- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആംആദ്മിയുടെ പഴയ മുഖം കാസര്‍കോട്ടെ ഇടതു സ്ഥാനാര്‍ത്ഥിയാകുമോ? തുഫൈല്‍ പിടിയെ രംഗത്തിറക്കാന്‍ ഐഎന്‍എല്ലില്‍ ചര്‍ച്ച സജീവം; ഇടതു സ്വതന്ത്രനാകാന്‍ മാധ്യമ പ്രവര്ത്തകന് താല്‍പ്പര്യമെന്ന് റിപ്പോര്‍ട്ട്; സിപിഎമ്മും ഈ നീക്കത്തിനൊപ്പം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ അപ്രതീക്ഷിത നീക്കത്തിനൊരുങ്ങി ഇടതുമുന്നണി. ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ തുഫൈല്‍ പി.ടിയെ ഇടത് സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവം. ഇടതു ഘടകകക്ഷിയായ ഐഎന്‍എല്‍ ആണ് തുഫൈലിന്റെ പേര് സജീവമായി മുന്നോട്ടുവെച്ചിരിക്കുന്നത്.
യുവ വോട്ടര്‍മാര്‍ക്കിടയിലും സാംസ്‌കാരിക മേഖലയിലും തുഫൈലിനുള്ള സ്വാധീനം വോട്ടായി മാറുമെന്നാണ് ഐഎന്‍എല്‍ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തുഫൈല്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ അദ്ദേഹം മത്സരിക്കണമെന്ന നിര്‍ബന്ധത്തിലാണ് ഐഎന്‍എല്‍. നിലവില്‍ ദേശീയ മാധ്യമരംഗത്ത് സജീവമായ തുഫൈല്‍ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും സിപിഎം നേതൃത്വത്തിന്റെ പച്ചക്കൊടി കൂടി ലഭിച്ചാല്‍ കാസര്‍കോട് പോരാട്ടം കടുക്കും.
2018-ല്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ ആം ആദ്മി പാര്‍ട്ടിയെ നയിച്ചാണ് തുഫൈല്‍ രാഷ്ട്രീയ ശ്രദ്ധ നേടിയത്. തെഹല്‍ക്ക, ഔട്ട്ലുക്ക് തുടങ്ങിയ ദേശീയ മാധ്യമങ്ങളില്‍ സീനിയര്‍ എഡിറ്റര്‍ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം ഡല്‍ഹി കേന്ദ്രീകരിച്ച് രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളില്‍ ശക്തമായ ബന്ധങ്ങളുള്ള വ്യക്തിയാണ്. ഡല്‍ഹിയില്‍ തീവ്ര വലതുപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ അവഗണിച്ച് ടി.എം. കൃഷ്ണയുടെ സംഗീത പരിപാടി സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്തതിലൂടെ അദ്ദേഹം വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
അഴിമതി വിരുദ്ധ പോരാട്ടങ്ങളുമായി കേരളത്തില്‍ ആം ആദ്മിയെ വളര്‍ത്താന്‍ ശ്രമിച്ച തുഫൈല്‍, ഇപ്പോള്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പുതിയ ഇന്നിംഗ്‌സ് തുടങ്ങുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കോഴിക്കോട് സ്വദേശിയായ അദ്ദേഹം ജയരാജിന്റെ 'ഒറ്റാല്‍' എന്ന സിനിമയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തുഫൈലിന്റെ വരവ് കാസര്‍കോട്ടെ മത്സരത്തിന് പുതിയ മുഖം നല്‍കുമെന്ന് ഉറപ്പാണ്.
കാസര്‍കോട് മുസ്ലീംലീഗിന്റെ കുത്തക സീറ്റാണ്. എന്നാല്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരമുണ്ടാകും. ഈ സാഹചര്യത്തില്‍ തുഫൈലിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.


