- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതില്‍ നിന്നും പിടിച്ചെടുത്തത് 9 സീറ്റ്; 13 ല്‍ നിന്നും 17 ലേക്ക് സീറ്റ് വിഹിതം ഉയര്‍ത്തി; തച്ചന്പാറയിലേയും നാട്ടികയിലേയും കരിമണ്ണൂര്‍ പഞ്ചായത്തുകളിലെ എല്‍ഡിഎഫ് ഭരണം യു.ഡി.എഫ് അവസാനിപ്പിച്ചു; അതിശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ തെളിവെന്ന് വിഡി സതീശന്‍; ഇടതു പക്ഷം ഞെട്ടലില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സമീപകാല ഉപതിരഞ്ഞെടുപ്പുകളിലെ വിജയക്കുതിപ്പ് നിലനിര്‍ത്തനായി. 13 ല്‍ നിന്നും 17 ലേക്ക് യു.ഡി.എഫ് സീറ്റ് വിഹിതം ഉയര്‍ത്തി. പാലക്കാട് തച്ചന്‍പാറ, തൃശ്ശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളിലെ എല്‍.ഡി.എഫ് ഭരണം യു.ഡി.എഫ് അവസാനിപ്പിച്ചുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷത്തെ ഞെട്ടിപ്പിക്കുന്നതാണ് ഫലം. ഇടതു മുന്നണി ഫലത്തോടെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതിശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലവും. എല്‍.ഡി.എഫില്‍ നിന്ന് 9 സീറ്റുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. 15 സീറ്റില്‍ നിന്ന് 11 ലേക്ക് എല്‍.ഡി.എഫ് കൂപ്പുകുത്തി. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷന്‍ കഴിഞ്ഞ തവണത്തേതിന്റെ നാലിരട്ടി ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് നിലനിര്‍ത്തിയത്. മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം വാര്‍ഡ് 35 വര്‍ഷത്തിനു ശേഷം യു.ഡി.എഫ് പിടിച്ചെടുത്തു. കൊല്ലം ചടയമംഗലം പൂങ്കോട് വാര്‍ഡ് രണ്ടു പതിറ്റാണ്ടിനു ശേഷം യു.ഡി.എഫ് തിരിച്ചു പിടിച്ചു. പത്തനംതിട്ട ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളില്‍ മൂന്നിടത്തും യു.ഡി.എഫ് വിജയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടിയാണ് ഈ ഫലം.
കേരളത്തില്‍ സര്‍ക്കാര്‍ ഇല്ലായ്മയാണെന്ന പ്രതിപക്ഷ വാദത്തിന് അടിവരയിടുന്നതാണ് ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ വിജയം യു.ഡി.എഫിന് ഊര്‍ജ്ജം പകരും. അഴിമതിയും സ്വജപക്ഷപാതവും ജനവിരുദ്ധതയും നിറഞ്ഞ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയും. ഇത് സാധാരണക്കാരായ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കൂട്ടായ്മയുടെ വിജയമാണ്. യു.ഡി.എഫ് വിജയത്തിനായി രാപ്പകലില്ലാതെ കഷ്ടപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍ എന്നും സതീശന്‍ അറിയയിച്ചു.
സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയിക്കാനായി. എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു നാട്ടികയില്‍ ഇതുവരെ എല്‍.ഡി.എഫ് അഞ്ച്, യു.ഡി.എഫ് അഞ്ച് എന്ന അവസ്ഥയായിരുന്നു. എന്നാലിപ്പോള്‍ യു.ഡി.എഫിന് ആറുസീറ്റ് ലഭിച്ചിരിക്കുകയാണ്. നാട്ടിക ഒന്‍പതാം വാര്‍ഡാണിപ്പോള്‍ യു.ഡി.എഫ് തിരിച്ചു പിടിച്ചിരിക്കുന്നത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി. ബിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് സ്വന്തമാക്കിയത്.
ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തില്‍ പന്നൂര്‍ വാര്‍ഡാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. 127 വോട്ടുകള്‍ക്കാണ് യു.ഡി.എഫിലെ ദിലീപ് കുമാര്‍ വാര്‍ഡ് പിടിച്ചെടുത്തത്. യു.ഡി.എഫിലെ ഒരംഗം കൂറുമാറിയതിനെ തുടര്‍ന്നാണിവിടെ ഭരണം നഷ്ടമായത്. പലാക്കാട് തച്ചമ്പാറയില്‍ ഏഴ്-ഏഴ് എന്ന നിലയിലാണ് യു.ഡി.എഫും എല്‍.ഡി.എഫും നിലനിന്നത്. ഇപ്പോഴത് യു.ഡി.എഫിന് എട്ട് സീറ്റായി മാറി.