തിരുവനന്തപുരം: സംസ്ഥാനത്ത് 29 തദ്ദേശ വാർഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഫലം പുറത്തുവരുമ്പോൾ യുഡിഎഫിന് നേട്ടം. എൽഡിഎഫിന്റെ ആറ് സിറ്റിങ് സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി ഒന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി റസീന പൂക്കോട് 272 വോട്ടിന് വിജയിച്ചു. 17 വർഷമായി ഇടതുമുന്നണിയുടെ ഉറച്ച കോട്ടയാണ് ഇത്തവണ അട്ടിമറി ജയത്തോടെ യുഡിഎഫ് സ്വന്തമാക്കിയത്. എറണാകുളം കീരംപാറ പഞ്ചായത്തിലെ എൽഡിഎഫ് സിറ്റിങ് സീറ്റും യുഡിഎഫ് പിടിച്ചെടുത്തു.

തിരരഞ്ഞെടുപ്പ് നടന്ന ഏക ജില്ലാ പഞ്ചായത്ത് ഡിവിഷൻ എൽഡിഎഫ് നേടിയെന്നത് സിപിഎമ്മിന് ആശ്വാസമാണ്. പത്തനംതിട്ട് ജില്ലാ പഞ്ചായത്തിലെ പുളിക്കീഴ് ഡിവിഷനാണ് എൽഡിഎഫ് സീറ്റ് നിലനിർത്തിയത്. ഇവിടേയും വാശിയേറിയ മത്സരം നടന്നിരുന്നു. എറണാകുളം ജില്ലയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മണ്ഡലത്തിലെ ബിജെപി സിറ്റിങ്ങ് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. പറവുർ നഗരസഭയിലെ പതിനാലാം വാർഡിലാണ് എൽഡിഎഫ് ജയിച്ചു കയറിയത്.

29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കുതിപ്പാണ്. ഏഴ് സീറ്റുകൾ ഉണ്ടായിരുന്ന യു.ഡി.എഫ് 15 സീറ്റുകൾ നേടി തിളങ്ങുന്ന വിജയം സ്വന്തമാക്കി. സിപിഎമ്മിന്റേയും ബിജെപിയുടേയും കോട്ടകളെന്ന് അവർ അവകാശപ്പെട്ടിരുന്ന മേഖലകളിൽയു.ഡി.എഫ് ഉജ്ജ്വല വിജയം നേടി. സിപിഎമ്മിൽ നിന്ന് ഏഴും ബിജെപിയിൽ നിന്ന് രണ്ടും സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. എറണാകുളം കീരംപാറ പഞ്ചായത്തിലെ മുട്ടത്തു കണ്ടം വാർഡ് എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണവും യു.ഡി.എഫ് തിരിച്ചു പിടിച്ചു.

കഴിഞ്ഞ തവണ 363 വോട്ടിന് എൽ.ഡി.എഫ് ജയിച്ച മലപ്പുറം മുൻസിപ്പാലിറ്റിയിലെ കൈനോട് വാർഡ് ഇത്തവണ യു.ഡി.എഫിന് നഷ്ടപ്പെട്ടത് വെറും 12 വോട്ടുകൾക്കാണ്. എൽ.ഡി.എഫിന് മൃഗീയ ആധിപത്യമുണ്ടായിരുന്ന മട്ടന്നൂർ നഗരസഭയിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലും യു.ഡി.എഫ് എട്ട് സീറ്റുകൾ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ജയം. തദ്ദേശ തെരഞ്ഞെടുപ്പിലെ ചരിത്രത്തിലൊരിക്കലും ഇത്രയും വലിയ വിജയം കോൺഗ്രസ് നേടിയിട്ടില്ല. എന്നും തദ്ദേശത്തിലെ ചിരി ഇടതുപക്ഷത്തിന് സ്വന്തമായിരുന്നു. ഇതാണ് ഈ ഉപതെരഞ്ഞെടുപ്പിൽ മാറി മറിയുന്നത്.

കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്ത് ഒന്നാം വാർഡ് എറണാകുളം കീരംപാറ പഞ്ചായത്ത് ആറാം വാർഡ്, വയനാട് കണിയാമ്പറ്റ പഞ്ചായത്ത് നാലാം വാർഡ്, തിരുവനന്തപുരം പഴയകുന്നുമ്മൽ പഞ്ചായത്ത് മഞ്ഞപ്പാറ വാർഡ്, തൃശൂർ വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂർ ഡിവിഷൻ, ആലപ്പുഴ പാലമേൽ പഞ്ചായത്ത് ആദിക്കാട്ടുകുളങ്ങര വാർഡ്, ഇടുക്കി ഇളംദേശം ബ്ലോക്ക്പഞ്ചായത്ത് വാർഡ് , ആലപ്പുഴ പാണ്ടനാട് പഞ്ചായത്ത് വന്മഴി വാർഡ് എന്നിവയാണ് യുഡിഎഫ് പിടിച്ചെടുത്തത്. ഇതിൽ പാണ്ടനാട് വാർഡ് ബിജെപിയിൽ നിന്നും മറ്റുള്ളവ എൽഡിഎഫിൽ നിന്നുമാണ് പിടിച്ചെടുത്തത്.

എൽഡിഎഫിന് കനത്ത നഷ്ടം എറണാകുളം കീരംപാറ പഞ്ചായത്തിലാണ്. ഈ വാർഡ് യുഡിഎഫ് പിടിച്ചതോടെ എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നെടുത്താൽ വാർഡ് യുഡിഎഫിൽ നിന്നും എറണാകുളം പറവൂർ നഗരസഭ വാണിയക്കാട് ഡിവിഷൻ ബിജെപിയിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ കാർത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡ് ബിജെപി സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്തു. ആലപ്പുഴ മുതുകുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ യുഡിഎഫ് സ്വാതന്ത്ര്യ സ്ഥാനാർത്ഥി ജി എസ് ബൈജുവാണ് വിജയിച്ചത്. ബിജെപി അംഗമായിരുന്ന ജി എസ് ബൈജു ബിജെപി നേതൃത്വവുമായി തെറ്റി അംഗത്വം രാജിവെച്ചു മത്സരിക്കുകയായിരുന്നു. സ്വതന്ത്രന്റെ പിന്തുണയോടെ 5 അംഗങ്ങളുള്ള സിപിഎമ്മിനാണ് ഇവിടെ ഭരണം. ഇവിടേയും ഇനി ഭരണ മാറ്റത്തിന് സാധ്യത തെളിയും.

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം പോലും അവസാന ഘട്ടത്തിൽ യുഡിഎഫിന് തുണയായി മാറിയെന്നതാണ് വസ്തുത. തുടരെയുള്ള വിവാദങ്ങൾ എത്രത്തോളം സർക്കാരിന്റെ ജനങ്ങളിലുള്ള പ്രതീ കുറയുന്നുവെന്നതിന് തെളിവാണ് ഈ ഫലം. അതിവേഗം തിരുത്തലുകൾ നടത്തി ഇതിനെ മറികടക്കാനാകും സിപിഎം ശ്രമിക്കുക.

സംസ്ഥാനത്ത് തുടർഭരണം ലഭിച്ചതോടെ അഹങ്കാരവും ധാർഷ്ട്യവും തലയ്ക്കു പിടിച്ച സിപിഎമ്മിനും എൽ.ഡി.എഫിനും ജനം കാത്തിരുന്ന് നൽകിയ തിരിച്ചടിയാണിതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. ഏല്ലാ കോട്ടകളും ഞങ്ങൾ പൊളിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വിജയക്കൊടി പാറിക്കുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പ് വിജയികളെയും വിജയത്തിനു വേണ്ടി പ്രവർത്തിച്ച യു.ഡി.എഫ്, കോൺഗ്രസ് നേതാക്കൾളെയും കഠിനാധ്വാനം ചെയ്ത പ്രവർത്തകരെയും അഭിനന്ദിക്കുന്നു. നമുക്ക് ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്. വിജയങ്ങൾ ഇനിയും ആർത്തിക്കപ്പെടണം-സതീശൻ വിശദീകരിച്ചു.