്ടയം താലൂക്കിലെ അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളും ചങ്ങനാശേരി താലൂക്കിലെ വാകത്താനം പഞ്ചായത്തും ചേർന്ന മണ്ഡലമാണിത്. ഇതിൽ ആറെണ്ണം എൽഡിഎഫ് ഭരണത്തിന് കീഴിൽ. മീനടം, അയർക്കുന്നം പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്. മാത്രമല്ല, മണ്ഡലത്തിലെ 17 സഹകരണ സംഘങ്ങളിൽ 14 ലും സിപിഎം ഭരണസമിതിയാണുള്ളത്.
1970ൽ കന്നിമത്സരത്തിൽ ഇ എം ജോർജിനെ ഉമ്മൻ ചാണ്ടി തോൽപ്പിച്ചത് 7288 വോട്ടുകൾക്ക്. പിന്നീടങ്ങോട്ട് ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം പടിപടിയായി വർധിക്കുന്നതാണ് കണ്ടത്. 1996ൽ 10,155 വോട്ടുകൾക്ക് സിപിഎമ്മിന്റെ റജി സക്കറിയയെയും 2001ൽ കോൺഗ്രസ് വിട്ടുവന്ന ചെറിയാൻ ഫിലിപ്പിനെ 12,575 വോട്ടുകൾക്കും 2006ൽ സിന്ധു ജോയിയെ 19,863 വോട്ടുകൾക്കുമാണ് ഉമ്മൻ ചാണ്ടി പരാജയപ്പെടുത്തിയത്. 2011ലായിരുന്നു റെക്കോഡ് ഭൂരിപക്ഷം, 33,255. സിപിഎമ്മിന്റെ സുജ സൂസൻ ജോർജായിരുന്നു എതിരാളി. 2016ൽ ഭൂരിപക്ഷം 27,092 ആയി. 2021ൽ വീണ്ടുമിടിഞ്ഞ്, 9,044 ആയി. രണ്ടു തവണയും സിപിഎമ്മിന്റെ ജെയ്ക്ക് സി തോമസായിരുന്നു എതിർസ്ഥാനാർത്ഥി. അവസാന മത്സരത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാനായതാണ് എൽഡിഎഫിന് പ്രതീക്ഷയേകുന്ന ഒരു ഘടകം.
അതേസമയം ജയമില്ലെങ്കിലും സിപിഎമ്മിന്റെ കേഡർ സംവിധാനം കൃത്യമായി പ്രവർത്തിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പുതുപ്പള്ളി. മകൻ പകരക്കാരനായി എത്തിയെങ്കിലും ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ ഇതിഹാസം ഇല്ലാത്ത തെരഞ്ഞെടുപ്പിൽ, കാലാകാലങ്ങളിലായി അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരുന്ന വോട്ടുകളിൽ ഒരു പങ്ക് തങ്ങൾക്ക് കിട്ടുമെന്ന് സിപിഎം പ്രതീക്ഷ പുലർത്തുന്നു. എന്നാൽ, ഇതിനെയല്ലാം കടത്തിവെട്ടു ഉമ്മൻ ചാണ്ടി വികാരം എന്നത് ഉറപ്പാണ്. അതുകൊണ്ട് കൂടിയാണ് ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയാക്കിയത്. റെക്കോർഡ് ഭൂരിപക്ഷത്തിൽ തന്നെ ചാണ്ടി ഉമ്മൻ വിജയിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.
മറുനാടന് മലയാളി ബ്യൂറോ