- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമസ്തയുടെ സുപ്രഭാതത്തിലും എപി വിഭാഗത്തിന്റെ സിറാജിലും മാത്രം സിപിഎമ്മിന്റെ പരസ്യം; സരിനായി പത്ര പരസ്യം നല്‍കിയത് അനുമതി വാങ്ങാതെ; നോട്ടീസ് അയയ്ക്കും; സ്ഥാനാര്‍ഥി അടക്കം നടപടി നേരിടേണ്ടി വരും; സരിന്‍ ജയിച്ചാല്‍ എതിര്‍സ്ഥാനാര്‍ഥിക്ക് കോടതിയെയും സമീപിക്കാം
സിപിഎമ്മിന്റെ സരിന്‍ പരസ്യം അനുമതി വാങ്ങാതെ
പാലക്കാട്: 'ഈ വിഷ നാവിനെ സ്വീകരിക്കുകയോ ഹാ കഷ്ടം' എന്ന തലക്കെട്ടോടെ സുപ്രഭാതത്തിലും സിറാജിലും മാത്രമിട്ട സിപിഎമ്മിന്റെ സരിന്‍ തരംഗ പരസ്യം വിവാദത്തിലായിരിക്കുകയാണ്. സരിനായി പത്രപ്പരസ്യം നല്‍കിയത് അനുമതി വാങ്ങാതെയാണ്. സന്ദീപ് വാര്യരുടെ പഴയ പരാമര്‍ശങ്ങള്‍ അടങ്ങിയ പരസ്യത്തിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വിഷയത്തില്‍ സരിനും ചീഫ് ഇലക്ഷന്‍ ഏജന്റിനും കലക്ടര്‍ നോട്ടീസ് അയയ്ക്കും. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നല്‍കുന്ന പരസ്യത്തിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങേണ്ടതുണ്ട്.
സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനം ആസ്പദമാക്കി മുസ്ലിം മാനേജ്മെന്റ് പത്രങ്ങളിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. സമസ്തയുടെ സുപ്രഭാതത്തിലും എ.പി വിഭാഗത്തിന്റെ സിറാജിലും, 'ഈ വിഷനാവിനെ സ്വീകരിക്കുകയോ, കഷ്ടം' എന്ന തലക്കെട്ടോടെ ആയിരുന്നു പരസ്യം.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമപ്രകാരം, പരസ്യത്തിന്റെ ഡിസൈനടക്കം നല്‍കിയാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിക്ക് അപേക്ഷ നല്‍കേണ്ടത്. ജില്ലാ കലക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഒരു മാധ്യമപ്രവര്‍ത്തകന്‍, കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നിവരാണ് കമ്മിറ്റിയിലുണ്ടാവുക. ഈ കമ്മിറ്റിയുടെ അനുമതി പോലും തേടാതെയാണ് പരസ്യം പ്രസിദ്ധീകരിച്ചത് എന്നതിനാല്‍ സ്ഥാനാര്‍ഥിയടക്കം നടപടി നേരിടേണ്ടി വരും. സരിന്‍ ജയിക്കുകയാണെങ്കില്‍ സ്ഥാനാര്‍ഥിക്കെതിരെ എതിര്‍സ്ഥാനാര്‍ഥികള്‍ക്ക് കോടതിയെ സമീപിക്കാം. തുടര്‍നടപടിയായി അയോഗ്യത പോലും നേരിടേണ്ടിയും വന്നേക്കാം.
'ഈ വിഷ നാവിനെ സ്വീകരിക്കുകയോ ഹാ കഷ്ടം', 'കാശ്മീരികളുടെ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്ത സന്ദീപ് ' എന്നീ തലക്കെട്ടുകളുകളുള്ള പരസ്യത്തില്‍ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കുമെന്ന് സന്ദീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയുടെ ചിത്രങ്ങളടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയെ ചെറുതായി വെടിവെച്ചു കൊന്നതാണ് ഹിന്ദു മഹാസഭ ചെയ്ത കുറ്റമെന്ന ചാനല്‍ ചര്‍ച്ചയിലെ പ്രസ്താവനയും ചിത്രമുള്‍പ്പടെ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കോണ്‍ഗ്രസിന് വോട്ട് ചെയ്യാനാണോ ജമാത്തെ ഇസ്ലാമിക്കാരും എസ്.ഡി.പി.ഐക്കാരും പറയുന്നതെന്നും പരസ്യത്തില്‍ ചോദിക്കുന്നു.
സരിനെ സിപിഎമ്മിലേക്ക് അടുപ്പിച്ച സിപിഎം സന്ദീപ് വാര്യരേയും ഇടതുപക്ഷത്തേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നു. മന്ത്രി എംബി രാജേഷും എകെ ബാലനും പോലും സന്ദീപിനെ പൊ്ക്കി സംസാരിക്കുകയും ചെയ്തു. നല്ല പയ്യന്‍ എന്ന് ബാലേട്ടന്‍ വിളിച്ച സന്ദീപ് പക്ഷേ പോയത് കോണ്‍ഗ്രസിലേക്കായിരുന്നു. ഇതോടെ വിഷ നാവായി സന്ദീപ് മാറുകയും ചെയ്തു. ഇതെല്ലാം പൊതു സമൂഹത്തില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
അതിനിടെ എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ടുണ്ടെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. രണ്ട് പത്രങ്ങളിലേത് മാത്രം വിവാദമാകുന്നത് എന്താണെന്ന് അറിയില്ല. കോണ്‍ഗ്രസ് പരാജയ ഭീതിയില്‍ വിവാദം ഉണ്ടാക്കുകയാണ്. സന്ദീപിനോട് ഫേസ്ബുക്കിലെ പരാമര്‍ശങ്ങള്‍ ഒക്കെ ഡിലീറ്റ് ചെയ്യാന്‍ കോണ്‍ഗ്രസ് പറയണമായിരുന്നു. സന്ദീപ് ഇപ്പോഴും ആര്‍ എസ് എസുകാരനാണ്. എല്ലാ പത്രങ്ങളിലും ഒരേ ഉള്ളടക്കം ആകണം എന്നില്ല, സന്ദീപ് പറഞ്ഞത് തുറന്ന് കാട്ടുക മാത്രമാണ് ചെയ്തതെന്നും എംബി രാജേഷ് പറഞ്ഞു.
സന്ദീപ് വാര്യര്‍ ഇപ്പോഴും ആര്‍എസ്എസ് വിട്ടിട്ടില്ലെന്ന് എ.കെ ബാലന്‍ പറഞ്ഞു .അദ്ദേഹത്തിന്റെ അമ്മ ആര്‍എസ്എസിന് വിട്ടുകൊടുത്ത സ്ഥലം ഇപ്പോള്‍ ആരുടെ നിയന്ത്രണത്തിലാണ്. സംഘപരിവാര്‍ ആശയം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അങ്ങനെ ഒരാളെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതിന്റെ ഔചിത്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.
ഇന്ന് കണ്ടത് കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ മോഡിഫൈഡ് വേര്‍ഷനാണെന്ന് ഷാഫി പറമ്പില്‍ തിരിച്ചടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെ ഇതിനു അനുമതി കൊടുത്തു. ബിജെപി ഈ പരസ്യം കൊടുത്താല്‍ മനസിലാക്കാം. പത്രത്തിന്റെ കോപ്പി എംബി രാജേഷിന്റെ വീട്ടിലും എകെ ബാലന്റെ വീട്ടിലും എത്തിക്കണം. സന്ദീപ് വാരിയര്‍ ക്രിസ്റ്റല്‍ ക്ലിയര്‍ ആണെന്ന് പറഞ്ഞത് ആരാണെന്നും അദ്ദേഹം ചോദിച്ചു.