- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ട പോളിങ് ശതമാനം പ്രതീക്ഷിച്ച പോലെ ഉയരാത്തതിന്റെ ആശങ്കയിലായിരുന്നു രാഷ്ട്രീയ കക്ഷികൾ. കടുത്ത ചൂട് അടക്കം പല കാരണങ്ങൾ പറയുന്നുണ്ടെങ്കിലും, അടിയൊഴുക്കുകൾ ഉണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ബിജെപി ശരവേഗത്തിൽ പ്രചാരണത്തിന്റെ ദിശ മാറ്റുന്നതാണ് കണ്ടത്. പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗവും, പ്രതിപക്ഷത്തിന്റെ രൂക്ഷമായ പ്രതികരണവും എല്ലാം ചൂട് കൂട്ടി. ഈ പശ്ചാത്തലത്തിലാണ് രാജ്യം വെള്ളിയാഴ്ച രണ്ടാം ഘട്ട തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. 13 സംസ്ഥാനങ്ങളിലായി 88 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിൽ, 1203 സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കും. 89 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നതെങ്കിലും, മധ്യപ്രദേശിലെ ബേടുൽ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ബിഎസ്‌പി സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മൂന്നാം ഘട്ടത്തിലേക്ക് മാറ്റിയിട്ടുണ്ട്.
കേരളത്തിലെ 20 സീറ്റുകളിലേക്കും, കർണാടകത്തിലെ 28 ൽ 14 സീറ്റുകളിലേക്കും, രാജസ്ഥാനിലെ 13 സീറ്റുകളിലേക്കും, മഹാരാഷ്ട്രയിലെയും യുപിയിലെയും 8 വീതം സീറ്റുകളിലേക്കും മധ്യപ്രദേശിലെ 7 സീറ്റിലേക്കും, അസമിലെയും ബിഹാറിലെയും അഞ്ച് വീതം സീറ്റുകളിലേക്കും, ഛത്തീസ്‌ഗഡിലെയും പശ്ചിമ ബംഗാളിലെയും മൂന്നു വീതം സീറ്റുകളിലേക്കും മണിപ്പൂർ, ത്രിപുര, ജമ്മു-കശ്മീർ എന്നിവിടങ്ങളിലെ ഓരോ സീറ്റിലേക്കും വോട്ടെടുപ്പ് നടക്കും.
രണ്ടാം ഘട്ടത്തോടെ, കേരളം, രാജസ്ഥാൻ, ത്രിപുര സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂർത്തിയാകും. രാവിലെ 7 മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്. ഏഴുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ. ആദ്യ ഘട്ടത്തിൽ 63 ശതമാനത്തോളം വോട്ട് രേഖപ്പെടുത്തിയിരുന്നു.
15.88 കോടി വോട്ടർമാർക്കായി 1.67 ലക്ഷം പോളിങ് സ്‌റ്റേഷനുകളിൽ 16 ലക്ഷത്തോളം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിരിക്കുന്നത്. വോട്ടർമാരിൽ 8.08 കോടി പുരുഷന്മാരും, 7.8 കോടി വനിതാ വോട്ടർമാരും 5929 ട്രാൻസ്‌ജെൻഡേഴ്‌സുമുണ്ട്. 34.8 ലക്ഷം കന്നി വോട്ടർമാരുണ്ട്. 20-29 വയസ് പ്രായത്തിൽ 3.28 കോടി യുവ വോട്ടർമാരുമുണ്ട്.
കടുത്ത ചൂട് പോളിങ്ങിനെ ബാധിക്കുമോ?
അടുത്ത അഞ്ചുദിവസത്തേക്ക് പശ്ചിമ ബംഗാൾ, ഒഡിഷ, ബിഹാർ, ജാർഖണ്ഡ്, ആന്ധ്ര, തെലങ്കാന, കർണാടക, യുപി എന്നീ സംസ്ഥാനങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാളിലും ഒഡിഷയിലും റെഡ് അലേർട്ടും, ബിഹാറിലും കർണാടകയുടെ ചില ഭാഗങ്ങളിലും ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ത്രിപുരയിലും, കേരളത്തിലും തീരദേശ കർണാടകത്തിലും, തമിഴ്‌നാട്ടിലും, പുതുച്ചേരിയിലും, അസമിലും, മേഘാലയയിലും, ഗോവയിലും കടുത്ത ഉഷ്ണം വോട്ടർമാരെ അലോസരപ്പെടുത്താം. ബിഹാറിലെ ചില മണ്ഡലങ്ങളിൽ പോളിങ് സമയം കടുത്ത ചൂട് കണക്കിലെടുത്ത് കൂട്ടിയിട്ടുണ്ട്.
കേരളത്തിൽ പോളിങ് കൂടുമോ?
സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താൻ 2.77 കോടി വോട്ടർമാരാണുള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 77.67 ആയിരുന്നു സംസ്ഥാനത്ത് പോളിങ് രേഖപ്പെടുത്തിയത്. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 74.06 ശതമാനവും. ഇത്തവണ 80 ശതമാനത്തിൽ എത്തിക്കുമെന്നാണ് ഇലക്ഷൻ കമ്മീഷൻ അവകാശപ്പെട്ടത്.
ആകെ 2,77,49,159 വോട്ടർമാരാണ് ഇത്തവണയുള്ളത്. അതിൽ 6,49,833 പേർ കന്നി വോട്ടർമാരാണ്. 1,43,33,499 സ്ത്രീ വോട്ടർമാരും, 1,34,15293 പുരുഷ വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരുമാണ് ഇത്തവണത്തെ വോട്ടർപട്ടികയിലുള്ളത്. 25177 ബൂത്തുകളും 54 ഉപബൂത്തുകളും ഉൾപ്പെടെയാണ് 25231 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിരിക്കുന്നത്. 30238 ബാലറ്റ് യൂണിറ്റുകളും 30,238 കൺട്രോൾ യൂണിറ്റുകളും 32,698 വിവിപാറ്റ് യന്ത്രങ്ങളുമാണ് വോട്ടെടുപ്പിന് ഉപയോഗിക്കുക.
പൊരിഞ്ഞ പോരാട്ടം
കെ സുരേന്ദ്രൻ കൂടി മത്സര രംഗത്ത് എത്തിയതോടെ വയനാട്ടിൽ മത്സരം കടുത്തിരിക്കുകയാണ്. ഭക്ഷ്യ കിറ്റ് വിവാദമടക്കം മണ്ഡലത്തിൽ അവസാന ലാപ്പിൽ നിറഞ്ഞു നിന്നു. 20 മണ്ഡലങ്ങളിൽ രണ്ടിടത്ത് ത്രികോണമത്സരമാണ്. കഴിഞ്ഞ തവണ ടി.എൻ പ്രതാപനിലൂടെ യു.ഡി.എഫിനൊപ്പം നിന്ന തൃശൂരും രണ്ട് തവണ തരൂരിനൊപ്പം നിന്ന തിരുവനന്തപുരവും ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്നാണ് അറിയേണ്ടത്.
കഴിഞ്ഞ തവണ 93,633 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 40 ശതമാനം വോട്ടുകളാണ് പ്രതാപൻ നേടിയത്. ഇത്തവണ വി എസ് സുനിൽ കുമാറും കെ. മുരളീധരനും സുരേഷ്‌ഗോപിയും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന മണ്ഡലത്തിൽ അന്ന് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് ഇത്തവണത്തെ കന്നിവോട്ടുകൾ. 1.64 ലക്ഷം വരുന്ന കന്നിവോട്ടർമാർ ഇത്തവണ നിർണായകമാവും.
2019 ൽ 20 ൽ 19 സീറ്റും നേടിയ യുഡിഎഫ് ആലപ്പുഴ മാത്രമാണ് എൽഡിഎഫിന് വിട്ടുകൊടുത്തത്. ഇത്തവണ യുഡിഎഫിനായി കെ സി വേണുഗോപാൽ രംഗത്തിറങ്ങിയതോടെ, മത്സരം കടുത്തിരിക്കുകയാണ്.
കള്ള വോട്ട് ചെയ്താൽ ക്യാമറയിൽ കുടുങ്ങും
കള്ളവോട്ട് തടയാൻ ബൂത്തുകളിലും പുറത്തുമായി മൂവായിരത്തോളം ക്യാമറകൾ സ്ഥാപിച്ചും ഇതു നിരീക്ഷിക്കാൻ കലക്ടറേറ്റ് ഓഡിറ്റോറിയം കൺട്രോൾ റൂമായി മാറ്റിയും പഴുതടച്ച ക്രമീകരണമാണ് കണ്ണൂരിൽ. രാജ്യത്തെ ഏറ്റവും വിപുലമായ വെബ്കാസ്റ്റിങ് സംവിധാനമാണ് കണ്ണൂരിൽ ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ മുഴുവൻ പോളിങ് ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനം സജ്ജമായിക്കഴിഞ്ഞു. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ കൂടാതെ കല്യാശ്ശേരി, പയ്യന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ പോളിങ് സ്റ്റേഷനുകളും കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷിക്കാം.
സുരക്ഷ ശക്തം
സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്. 183 ഡിവൈ.എസ്‌പിമാരും 100 ഇൻസ്‌പെക്ടർമാരും സബ് ഇൻസ്‌പെക്ടർ/ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ തസ്തികയിലുള്ള 4,540 പേരും തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കും. 23,932 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ /സിവിൽ പൊലീസ് ഓഫീസർമാരും ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്നുള്ള 4,383 പൊലീസ് ഉദ്യോഗസ്ഥരും വിവിധ കേന്ദ്രസേനകളിൽ നിന്ന് 4,464 ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പിൽ സുരക്ഷാ ചുമതല നിർവഹിക്കും. ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്‌നാട് പൊലീസിൽ നിന്ന് 1,500 പേരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ 24,327 സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരും ഡ്യൂട്ടിയിൽ ഉണ്ടാകും.
സംസ്ഥാനത്തെ 20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴിൽ 144 ഇലക്ഷൻ സബ്ഡിവിഷനുകൾ ഉണ്ടാകും. ഡിവൈ.എസ്‌പി മാർക്കാണ് ഇതിന്റെ ചുമതല. ഓരോ പൊലീസ് സ്റ്റേഷനിലും ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോളിങ് ടീമുകൾ ഉണ്ടായിരിക്കും. കൂടാതെ തിരഞ്ഞെടുപ്പ് ദിവസത്തേയ്ക്കായി ദ്രുതകർമ്മ സേനയുടെ ഒരു സംഘം വീതം എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും ഉണ്ടായിരിക്കും.