- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്രിപുരയിലും മേഘാലയയിലും നാഗാലാണ്ടിലും വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫല സൂചനകൾ എട്ടരയോടെ വ്യക്തമാകും; ഈ വർഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണം ആരു നേടുമെന്നതിൽ എങ്ങും ആകാംഷ; പ്രതീക്ഷയിൽ ബിജെപിയും പ്രതിപക്ഷവും; നോർത്ത് ഈസ്റ്റിൽ ജനവധി എത്തുമ്പോൾ
ന്യൂഡൽഹി: വടക്കുകിഴക്കൻ മേഖലയിലെ മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടങ്ങി. എട്ടരയോടെ ഫല സൂചനകൾ ലഭ്യമാകും. പതിനൊന്ന് മണിയോടെ വ്യക്തമായ ചിത്രം പുറത്തു വരും. ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. ദേശീയ രാഷ്ട്രീയം ഏറെ ശ്രദ്ധയോടെയാണ് ഈ ഫലങ്ങൾ വീക്ഷിക്കുന്നത്. നോർത്ത് ഈസ്റ്റിൽ ബിജെപിയുടെ കരുത്ത് ചോരുമോ എന്നതാണ് നിർണ്ണായകം.
പത്തുമണിയോടെ ആദ്യ ഫലസൂചനകളിൽ വ്യക്തത വരും. ത്രിപുരയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 16-നും നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 27-നുമാണ് നടന്നത്. ത്രിപുരയിൽ 60 മണ്ഡലങ്ങളിലും മറ്റു രണ്ടിടത്ത് 59 വീതം മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പു നടന്നത്. എക്‌സിറ്റ് പോളുകളിൽ ത്രിപുരയിലും നാഗാലാൻഡിലും ബിജെപി.ക്കാണ് മേൽക്കൈ പ്രവചിച്ചത്. മേഘാലയയിൽ തൂക്കുസഭയ്ക്കാണ് സാധ്യതയെന്നും പറയുന്നു. മഹാരാഷ്ട്രയിലെ കസ്ബ പേഠ്, ചിഞ്ച്വാഡ, തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുഫലങ്ങളും വ്യാഴാഴ്ച അറിയാം.
ത്രിപുരയിൽ 21 കൗണ്ടിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. മേഘാലയയിൽ 13ഉം നാഗാലാൻഡിൽ 11ഉം കൗണ്ടിങ് സ്റ്റേഷനുകളുണ്ട്. കർശനമായ സുരക്ഷ ക്രമീകരണങ്ങളാണ് സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പൊലീസിനൊപ്പം കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. ത്രിപുരയിൽ 89 ശതമാനവും നാഗാലാൻഡിൽ 84 ശതമാനവും മേഘാലയയിൽ 76 ശതമാനവുമായിരുന്നു പോളിങ്. ഈ വർഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നത്.
60 നിയമസഭാ സീറ്റുകളിൽ ബിജെപി, സിപിഎം-കോൺഗ്രസ്, തിപ്ര മോത്ത പാർട്ടി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. കാൽനൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, 60 നിയമസഭാ സീറ്റുകളിൽ 36 സീറ്റിൽ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. 2021 ഏപ്രിലിലെ ത്രിപുര ട്രൈബൽ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ തിപ്ര മോത്ത പാർട്ടി സിപിഎമ്മിനെയും ബിജെപിയെയും നിലംപരിശാക്കിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോത്ത പാർട്ടി 42 സീറ്റിൽ സ്ഥാനാർത്ഥികളെ നിർത്തിയത് എൻഡിഎ, ഇടതു-കോൺഗ്രസ് സഖ്യങ്ങളെ കൂടുതൽ പ്രതിരോധത്തിലാക്കി. ബിജെപി 55 സീറ്റിലും സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) 6 സീറ്റിലും മത്സരിക്കുന്നു. സിപിഎമ്മിന്റെ 43 സ്ഥാനാർത്ഥികളും കോൺഗ്രസിന്റെ 13 സ്ഥാനാർത്ഥികളുമാണ് ജനവധി തേടുന്നത്. തൃണമൂൽ കോൺഗ്രസിന്റെ 28 സ്ഥാനാർത്ഥികളും ജനവിധി തേടുന്നു. ത്രിപുരയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോൾ.
ബഹുകോണ മത്സരത്തിനാണ് മേഘാലയ സാക്ഷ്യം വഹിക്കുന്നത്. കോൺഗ്രസ്, ബിജെപി, കോൺറാഡ് സാങ്മയുടെ എൻപിപി (നാഷനൽ പീപ്പിൾസ് പാർട്ടി), ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവയാണ് മത്സരരംഗത്തുള്ളത്. കോൺറാഡ് സാങ്മയുടെ എൻപിപിയുമായുള്ള ഭിന്നതയെ തുടർന്ന് ബിജെപി ഒറ്റയ്ക്ക് മത്സരിക്കുന്നു. 2018ൽ ബിജെപിക്ക് രണ്ട് സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും എൻപിപിയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ സാധിച്ചു. അഴിമതിയാരോപണങ്ങളുടെ പേരിൽ സാങ്മയുടെ പാർട്ടിയുമായുള്ള ഭിന്നതയെ തുടർന്നാണ് ബിജെപി ഇത്തവണ 60 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്.
നാഗാലാൻഡിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ 59 എണ്ണത്തിലും ത്രികോണ മത്സരമാണ് നടക്കുന്നത്. 2018ൽ സംസ്ഥാനത്തെ 60 സീറ്റുകളിൽ 12ലും വിജയിച്ച ബിജെപി എൻഡിപിപിയുമായി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി) സഖ്യത്തിലാണ് മത്സരിക്കുന്നത്. സീറ്റ് വിഭജന കരാർ പ്രകാരം എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്.