ന്യൂഡൽഹി: രാജസ്ഥാനിൽ നടത്തിയ വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. 29 ന് രാവിലെ 11 മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെടുന്നത്. കോൺഗ്രസ് അടക്കം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇന്ത്യയിലെ ജനങ്ങളുടെ സമ്പത്ത് മുഴുവൻ മുസ്‌ലിംകൾക്ക് വിതരണം ചെയ്യുമെന്നായിരുന്നു മോദിയുടെ പരാമർശം. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും കമീഷൻ വിശദീകരണം തേടിയിട്ടുണ്ട്. വിദ്വേഷമാണെന്ന് ആരോപിച്ചുള്ള പരാതിയിലാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദ്ദേശം.

അതേസമയം, മുസ്‌ലിം വിദ്വേഷ പരാമർശങ്ങൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും അവ ആവർത്തിക്കുകയാണ് മോദി. കഴിഞ്ഞ ദിവസം താൻ പറഞ്ഞ കാര്യങ്ങൾ സത്യമാണ്. എന്തുകൊണ്ടാണ് കോൺഗ്രസ് അത് അംഗീകരിക്കാത്തതെന്ന് മോദി ചോദിച്ചു. 2004ൽ ആന്ധ്രാപ്രദേശിൽ കോൺഗ്രസ് ഭരണഘടനാ വിരുദ്ധമായി മുസ്ലിംകൾക്ക് സംവരണം നൽകാൻ ശ്രമിച്ചെന്നും മോദി ആരോപിച്ചു. രാജസ്ഥാനിലെ ടോങ്കിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് മോദി വിദ്വേഷ പരാമർശം ആവർത്തിച്ചത്.

വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കോൺഗ്രസ് മുന്നിൽ കാണുന്നത്. വോട്ടിന് വേണ്ടി ഒരു വിഭാഗത്തെ മാത്രം മുന്നിൽ കാണുകയാണെന്നും മറ്റുള്ളവരെ അവഗണിക്കുകയാണെന്നും മോദി പറഞ്ഞു. ഭരണഘടനാ വിരുദ്ധമായി പ്രീണനരാഷ്ട്രീയമാണ് കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തിന്റെ സമ്പത്തിന്റെ പ്രഥമ അവകാശികൾ മുസ്ലിംകളാണെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പറഞ്ഞുവെന്നായിരുന്നു രാജസ്ഥാനിൽ മോദി പറഞ്ഞത്. നിങ്ങളുടെ സമ്പത്ത് കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും കൊടുക്കണോ എന്നും മോദി ചോദിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

മോദി പറഞ്ഞതിലെ യാഥാർത്ഥ്യം എന്താണ്?

പക്ഷേ കോൺഗ്രസ് പ്രകടന പത്രിക പരിശോധിച്ചാൽ ഇത്തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാവും. കോൺഗ്രസ് പ്രകടനപത്രിക പ്രധാനമായും 'സാമൂഹിക നീതിയും തുല്യതയും' എന്ന വിഷയങ്ങളെയാണ് ലക്ഷ്യമിടുന്നത്. പ്രകടനപത്രികയിൽ, ജാതികളും ഉപജാതികളും അവരുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളും കണക്കാക്കുന്നതിന് സാമൂഹിക സാമ്പത്തിക ജാതി സെൻസസ് നടത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാൽ, പട്ടികജാതി (എസ്സി), പട്ടികവർഗ (എസ്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവർക്കുള്ള സംവരണത്തിൽ സുപ്രീം കോടതി ഉത്തരവിട്ട 50 ശതമാനം പരിധി എടുത്തുകളയുന്നതിനുള്ള ഭരണഘടനാ ഭേദഗതി പാസാക്കുമെന്നും പാർട്ടി പറയുന്നു. മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), പട്ടികജാതി (എസ്സി), പട്ടികവർഗ (എസ്ടി), ന്യൂനപക്ഷങ്ങൾ എന്നിവയിൽ എത്ര പേർ ഉൾപ്പെടുന്നുവെന്ന് നിർണയിക്കാൻ രാജ്യവ്യാപക ജാതി സെൻസസ് നടത്തും.

അതിനുശേഷം സാമ്പത്തികവും സ്ഥാപനപരവുമായ സർവേ നടത്തും. സമ്പത്തിന്റെ വിതരണം ഉറപ്പാക്കാനുള്ള ചരിത്രപരമായ ചുവടുവെപ്പായിരിക്കും ഇത്, എന്നാണ് കോൺഗ്രസ് പ്രകടന പത്രികയിൽ പറഞ്ഞത്. 48 പേജുള്ള പ്രകടന പത്രികയിൽ ഒരാളുടെ സ്വത്ത് തങ്ങൾ എടുത്ത് മറ്റൊരാൾക്ക് നൽകുമെന്ന് കോൺഗ്രസ് പറഞ്ഞിട്ടില്ല. പ്രകടന പത്രിക കമ്മിറ്റിയിലെ പ്രധാന അംഗമായ പ്രവീൺ ചക്രവർത്തിയും ഇക്കാര്യം ചൂണ്ടിക്കാട്ടി മോദിക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

ലീഗിന്റെ മുദ്രയും വ്യാജം

ഏപ്രിൽ 5 ന് പുറത്തിറക്കിയ തങ്ങളുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെ മോദി വളച്ചൊടിക്കുകയാണ് എന്നും കോൺഗ്രസ് പ്രതികരിക്കുന്നു. മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രകടനപത്രികയെക്കുറിച്ച് മോദിയെ പഠിപ്പിക്കാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അദ്ദേഹത്തോട് അപ്പോയിന്റ്മെന്റ് തേടിയതായും കോൺഗ്രസ് പറഞ്ഞിരുന്നു.

പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുടെ പേരിൽ മോദി കോൺഗ്രസിനെ ആക്രമിക്കുന്നത് ഇതാദ്യമല്ല. കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെ പ്രകടനപത്രികയിൽ 'മുസ്ലിം ലീഗിന്റെ മുദ്ര ഉൾക്കൊള്ളുന്നു' എന്ന് പറഞ്ഞ് മോദി രംഗത്തെത്തിയിരുന്നു. ഇന്ത്യയെ ശിഥിലമാക്കാനുള്ള ശ്രമങ്ങളുടെ ഓരോ പേജിലും കോൺഗ്രസ് അതിന്റെ പ്രകടനപത്രികയിൽ നുണകളുടെ കെട്ടുകൾ ഇറക്കി. സ്വാതന്ത്ര്യത്തിന് മുമ്പ് മുസ്ലിം ലീഗിന് ഉണ്ടായിരുന്ന ചിന്തകളെ ഇത് പ്രതിഫലിപ്പിക്കുന്നു എന്നായിരുന്നു മോദി പറഞ്ഞത്. എന്നാൽ ഇതിനെതിരേയും കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പ്രകടന പത്രികയിൽ ഹിന്ദുവെന്നോ മുസ്ലീമെന്നോ ഉള്ള ഒരൊറ്റ പരാമർശം കണ്ടെത്താൻ കോൺഗ്രസ് നേതാക്കൾ ബിജെപിയെ വെല്ലുവിളിച്ചിരുന്നു.