കണ്ണൂർ: കോളയാട് പഞ്ചായത്തിലെ പാടിപ്പറമ്പ് നാലാം വാർഡിൽ നടന്ന ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ സിപിഎം സ്ഥാനാർത്ഥി ശോഭനയ്ക്ക് മിന്നും വിജയം. മഹിളാ കോൺഗ്രസ് നേതാവും സ്വന്തം നാത്തൂനുമായ രൂപയെ പരാജയപ്പെടുത്തിയാണ് ശോഭന മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചത്. ഈ വാർഡ് ഏത് മുന്നണികളേയും മാറിമാറി തുണയ്ക്കുന്ന ഒന്നാണ് എന്നതാണ് ഇത്തവണത്തെ ഫലത്തെ കൂടുതൽ പ്രാധാന്യമുള്ളതാക്കുന്നത്.

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയായ ശോഭന 500 വോട്ടുകൾ നേടിയാണ് വിജയം ഉറപ്പിച്ചത്. എതിർ സ്ഥാനാർത്ഥിയായ മഹിളാ കോൺഗ്രസ് കോളയാട് ബ്ലോക്ക് പ്രസിഡന്റ് രൂപയ്ക്ക് 379 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇതോടെ 121 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശോഭനയുടെ വിജയം. ബിജെപി സ്ഥാനാർത്ഥി ശ്രുതി പയോളങ്ങര 91 വോട്ടുകൾ നേടിയപ്പോൾ, സ്വതന്ത്ര സ്ഥാനാർത്ഥി ശോഭ 24 വോട്ടുകൾ കരസ്ഥമാക്കി.

കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെയാണ് ശോഭന രാഷ്ട്രീയ രംഗത്ത് സജീവമായത്. ഇവരുടെ ഭർത്താവ് സത്യനാഥൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കുകയാണ്. അതേസമയം, സഹകരണ ബാങ്ക് ജീവനക്കാരിയായ രൂപ, 2020-ൽ പേരാവൂർ ബ്ലോക്കിലെ ആലച്ചേരി ഡിവിഷനിൽ മത്സരിച്ചപ്പോഴും പരാജയപ്പെട്ടിരുന്നു. കെഎസ്എഫ്ഇയിൽ കലക്‌ഷൻ ഏജന്റാണ് രൂപയുടെ ഭർത്താവ് വിശ്വനാഥൻ.

തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽത്തന്നെ കുടുംബബന്ധങ്ങളെയും രാഷ്ട്രീയത്തെയും വേർതിരിച്ചുകാണുന്നുവെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കുടുംബകാര്യങ്ങളെ ബാധിക്കില്ലെന്നും ബന്ധങ്ങളിൽ വിള്ളലുണ്ടാകില്ലെന്നും രാഷ്ട്രീയവും കുടുംബബന്ധങ്ങളും രണ്ടായി കാണാനാണ് തങ്ങളുടെ തീരുമാനമെന്നും ഇരു കുടുംബങ്ങളും ഉറപ്പുനൽകിയിരുന്നു.