തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പു ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. തിങ്കളാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഡിസംബര്‍ 20ന് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും വിധമാകും നടപടിക്രമങ്ങള്‍. വിജ്ഞാപനത്തിനുള്ള നടപടിക്രമങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ബാധിക്കുമെന്ന ആശങ്കയില്‍ കോടതിയില്‍ പോകാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനം നീളാനും സാധ്യതയുണ്ട്. സര്‍ക്കാരിന്റെ നിലപാട് കൂടി മനസ്സിലാക്കിയാകും കമ്മീഷന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ പച്ചക്കൊടി കിട്ടിയാല്‍ ഉടന്‍ പ്രഖ്യാപനം വരാനാണ് സാധ്യത.

സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ചു സംസ്ഥാന പോലീസ് മേധാവിയുമായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അന്തിമ വിശകലനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. എത്ര ഘട്ടമായി തെരഞ്ഞെടുപ്പു നടത്തണമെന്ന കാര്യമടക്കം ഡിജിപിയുമായുള്ള ചര്‍ച്ചയിലാണ് തീരുമാനിക്കുക. രണ്ടു ഘട്ടമായിട്ടാകും കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പു നടക്കുക എന്നാണ് സൂചന. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഒരു ഘട്ടവും വടക്കന്‍ മേഖലയില്‍ രണ്ടാം ഘട്ടവും എന്ന നിലയിലാണ് ആലോചന. വോട്ടെണ്ണല്‍ ഡിസംബര്‍ 15 നടത്തും വിധമുള്ള ക്രമീകരണമാണ് പുരോഗമിക്കുന്നത്.

2020ല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും നവംബര്‍ ആറിന് തദ്ദേശ തെരഞ്ഞെടുപ്പു വിജ്ഞാപനം ഇറക്കിയിരുന്നു. ആദ്യം സംസ്ഥാന സര്‍ക്കാരിന്റെ ചില പ്രഖ്യാപനങ്ങള്‍ക്കായി കമ്മീഷന്‍ സമയം അനുവദിക്കുകയായിരുന്നു. പിന്നീട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ടു തെരഞ്ഞെടുപ്പു ജോലികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതില്‍ തര്‍ക്കം നിലനിന്നിരുന്നു. തെരഞ്ഞെടുപ്പിന് തടസമുണ്ടാകാത്ത തരത്തില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി മുന്നോട്ടു പോകാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യമായ പുനഃക്രമീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ കളക്ടര്‍മാരോടു നിര്‍ദേശിച്ചിരുന്നു. ഇതുകൊണ്ടാണ് ഇപ്പോള്‍ വൈകുന്നത്.

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണവും നിശ്ചയിച്ചതോടെ ശേഷിക്കുന്നത് പൊതു തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാത്രമാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. തെരഞ്ഞെടുപ്പ് ചുമതലയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരുടെയും പട്ടിക വെള്ളിയാഴ്ച ലഭിക്കും. റിട്ടേണിങ് ഓഫീസര്‍മാര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനവും വെള്ളിയാഴ്ച പൂര്‍ത്തിയാകും. വാര്‍ഡുകളിലെ സംവരണം നിശ്ചയിക്കല്‍ പൂര്‍ത്തിയായതോടെ രാഷ്ട്രീയ പാര്‍ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടന്നിരുന്നു. വിജ്ഞാപനത്തിനുള്ള ദിവസം അടുത്തതോടെ സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു.

യുഡിഎഫും ബിജെപിയും പല തദ്ദേശ സ്ഥാപനങ്ങളിലും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി കഴിഞ്ഞു. സിപിഎം സ്ഥാനാര്‍ഥികളുടെ നിര്‍ണയമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഇടതുമുന്നണിയിലെ സീറ്റു വിഭജനവും ചില തദ്ദേശ സ്ഥാപന തലങ്ങളില്‍ പൂര്‍ത്തിയാക്കാനുണ്ട്. സംസ്ഥാനത്തും തദ്ദേശസ്ഥാപനങ്ങളിലും നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസനത്തിന്റെയും ജനക്ഷേമപ്രവര്‍ത്തനങ്ങളുടെയും ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.