തിരുവനന്തപുരം: കേരളത്തിൽ ഇനിയുള്ള മണിക്കൂറുകൾ നിശ്ശബ്ദ പ്രചാരണം. യുഡിഎഫും എൽഡിഎഫും ബിജെപിയും പ്രതീക്ഷയോടെ വോട്ട് ചോദിക്കുകയാണ്. 20ൽ 20 നേടുകയാണ് യുഡിഎഫ് ലക്ഷ്യം. നില മെച്ചപ്പെടുത്താൻ ഇടതുപക്ഷവും. അക്കൗണ്ടു തുറക്കാനാകുമെന്ന പ്രതീക്ഷയിൽ ബിജെപിയും. അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് കേരളത്തിലുള്ളത്. വയനാട്ടിൽ മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് പൊലീസും കേന്ദ്ര സേനയും സജീവം.

കേരളത്തിലെ 2,77,49,159 വോട്ടർമാരാണ് വെള്ളിയാഴ്ച ബൂത്തിലേക്ക് പോകുന്നത്. 20 ലോക്സഭാ മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 194 പേർ. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 77.67 ആയിരുന്നു പോളിങ് ശതമാനം. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 74.06 ശതമാനവും. 80 ശതമാനത്തിൽ കുറയാതിരിക്കുക ഇത്തവണ ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ. പിന്നീട് വിധിയറിയാൻ ഒരു മാസത്തിലേറെ കാത്തിരിപ്പ്. മിക്ക മണ്ഡലങ്ങളിലും അതിശക്തമായ ത്രികോണ പോരാണുള്ളത്. ഇത് കേരളത്തിലെ തിരഞ്ഞെടുപ്പിന് ഇത്തവണ പ്രവചനാതീത സ്വഭാവം നൽകുന്നുണ്ട്.

വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കേരള പൊലീസിനുപുറമേ കേന്ദ്രസേനയുമുണ്ടാകും. 13,272 സ്ഥലത്തെ 25,231 ബൂത്തുകളിൽ പൊലീസിനെ വിന്യസിക്കും. നോഡൽ ഓഫീസർ എ.ഡി.ജി.പി. എം.ആർ. അജിത്ത് കുമാർ, അസി.നോഡൽ ഓഫീസർ ഐ.ജി. ഹർഷിത അട്ടല്ലൂരി എന്നിവരുടെ നേതൃത്വത്തിൽ 20 മേധാവിമാരുടെ കീഴിൽ പൊലീസ് ജില്ലകളെ 144 ഇലക്ഷൻ സബ്ഡിവിഷനുകളാക്കിയിട്ടുണ്ട്. ഓരോന്നിന്റെയും ചുമതല ഡിവൈ.എസ്‌പി. അല്ലെങ്കിൽ എസ്‌പി.മാർക്കാണ്. 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സുമുണ്ടാകും. പ്രശ്‌നബാധിത പോളിങ് സ്റ്റേഷനുകളിൽ കേന്ദ്രസേനയുൾപ്പെടെ അധികസേനയെ വിന്യസിച്ചിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ കരുതൽ ശക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 24-ന് കൊട്ടിക്കലാശം കഴിയുന്നതോടെയാണ് ജില്ലകളിൽ നിരോധനാജ്ഞ ആരംഭിക്കുക. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിൽ ഏപ്രിൽ 27-ന് രാവിലെ ആറുമണിവരെയാണ് നിരോധനാജ്ഞ. എന്നാൽ കാസർകോട് ഏപ്രിൽ 27-ന് വൈകിട്ട് ആറുമണിവരെ നിരോധനം നീളും.

അടിയന്തര ഘട്ടങ്ങളിൽ നോട്ടീസ് നൽകാതെ നിയമ നടപടികൾ സ്വമേധയാ ആരംഭിക്കുന്നതിന് അധികാരമുള്ള 1973-ലെ ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 144 (2) പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് നിയമവിരുദ്ധമായ സംഘംചേരൽ, പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ, ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകരുടെയും പ്രചാരകരുടെയും സാന്നിധ്യം, ഏതെങ്കിലും തരത്തിലുള്ള ഉച്ചഭാഷിണിയുടെ ഉപയോഗം എന്നിവ പാടില്ല. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദർശനം, അഭിപ്രായസർവേകളോ മറ്റെന്തെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പ് സർവേകളോ സംപ്രേഷണം ചെയ്യൽ എന്നിവ പാടില്ല.

പോളിങ് സ്റ്റേഷനിൽ നിരീക്ഷകർ, സൂക്ഷ്മ നിരീക്ഷകർ, ക്രമസമാധാന പാലന ചുമതലയുള്ളവർ, പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ എന്നിവർ ഒഴികെയുള്ളവരുടെ സെല്ലുലാർ, കോർഡ്ലസ് ഫോണുകൾ, വയർലെസ് സെറ്റുകൾ എന്നിവയുടെ ഉപയോഗം പാടില്ല. പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ ഒഴികെയുള്ളവരുടെ, പോളിങ് സ്റ്റേഷന് 100 മീറ്റർ ചുറ്റളവിലുള്ള കോർഡ്ലസ് ഫോണുകൾ, വയർലെസ് സെറ്റുകൾ എന്നിവയുടെ ഉപയോഗം പാടില്ല.

പോളിങ് ദിനത്തിൽ പോളിങ് സ്റ്റേഷന് 200 മീറ്റർ പരിധിയിൽ ഇലക്ഷൻ ബൂത്തുകൾ സജ്ജീകരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തൽ, പോളിങ് സ്റ്റേഷന് 200 മീറ്റർ പരിധിക്ക് പുറത്ത് ഒന്നിലധികം ഇലക്ഷൻ ബൂത്തുകൾ സജ്ജീകരിക്കൽ, ജനപ്രാതിനിധ്യ നിയമം സെക്ഷൻ 134 ബി പ്രകാരം ആയുധം കൈവശം വെയ്ക്കാൻ അനുമതിയുള്ളവർ ഒഴികെയുള്ളവർ പോളിങ് സ്റ്റേഷനിലോ സമീപ പ്രദേശങ്ങളിലോ ആയുധം പ്രദർശിപ്പിക്കുകയോ കൈവശം വെയ്ക്കുകയോ ചെയ്യൽ എന്നിവയ്ക്ക് നിരോധനമുണ്ട്.

വോട്ടിങ് കേന്ദ്രം, ഷോപ്പിങ് മാൾ, വ്യാപാര കേന്ദ്രങ്ങൾ, സിനിമ തിയറ്റർ, മറ്റു വിനോദ കേന്ദ്രങ്ങൾ, വിവാഹം പോലുള്ള സാമൂഹിക ചടങ്ങുകൾ, സ്വകാര്യ പരിപാടികൾ തുടങ്ങിയ ഇടങ്ങളിലെ സമാധാനത്തിന് ഭംഗം വരാത്ത, ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകൾക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. നിശബ്ദ പ്രചാരണ വേളയിലെ വീടുകൾ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ല. അവശ്യസേവന വിഭാഗം ജീവനക്കാർ, ക്രമസമാധാന ജോലിയുള്ളവർ എന്നിവർക്കും നിരോധനം ബാധകമല്ലെന്നും അറിയിച്ചിട്ടുണ്ട്.

ഓരോ പൊലീസ് സ്റ്റേഷനുകീഴിലും ക്രമസമാധാന പാലനത്തിനായി രണ്ടുവീതം പട്രോൾടീമുകളെ സജ്ജമാക്കി. തിരഞ്ഞെടുപ്പുദിവസം ദ്രുതകർമസേന എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉണ്ടാകും. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ കേന്ദ്രസേനയെ ഉൾപ്പെടുത്തിയാണ് സുരക്ഷാക്രമീകരണം. പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളാക്കി ഗ്രൂപ്പ് പട്രോളിങ്ങും നടത്തും.