ന്യൂഡൽഹി: അരുൺ ഗോയൽ പൊടുന്നനെ രാജിവച്ചതോടെ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഒരൊറ്റയംഗം മാത്രമായി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ, രാജീവ് കുമാർ മാത്രം. മറ്റൊരു കമ്മീഷണർ അനൂപ് പാണ്ഡെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നു.

ഏപ്രിൽ-മെയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. തിങ്കൾ മുതൽ ബുധൻ വരെയുള്ള ജമ്മു-കശ്മീർ സന്ദർശനത്തിന് ശേഷം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്താണ് 2027 വരെ കാലാവധി ഉണ്ടായിരുന്നിട്ടും, അടുത്ത വർഷം രാജീവ് കുമാറിന് പകരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആകാമായിരുന്നിട്ടും ഗോയലിന്റെ(61) രാജിയിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല.

1985 ബാച്ച് പഞ്ചാബ് കേഡർ ഐഎഎസ് ഓഫിസറായ അരുൺ ഗോയൽ 2022ലാണ് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ചുമതലയേറ്റെടുത്തത്. അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ സുപ്രീംകോടതിയിൽ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹർജി നൽകിയിരുന്നു. കേന്ദ്രഘനവ്യവസായ സെക്രട്ടറിയായിരുന്ന അരുൺ ഗോയൽ 2022 നവംബർ 18നാണ് വിആർഎസ് എടുത്തത്. ഒരുദിവസത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കപ്പെടുകയും ആയിരുന്നു. നിയമനത്തിൽ ധൃതി കാട്ടിയതിനെ സുപ്രീം കോടതി വിമർശിക്കുകയും ചെയ്തിരുന്നു.

വിവിധ വിഷയങ്ങളിൽ കമ്മീഷനിൽ തർക്കം നിലനിന്നിരുന്നതായി സൂചനയുണ്ട്. ഇക്കാര്യം രാജീവ് കുമാറാണ് വിശദീകരിക്കേണ്ടത്. വ്യക്തിപരമായ കാരണങ്ങളാണ് രാജി കത്തിൽ ഗോയൽ പറയുന്നത്. ഏതായാലും, സർക്കാർ ഉടൻ മറ്റു തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനപ്രക്രിയ ആരംഭിക്കും.

കഴിഞ്ഞ വർഷാവസാനം, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കാനുള്ള നിയമം കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയിരുന്നു. പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന കേന്ദ്രമന്ത്രി എന്നിവരടങ്ങുന്ന സമിതിയുടെ ശുപാർശ പ്രകാരം രാഷ്ട്രപതിയാണ് കമ്മീഷണർമാരെ നിയമിക്കേണ്ടത്. അതിന് മുമ്പ് നിയമമന്ത്രിയും, രണ്ടു സെക്രട്ടറിമാരും അടങ്ങുന്ന സേർച്ച് കമ്മിറ്റി അഞ്ചുപേരടങ്ങുന്ന ചുരുക്ക പട്ടിക തയ്യാറാക്കി തിരഞ്ഞെടുപ്പ് സമിതിക്ക് സമർപ്പിക്കണം.

വലിയ ആശങ്കയെന്ന് പ്രതിപക്ഷം

ഗോയലിന്റെ ഞെട്ടിപ്പിക്കുന്ന രാജിയിൽ വലിയ ആശങ്കയെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പ്രതികരിച്ചു.' ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഗോയലിന്റെ രാജി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം ആശങ്കാജനകനമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ എങ്ങനെയാണ് പ്രവർത്തിച്ചിരുന്നതെന്ന കാര്യത്തിലോ, സർക്കാർ കമ്മീഷനിൽ ചെലുത്തിയ സമ്മർദ്ദത്തിന്റെ കാര്യത്തിലോ സുതാര്യതയില്ല. 2019 ലെ തിരഞ്ഞെടുപ്പിൽ, തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകാൻ അശോക് വവാസ വിസമ്മതിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് എതിരെ തുടർച്ചയായ അന്വേഷണങ്ങൾ ഉണ്ടായി. ജനാധിപത്യ പാരമ്പര്യങ്ങളെ തകർക്കുന്നതിൽ വ്യാപൃതരാണ് ഭരണകൂടമെന്നാണ് ഈ സമീപം തെളിയിക്കുന്നത്', വേണുഗോപാൽ പറഞ്ഞു.

ഗോയലിന്റെ രാജി ആശങ്കാജനകമെന്ന് തൃണമൂൽ എംപി സാകേത് ഗോഖലെയും പ്രതികരിച്ചു. ഇനി പുതിയ നിയമപ്രകാരം രണ്ടുകമ്മീഷണർമാരെയും മോദി നിശ്ചയിക്കുമെന്നും അദ്ദേഹം ആരോപിച്ചു.