ന്യൂഡൽഹി: ഹിന്ദി ബെൽറ്റിൽ ബിജെപിക്ക് എതിരാളികൾ ഇല്ലെന്ന് അടിവര ഇടുന്ന തെരഞ്ഞെടുപ്പു ഫലങ്ങലാണ് പുറത്തുവരുന്നത്. ഹിന്ദി ബെൽറ്റിൽ കോൺഗ്രസിന്റെ പ്രതീക്ഷാ തുരുത്തുകളായിരുന്ന രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും ഭരണം ബിജെപി പിടിച്ചു വാങ്ങി. മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് വിജയം പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, ഛത്തീസ്‌ഗഡിൽ ഭരണം നിലനിർത്തുമെന്നായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡിന്റെ പ്രതീക്ഷ. അതുണ്ടായില്ലെന്നതാണ് നേതൃത്വത്തെ ഞെട്ടിക്കുന്നത്.

ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയ സംസ്ഥാനങ്ങളിൽ പതിവ് പോലെ കനത്ത പരാജയം ഏറ്റുവാങ്ങിയതാണ് കോൺഗ്രസിന് തിരിച്ചടിയാകുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിൽ അധികാരം ഉറപ്പിച്ചപ്പോൾ ബിജെപിയുടെ ജൈത്രയാത്രയ്ക്ക് യാതൊരു കോട്ടവും വന്നിട്ടില്ല എന്നു വ്യക്തം. ഛത്തീസ്‌ഗഡും രാജസ്ഥാനും കോൺഗ്രസിൽനിന്നു പിടിച്ചെടുത്തതോടെ വൻ ആത്മവിശ്വാസമാണ് ബിജെപിക്കുണ്ടായിരിക്കുന്നത്. മധ്യപ്രദേശ് നിലനിർത്തുക കൂടി ചെയ്തതോടെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ഒരു ചുവടുകൂടി വച്ചിരിക്കുകയാണ് ബിജെപി.

രാജസ്ഥാനിൽ ബിജെപി ഭരണം പിടിക്കുമെന്നായിരുന്നു പ്രവചനം. ഛത്തീസ്‌ഗഡിൽ കോൺഗ്രസും മധ്യപ്രദേശിൽ വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കാതെയുമായിരുന്നു ഫലങ്ങൾ പുറത്തുവന്നത്. എന്നാൽ പ്രവചനങ്ങളെ എല്ലാം കാറ്റിൽ പറത്തിയാണ് ബിജെപി വിജയം ഉറപ്പിച്ചത്. കമൽനാഥിന്റെ നേതൃത്വത്തിൽ മധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്. ഇവിടെ ജോതിരാധിത്യ സിന്ധ്യ ഇല്ലാതെ കോൺഗ്രസ് നേരിട്ട ആദ്യത്തെ വലിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. അതു വൻ തോൽവിയിലേക്ക് എത്തുകയും ചെയ്തു.

രാജസ്ഥാനിലും കോൺഗ്രസിന്റെ അവസ്ഥ ദയനീയമാണ്. ഛത്തീസ്‌ഗഡിൽ ലീഡ് നിലയിൽ കോൺഗ്രസ് ഏറെ മുന്നിട്ടു നിന്നെങ്കിലും അവസാന ഘട്ടത്തിലേക്കെത്തിയപ്പോൾ ബിജെപി ചുവടുറപ്പിച്ചു. ഇതോടെ ഛത്തീസ്‌ഗഡിലും കോൺഗ്രസിന്റെ പ്രതീക്ഷ അസ്തമിക്കുന്ന സ്ഥിതിയാണ്. ഛത്തിസ്ഗഡിലെ തോൽവിയാണ് കോൺഗ്രസിനെ ഏറ്റവും ക്ഷീണിപ്പിക്കുന്നത്.

അതേസമയം, തെലങ്കാനയിൽ കോൺഗ്രസ് വൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. തെലുങ്കാനയിൽ കോൺഗ്രസ് ഇത് ആദ്യമായാണ് വിജയിച്ചു കയറിയത്. എഴുപതിലധികം സീറ്റുകളിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. തുടർഭരണം നടത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന ബിആർഎസ് നാൽപത് സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്. നിലവിൽ കോൺഗ്രസിന് തെലങ്കാന മാത്രമാണ് ആശ്വാസം. ഇവിടെ ബിജെപി പത്ത് സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സെമി ഫൈനൽ എന്ന വിശേഷിപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ നാലു സംസ്ഥാനങ്ങളിലെ ഫലങ്ങളാണ് പുറത്തുവരുന്നത്. എക്‌സിറ്റ് പോളുകൾ ഛത്തീസ്‌ഗഡിലും തെലങ്കാനയിലും കോൺഗ്രസിന്റെയും രാജസ്ഥാനിൽ ബിജെപിയുടെയും മുന്നേറ്റമാണ് പ്രവചിച്ചത്. മധ്യപ്രദേശിൽ 4 വീതം എക്‌സിറ്റ് പോളുകൾ ബിജെപിക്കും കോൺഗ്രസിനും മുൻതൂക്കം നൽകി. രാജസ്ഥാനും ഛത്തീസ്‌ഗഡും കോൺഗ്രസും മധ്യപ്രദേശ് ബിജെപിയുമാണു ഭരിക്കുന്നത്. തെലങ്കാനയിൽ ബിആർഎസും മിസോറമിൽ മിസോ നാഷനൽ ഫ്രണ്ടുമാണ് അധികാരത്തിൽ. മിസോറാമിലെ ഫലം നാളെ പുറത്തുവരും.

ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിയത്. കനത്ത സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ഒരുക്കിയിട്ടുള്ളത്. മധ്യപ്രദേശിൽ 230. ഛത്തീസ്‌ഗഡിൽ 90, തെലങ്കാനയിൽ 119, രാജസ്ഥാനിൽ 199 സീറ്റുകളിലേക്കാണ് ജനവിധി. ആകെ 200 സീറ്റുകളുള്ള രാജസ്ഥാനിൽ ഒരു മണ്ഡലത്തിലെ സ്ഥാനാർത്ഥി മരിച്ചതിനെത്തുടർന്നാണ് ഫലപ്രഖ്യാപനം മാറ്റിവച്ചത്.

എങ്ങുമെത്താതെ കമൽനാഥിന്റെ ഒറ്റയാൾ പോരാട്ടം

മധ്യപ്രദേശിൽ കമൽനാഥിന്റെ ഒറ്റയാൾ പോരാട്ടം തകർന്നടിയുന്ന കാഴ്‌ച്ചയാണ് കണ്ടത്. ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ ഇവിടെ കമൽനാഥും കൂട്ടരും നേരിട്ടത് മൃദു ഹിന്ദുത്വം കൊണ്ടായിരുന്നു. പാർട്ടി നയങ്ങളേക്കാളുപരി മധ്യപ്രദേശിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നിയന്ത്രിച്ചത് കമൽനാഥായിരുന്നു. മുൻ മുഖ്യമന്ത്രിയായ കമൽനാഥിന് ചുറ്റുമായിരുന്നു മധ്യപ്രദേശിലെ കോൺഗ്രസിന്റെ പ്രചാരണം. എന്നാൽ, കമൽനാഥിന്റെ തന്ത്രങ്ങൾ അമ്പേ പാളുന്നതാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ വ്യക്തമാവുന്നത്.

ബിജെപിയേക്കാളും ആവേശത്തോടെ രാമക്ഷേത്ര വിഷയം പല ഘട്ടങ്ങളിലും കമൽനാഥ് ഉയർത്തി. തെരഞ്ഞെടുപ്പിന് വർഷങ്ങൾക്ക് മുമ്പ് തന്നെ രാമക്ഷേത്രം കോൺഗ്രസ് നേട്ടമായി ഉയർത്തിക്കാട്ടാനായിരുന്നു കമൽനാഥിന്റെ ശ്രമം. രാമക്ഷേത്രത്തിന്റെ ഭൂമി പൂജയുടെ തലേന്ന് ക്ഷേത്ര നിർമ്മാണത്തിന് മധ്യപ്രദേശ് കോൺഗ്രസിന്റെ വക 11 വെള്ളിക്കട്ടകൾ നൽകുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ കമൽ നാഥിന്റെ പ്രഖ്യാപനം. ക്ഷേത്രത്തിന്റെ ഭൂമിപൂജയുടെ തലേന്ന് അദ്ദേഹത്തിന്റെ വസതിയിൽ നടത്തിയ ഹനുമാൻ ഭജനയോടനുബന്ധിച്ചാണ് ഇതേക്കുറിച്ച് കമൽനാഥ് പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ് അംഗങ്ങൾ നൽകിയ സംഭാവനകളിൽ നിന്നാണ് വെള്ളിക്കട്ടകൾ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മധ്യപ്രദേശിന്റെ സന്തോഷത്തിനും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് ഹനുമാൻ ഭജന ചൊല്ലിയതെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ കമൽനാഥ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. സംസ്ഥാനത്തെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് അയോധ്യയിൽ രാമക്ഷേത്രം പണിയാൻ ഞങ്ങൾ 11 വെള്ളിക്കട്ടകൾ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പക്ഷേ, ജനങ്ങളുടെ വോട്ടുകളെ സ്വാധീനിക്കാൻ കമൽനാഥിന്റെ പ്രസ്താവനക്കും കഴിഞ്ഞില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങളും തെളിയിക്കുന്നത്. 1985ൽ രാമജന്മഭൂമി തുറന്നുകൊടുത്ത അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് യഥാർഥത്തിൽ ക്ഷേത്രത്തിന് അടിത്തറയിട്ടതെന്നും കമൽനാഥ് അവകാശപ്പെട്ടു. ഇതൊന്നും അവിടെ ഏറ്റില്ല.

മറുവശത്ത് ജനകീയ മുഖ്യമന്ത്രി പരിവേഷവും മോദിയുടെ പ്രചരണ തന്ത്രങ്ങളും കൂടിയായപ്പോൾ ബിജെപി വിജയിച്ചു കയറി. മധ്യപ്രദേശിലെ ബിജെപിയുടെ മിന്നുന്ന വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിക്കുന്നതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പററഞ്ഞു. മോദിയുടെ പൊതു റാലികൾ ജനങ്ങളുടെ ഹൃദയത്തെ സ്പർശിച്ചുവെന്ന് ചൗഹാൻ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ഹൃദയത്തിൽ മധ്യപ്രദേശ് ഉണ്ടെന്നും മധ്യപ്രദേശിന്റെ ഹൃദയത്തിൽ പ്രധാനമന്ത്രിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''പ്രധാനമന്ത്രി മോദി ഇവിടെ പൊതു റാലികൾ നടത്തി ജനങ്ങളോട് അഭ്യർത്ഥിച്ചു, അത് ജനങ്ങളുടെ ഹൃദയത്തെ സ്പർശിച്ചു.അതിന്റെ ഫലമാണ് തെരഞ്ഞെടുപ്പിലെ ട്രൻഡ്.

കേന്ദ്രസർക്കാരിന്റെ പദ്ധതികൾ കൃത്യമായി നടപ്പാക്കിയ ഇരട്ട എൻജിൻ സർക്കാർ ഇവിടെ രൂപീകരിച്ച പദ്ധതികളും ജനഹൃദയങ്ങളെ സ്പർശിച്ചു.മധ്യപ്രദേശ് ഒരു കുടുംബമായി.ഞങ്ങളോടുള്ള ജനങ്ങളുടെ സ്‌നേഹം എല്ലായിടത്തും ദൃശ്യമായതിനാൽ ബിജെപിക്ക് സുഖകരവും വൻഭൂരിപക്ഷവും ലഭിക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു'' ചൗഹാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രാജസ്ഥാനിൽ തമ്മിലടിയിൽ തോറ്റ് കോൺഗ്രസ്

രാജസ്ഥാനിൽ ഭരണവിരുദ്ധ വികാരവും തമ്മിലടിയും കൂടിയായപ്പോൾ കോൺഗ്രസ് വൻ തോൽവിയാണ് നേരിട്ടത്. ബിജെപി ആകട്ടെ കേന്ദ്ര നേതൃത്വത്തെ നേരിട്ടിറക്കി തെരഞ്ഞെടുപ്പു രംഗം കൊഴുപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ആഭ്യന്തര കലഹങ്ങൾ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോൺഗ്രസിന് തലവേദനയായിരുന്നു.എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് ഈ തർക്കങ്ങൾ പരിഹരിച്ചെന്നും തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടാണെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ ആഭ്യന്തര തമ്മിലടി കോൺഗ്രസിന് തിരിച്ചടി നൽകിയിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന ഫലസൂചനകൾ നൽകുന്നത്.

ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് ടോങ്ക് മണ്ഡലത്തിൽ മുന്നിലെത്തിയിട്ടുണ്ട്. ബിജെപി സ്ഥാനാർത്ഥി അജിത് സിങ് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. സച്ചിൻ 2018 ലെ തെരഞ്ഞെടുപ്പിൽ 50,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ടോങ്കിൽ നിന്ന് വിജയിച്ച് കയറിയത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്നിലാണ്. രാജസ്ഥാനിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ബിജെപി നേതാവ് ഗജേന്ദ്ര സിങ് സെഖാവത്ത് പറഞ്ഞു.

ഛത്തീസ്‌ഗഡിൽ മോദിഷോയിൽ അടിപതറി കോൺഗ്രസ്സ്

ഛത്തിസ്ഡിൽ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ഇല്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ് ക്യാമ്പ്. എക്സിറ്റ് പോൾ പ്രവചനങ്ങളും ഇത് തന്നെയാണ് വ്യക്തമാക്കിയത്. എന്നാൽ ആ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. ഭൂപേഷ് ഭാഗേലിന്റെ നേതൃത്വത്തിൽ ഇക്കുറിയും ഭരണത്തുടർച്ച നേടുമെന്ന വിശ്വാസത്തിലായിരുന്ന കോൺഗ്രസിനെ ഞെട്ടിക്കുന്നതാണ് ഇപ്പോഴത്തെ ഫലം. എങ്ങനെ തോറ്റു എന്നത് കോൺഗ്രസ് ആലോചിക്കേണ്ടി വരും.

നരേന്ദ്ര മോദിയുടെ കാടിളക്കിയുള്ള തെരഞ്ഞെടുപ്പു പ്രചരണവും മഹാദേവ് ആപ്പിൽ മുഖ്യമന്ത്രി ഭാഗലിനെതിരെ രംഗത്തു വന്നതുമെല്ലാം ബിജെപിക്ക് ഗുണമാമായി മാറി. അടുത്ത വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായുള്ള സെമി ഫൈനൽ എന്ന് വിലയിരുത്തപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം മോദിക്കും ഷായ്ക്കും വലിയ ആശ്വാസം പകരുന്നതാണ്. 2003 മുതൽ 2018 വരെയായിരുന്നു ബിജെപി ഛത്തീസ്‌ഗഡിൽ അധികാരത്തിൽ തുടർന്നത്. ആ ഭരണം തിരിച്ചെത്തുകയാണ്.

കർണാടക മോഡൽ ഫലം കണ്ടു, ബി.ആർ.എസിനെ കടപുഴക്കി കോൺഗ്രസ്

ഭരണം നിലനിർത്താമെന്ന ബി.ആർ.എസ് കണക്കുകൂട്ടലിനും, അട്ടിമറി ജയം നേടാനുള്ള ബിജെപി ശ്രമങ്ങൾക്കുമെല്ലാം കനത്ത തിരിച്ചടിയേകി തെലങ്കാനയിൽ കോൺഗ്രസ് വിജയത്തിലേക്കാണ് എത്തുന്നത്. ബി.ആർ.എസിനെ ബഹുദൂരം പിന്നിലാക്കിയാണ് കോൺഗ്രസ് കുതിപ്പ്. ബിജെപിയാകട്ടെ കനത്ത തിരിച്ചടിയുടെ തരിപ്പിലാണ്. മൂന്നാമൂഴത്തിന് ശ്രമിക്കുന്ന ബി.ആർ.എസിന് പ്രചരണഘട്ടത്തിൽ തന്നെ കനത്ത വെല്ലുവിളിയുയർത്തിയിരുന്നു കോൺഗ്രസ്. നഷ്ടപ്രതാപം വീണ്ടെടുത്ത് അധികാരം പിടിക്കാമെന്ന കോൺഗ്രസ് കണക്കുകൂട്ടലുകളാണ് ഫലപ്രാപ്തിയിലെത്തുന്നത്.

ഗജ്വേൽ, കാമറെഡ്ഡി എന്നീ രണ്ട് മണ്ഡലങ്ങളിൽനിന്നാണ് കെ.സി.ആർ. ഇക്കുറി ജനവിധി തേടിയത്. ഇതിൽ കാമറെഡ്ഡിയിൽ കെപിസിസി. അധ്യക്ഷൻ രേവന്ത് റെഡ്ഡിയും ഗജ്വേലിൽ ബിജെപിയുടെ ഇ. രാജേന്ദറുമാണ് കെ.സി.ആറിന്റെ മുഖ്യ എതിരാളികൾ. കാമറെഡ്ഡിയിൽ രേവന്ത് റെഡ്ഡി പിന്നിലാക്കിയെങ്കിലും ഗജ്വേലിൽ ആദ്യറൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ കെ.സിആറാണ് മുന്നിൽ.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളെ തെലങ്കാനയിലെ മികച്ച പ്രകടനം വലിയ നേട്ടം തന്നെയാണ്. നിലംപരിശായതിൽനിന്ന് കിരീടധാരണത്തിലേക്കുള്ള യാത്ര. അതിന് ചുക്കാൻ പിടിച്ചത് കെപിസിസി. അധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മികച്ച പ്രവർത്തനവും. 2014-ൽ സംസ്ഥാനം രൂപവത്കരിക്കപ്പെട്ടതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും മൃഗീയഭൂരിപക്ഷം നേടിയാണ് കെ.സി.ആർ. അധികാരത്തിലേറിയത്. ഒരുകാലത്ത് മികച്ച സംഘടനാബലമുണ്ടായിരുന്ന കോൺഗ്രസിന്റെ അസ്ഥിവാരം തോണ്ടിക്കൊണ്ടായിരുന്നു കെ.സി.ആറിന്റെയും ബി.ആർ.എസിന്റെയും പടയോട്ടം. എന്നാൽ ആ കുതിപ്പിന് മൂക്കുകയർ വീഴുന്ന കാഴ്ചയാണ് തെലങ്കാനയിൽനിന്ന് വരുന്നത്.

ദേശീയ രാഷ്ട്രീയ മോഹവുമായി തെലങ്കാനയ്ക്ക് പുറത്തേക്ക് വളരാൻ ലക്ഷ്യമിട്ട് ടിആർഎസ്സിനെ ബിആർഎസ്സാക്കി മാറ്റി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി കസേര ആഗ്രഹിച്ച കെസിആറിന്റെ പതനം ഈ തിരഞ്ഞെടുപ്പിലെ വലിയ അട്ടിമറികളിൽ ഒന്നായി മാറുകയാണ്. 2018ൽ 88 സീറ്റ് നേടിയാണ് അന്നത്തെ ടി.ആർ.എസ് ഭരണം നിലനിർത്തിയത്. കോൺഗ്രസിന് 19 സീറ്റ് മാത്രമായിരുന്നു. എ.ഐ.എം.ഐ.എം ഏഴ് സീറ്റും നേടി. ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്.