- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൾക്കൂട്ടം വോട്ടായി മാറിയാൽ വീരഭദ്രന്റെ നാട് വീണ്ടും കോൺഗ്രസ്സ് വാഴും; തുടർഭരണ ചരിത്രമില്ലാത്ത സംസ്ഥാനത്ത് ഭരണതുടർച്ച ഉറപ്പിക്കാൻ തുനിഞ്ഞിറങ്ങി ബിജെപി; വാഗ്ദാന പെരുമഴയിലൂടെ മറ്റൊരു സംസ്ഥാനത്ത് കൂടി സാന്നിധ്യമറിയിക്കാൻ ആം ആദ്മി പാർട്ടിയും; ഹിമാചലിൽ വോട്ടായി മാറുക ഭരണവിരുദ്ധ വികാരമോ വൈകാരിക വിഷയങ്ങളോ; ഹിമാചൽ ഇന്ന് വിധിയെഴുതുമ്പോൾ
ഷിംല:തണുപ്പിനിടയിലും തിരഞ്ഞെടുപ്പ് ചൂടിന്റെ അരങ്ങും ആവേശവും മാറ്റുരച്ച് കഴിഞ്ഞ ഹിമാചൽ ഇന്ന് പോളിങ് ബൂത്തിലാണ്.കനത്ത രാഷ്ട്രീയ ചൂടിന്റെ കാറ്റ് തന്നെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഈ തണുപ്പിന്റെ താഴ്‌വരയിൽ നിറഞ്ഞ് നിന്നത്.ദേശീയ നേതാക്കളെ ഇറക്കി പ്രചാരണം നയിച്ച ബിജെപിയും സംസ്ഥാനത്തെ വിഷയങ്ങൾ സജീവ ചർച്ചയാക്കിയ കോൺഗ്രസും തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിപ്പിച്ചു. ഭരണ വിരുദ്ധ വികാരമാണോ വൈകാരിക വിഷയങ്ങളാണോ വോട്ടർമാർ പരിഗണിക്കുക എന്നതാണ് ഹിമാചലിലെ പ്രധാന വിഷയം.തുടർഭരണം പ്രതീക്ഷിക്കുന്ന ബിജെപിയും ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും സാന്നിധ്യമറിയിക്കുന്നു.ഇരുപാർട്ടികൾക്കും വിമതശല്യവും കൂടുതലാണ്.68 അംഗ നിയമസഭയിൽ, നിലവിൽ ബിജെപിക്ക് 45 സീറ്റുണ്ട്, കോൺഗ്രസിന് 22 സീറ്റും സിപിഎമ്മിന് ഒരു സീറ്റുമാണുള്ളത്.55,92,828 വോട്ടർമാർ 7,881 പോളിങ് ബൂത്തുകളിലായാണ് വിധിയെഴുതുന്നത്.
ഭരണതുടർച്ച നൽകാത്ത തിരഞ്ഞെടുപ്പ് ചരിത്രം
സംസ്ഥാനം രൂപവത്കൃതമായത് മുതൽ കാൽ നൂറ്റാണ്ട് കാലം കോൺഗ്രസ്സ് മുഖ്യമന്ത്രിമാരായിരുന്നു ഹിമാചൽ ഭരിച്ചത്.അടിയന്തരാവസ്ഥക്ക് ശേഷം നടന്ന 1977ലെ അസംബ്ലി തിരഞ്ഞെടുപ്പാണ് ഹിമാചലിൽ ആദ്യമായി കോൺഗ്രസ്സിന്റെ അടിത്തറ ഇളക്കിയത്.അന്ന് ഇന്ത്യയിലാകെ വലിയ ഓളമുണ്ടാക്കിയ ജയപ്രകാശ് നാരായണന്റെ ജനതാ പാർട്ടിയാണ് കോൺഗ്രസ്സിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്.എന്നാൽ പിന്നീടങ്ങോട്ട് മൂന്നര പതിറ്റാണ്ട് കാലമായി നാളിതുവരെ ഒരു സർക്കാറിനും ഹിമാചലിൽ ഭരണത്തുടർച്ച ലഭിച്ചിട്ടില്ല.ജനതാ പാർട്ടിയുടെ തകർച്ചക്ക് ശേഷം സംസ്ഥാനത്ത് വേരുറപ്പിച്ച ബിജെപിയാണ് കോൺഗ്രസ്സിനൊപ്പം തിരഞ്ഞെടുപ്പ് രംഗത്ത് എപ്പോഴും ഒപ്പത്തിനൊപ്പം നിന്നത്. പഴയ പ്രതാപം കോൺഗ്രസ്സിനില്ലെങ്കിലും അതേ ട്രെൻഡ് തന്നെയാണ് ഇപ്പോഴും സംസ്ഥാനത്ത് നിലനിൽക്കുന്നതും എന്ന് തന്നെ പറയാം.
അങ്ങനെ രാഷ്ട്രീയ ചരിത്രം നോക്കുമ്പോൾ കൂടുതൽ തവണ സംസ്ഥാനം ഭരിച്ചത് കോൺഗ്രസ് പാർട്ടിയാണ്.ഏട്ട് തവണയാണ് കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നത്. ജനതാ പാർട്ടി ഒരു തവണയും ബിജെപി മൂന്ന് തവണയും സംസ്ഥനം ഭരിച്ചിട്ടുണ്ട്. കോൺഗ്രസിലെ വീരഭദ്ര സിങാണ് കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി.അഞ്ച് തവണയാണ് വീരഭദ്ര സിങ് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നത്.
തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോൾ 1962ലാണ് ഒന്നാം നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് പ്രതിനിധി യശ്വന്ത് സിങ് പർമാമാറായിരുന്നു ഹിമാചൽ പ്രദേശ് സർക്കാരിന്റെ പ്രഥമ മുഖ്യമന്ത്രി. അഞ്ച് വർഷം പൂർത്തിയാക്കിയ സർക്കാർ പിന്നീട് നടന്ന 1967, 72ൽ തിരഞ്ഞെടുപ്പിലും യശ്വന്ത് സിങ് പർമാറിന്റെ നേതൃത്തിലുള്ള കോൺഗ്രസ് സർക്കാരാണ് സംസ്ഥാനം ഭരിച്ചത്. 1977 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പതിനഞ്ച് വർഷത്തിന്റെ ഭരണം അവസാനിപ്പിച്ചുകൊണ്ട് ജനതാ പാർട്ടി അധികാരത്തിലെത്തി. ശാന്ത കുമാറായിരുന്നു നാലം നിയമസഭയിലെ മുഖ്യമന്ത്രി. 1982ൽ നടന്ന ആഞ്ചാമത് നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് അധികാരത്തിലെത്തി രാംലാൽ താകൂറും വീരഭദ്രസിങ്ങുമായിരുന്നു 1982-85 കാലയിളവിലെ സർക്കാരിലെ മുഖ്യമന്ത്രിമാർ.
ആറാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭരണ തുടർച്ച ഉണ്ടായി. വീരഭദ്ര സിങാണ് ആ കാലയിളവിൽ സർക്കാരിനെ നയിച്ചത്. എന്നാൽ 1990ൽ നടന്ന ഏഴാം നിയസഭ തിരഞ്ഞെടുപ്പിലാണ് ബിജെപി സംസ്ഥാനത്ത് ആദ്യമായി സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. നാലാം അസംബ്‌ളിയിൽ ജനതാ പാർട്ടിയുടെ മുഖ്യമന്ത്രിയായിരുന്ന ശാന്ത കുമാർ. 1990ൽ അധികാരത്തിലെത്തിയ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചു. എന്നാൽ 1993ൽ നടന്ന എട്ടാമത് നിയസഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി വീരഭദ്രസിങിന്റെ നേത്യത്വത്തിൽ കോൺഗ്രസ് വീണ്ടും അധികാരം തിരിച്ചുപിടിച്ചു.
എന്നാൽ അഞ്ചു വർഷം പൂർത്തിയാക്കിയ വീരഭദ്ര സിങിന് ഭരണ തുടർച്ച സാധിച്ചില്ല. തുടർന്ന് നടന്ന ഒമ്പതാമത് നിയമസഭയിൽ പ്രേംകുമാർ ധുമാലിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തി. പിന്നീട് നടന്ന പത്താം നിയമസഭയിൽ കോൺഗ്രസ് അധികാരത്തിലെത്തി. വീരഭദ്ര സിങായിരുന്നു ആ കാലയിളവിൽ മുഖ്യമന്ത്രി. 2007ൽ പതിനൊന്നാമത് നിയമസഭയിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രേം കൂമാർ ധുമാലിന്റെ നേതൃത്വത്തിൽ ബിജെപി വീണ്ടു അധികാരത്തിലെത്തി. എന്നാൽ പ്രേം കുമാർ സർക്കാരിനും ഭരണ തുടർച്ച സാധിച്ചില്ല.2012ൽ നടന്ന പന്ത്രണ്ടമത് നിയസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണത്തിൽ തിരിച്ചെത്തിയെങ്കിലും 2017 ൽ വീരഭദ്ര സിങ്കിനും ഹിമാചലിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിക്കാനായിരുന്നു വിധി.തുടർന്നാണ് ജയ് റാം ഠാക്കൂറിന്റെ നേതൃത്വത്തിൽ ബിജെപി ഹിമാചലിൽ വീണ്ടും അധികാരത്തിലെത്തിയത്.
ചരിത്രം തിരുത്താനുറച്ച് ജയ് റാം ഠാക്കൂറും ബിജെപി യും,വിമതശല്യം വിനയാവും
തിരഞ്ഞെടുപ്പിൽ ബിജെപിയെ നയിക്കുന്നത് നിലവിലെ മുഖ്യമന്ത്രി ജയ് റാം താക്കൂർ തന്നെയാണ്. ഉത്തർ പ്രദേശിന് സമാനമായ ജനസമ്പർക്ക പരിപാടികളിലൂടെയാണ് ബിജെപി പ്രചാരണ രംഗം കൊഴുപ്പിച്ചത്.ബൂത്ത് തലത്തിലേക്ക് നേതാക്കൾ ഇറങ്ങിച്ചെന്ന് ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിയായിരുന്നു ബിജെപി യുടെ പ്രചരണം മുന്നോട്ട് പോയത്. കഴിഞ്ഞ 16 ദിവസത്തിനിടെ രണ്ടാം സന്ദർശനത്തിനായി വ്യാഴാഴ്ച ഹിമാചലിൽ എത്തിയ മോദി 3,000 കിലോമീറ്ററിലധികം വരുന്ന പി എം ജി എസ് വൈ റോഡ് പദ്ധതികളാണ് പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് വാഗ്ദാനമുൾപ്പെടെ ബിജെപി യുടെ പ്രധാന തിരഞ്ഞെടുപ്പ് തന്ത്രമായി മാറി.
കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ മണ്ഡലങ്ങളിലായി സംസ്ഥാനത്ത് 4,000 കോടിയിലധികം രൂപയുടെ പദ്ധതികൾ പ്രഖ്യാപിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉന, ഹമിർപൂർ, കാൻഗ്ര തുടങ്ങിയ സ്ഥലങ്ങളിൽ 1,000 കോടി രൂപയുടെ പദ്ധതികൾക്ക് കഴിഞ്ഞ വാരത്തിൽ മാത്രം അനുമതി നൽകി. ഇതിൽ 300 കോടിയിലധികം മൂല്യമുള്ള പദ്ധതികൾ ഫലത്തിൽ ഇപ്പോൾ തന്നെ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. വൻ വികസന പദ്ധതികൾക്കൊപ്പം വർഗീയ ധ്രുവീകരണം ലക്ഷ്യം വെക്കുന്ന രാമക്ഷേത്രം, കശ്മീർ അടക്കമുള്ള വൈകാരിക വിഷയങ്ങളും ബിജെപി പ്രചാരണ രംഗത്ത് നന്നായി ഉപയോഗിക്കുന്നുണ്ട്.
എന്നാൽ 21 വിമതർ മത്സരിക്കുന്നത് ബിജെപി ക്ക് ചില്ലറ തലവേദനയല്ല സൃഷ്ടിക്കുന്നത്.മുൻ എം എൽ എമാരടക്കം ബിജെപി സ്ഥാനാർത്ഥികൾക്ക് ഭീഷണിയുയർത്തി സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരരംഗത്തെത്തിയതോടെ ബിജെപി സംഘടനാ നടപടിയിലേക്ക് കടന്നിരുന്നു.തെരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശം അവഗണിച്ച് സ്വതന്ത്രരായി മത്സരിക്കുന്ന 5 പേരെ പുറത്താക്കിയായിരുന്നു ബിജെപി വിമതരെ വിറപ്പിക്കാൻ നോക്കിയത് 4 മുൻ എം എൽ എമാരെയടക്കമാണ് പുറത്താക്കിയിട്ടും അവർ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് നിന്നത് മണ്ഡലങ്ങളിൽ ബിജെപിക്ക് വലിയ വെല്ലുവിളി ഉയർത്തിയേക്കും.
മുൻ മുഖ്യമന്ത്രിയും ഹിമാചൽ ബിജെപിയിലെ ഒരു ഗ്രൂപ്പിന്റെ നേതാവുമായ പ്രേം കുമാർ ധൂമലിന്റെ പക്ഷത്തെ നിരവധി പേർക്ക് പാർട്ടി ഇത്തവണ സീറ്റ് നൽകിയില്ല. ഇവരിൽ മിക്കവരും വിമതരായി മത്സരിക്കുന്നു. വോട്ടർമാരുടെ എണ്ണം തീരെ കുറഞ്ഞ മണ്ഡലങ്ങളാണ് ഹിമാചലിൽ. വ്യക്തി ബന്ധങ്ങളും വോട്ടായി മാറുന്ന ഇടമായതിനാൽ തന്നെ വിമതരുടെ സാന്നിധ്യം ബിജെപി ക്ക് തലവേദനയാകും.
ആൾക്കൂട്ടവും ഭരണവിരുദ്ധവികാരവും തുണയ്ക്കുമെന്ന വിശ്വാസത്തിൽ കോൺഗ്രസ്സ്
നിലവിൽ ഹിമാചൽ പ്രദേശ് നിയമസഭയിൽ ബിജെപിക്ക് 45 എം എൽ എമാരും കോൺഗ്രസ്സിന് 22 പേരും സി പി എമ്മിന് ഒരു എം എൽ എ വീതവുമാണുള്ളത്. എന്നാൽ 2021 ഒക്ടോബർ 30ന് നടന്ന അവസാന ഉപതിരഞ്ഞെടുപ്പിൽ മാണ്ഡി ലോക്‌സഭാ സീറ്റും ജുബ്ബൽ-കോട്ഖായ് അസംബ്ലി സീറ്റും ബിജെപിയിൽ നിന്ന് പിടിച്ചെടുത്തപ്പോൾ രണ്ട് നിയമസഭാ സീറ്റുകൾ കോൺഗ്രസ്സ് നിലനിർത്തുകയും ചെയ്തിരുന്നു. ഇതിൽ മാണ്ഡി ലോക്സഭാ സീറ്റ്, 2019ൽ ബിജെപിക്ക് നാല് ലക്ഷത്തിന്റെ ഭൂരിപക്ഷം നൽകിയ മണ്ഡലമായിരുന്നു. ഇത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നതിന്റെ തെളിവായി കോൺഗ്രസ്സും ഉയർത്തി കാണിക്കുന്നുണ്ട്.
അടുത്ത കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മറ്റൊരു സംസ്ഥാനത്തും കാണാത്ത ആവേശം ഹിമാചലിലെ കോൺഗ്രസിൽ കണ്ടു. തൊഴിലില്ലായ്മ, പുതിയ പെൻഷൻ പദ്ധതിയിലെ വലിയ കുഴപ്പം, അഗ്നിപഥ് പദ്ധതി, ആപ്പിൾ കർഷകരുടെ പ്രതിസന്ധി തുടങ്ങിയ അടിസ്ഥാന ജനകീയ വിഷയങ്ങളെക്കുറിച്ച് വോട്ടർമാരിൽ ബോധമുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസിന്റെ പൊതുയോഗങ്ങളിൽ വലിയ ആൾക്കൂട്ടത്തെ കണ്ടതും പ്രതീക്ഷക്ക് വക നൽകുന്നു.തൊഴിലും പെൻഷനും ആപ്പിളിന് താങ്ങുവിലയും ചോദിക്കുന്ന മനുഷ്യരോടാണ് ഞങ്ങൾ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കും എന്ന് ബിജെപി പറയുന്നതെന്ന പ്രചാരണവും കോൺഗ്രസ്സിന് നേട്ടമായേക്കാം.
അതേ സമയം കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഭരണവിരുദ്ധ വികാരം പോലും തങ്ങൾക്കനുകൂലമാക്കാനുള്ള സംഘടനാപരമായ ശേഷിയില്ല എന്നത് വലിയ വെല്ലുവിളിയാണ്.മറ്റു സംസ്ഥാനങ്ങളിൽ നേരിടുന്ന പോലെ തന്നെ കൂറുമാറ്റവും നേതൃത്വ പ്രതിസന്ധിയും ഹിമാചലിലും കോൺഗ്രസ്സിന് വലിയ പ്രശ്നമായി മുന്നിലുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന് പകരക്കാരനായി ഉയർത്തി കാണിക്കാൻ പാകമായ ഒരു നേതാവ് പോലും ഇപ്പോൾ കോൺഗ്രസ്സിനില്ല.ആറ് തവണ മുഖ്യമന്ത്രിയായ വലിയ ജനപ്രീതിയുള്ള നേതാവായിരുന്നു സിങ്.സിംഗിന്റെ നേതൃത്വത്തിലാണ് ഏറെക്കാലം കോൺഗ്രസ്സ് തിരഞ്ഞെടുപ്പുകളെ നേരിട്ടത്.അതുകൊണ്ട് തന്നെ സിംഗിന് പകരക്കാരനെ കണ്ടെത്തുക എന്നതും വലിയ വെല്ലുവിളിയാണ്.മാത്രമല്ല തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയിലേക്കുള്ള നേതാക്കളുടെ കൂറുമാറ്റവും സജീവമാണ്.കോൺഗ്രസ്സ് എം എൽ എമാരായ പവൻ കുമാർ കാജലും ലഖ്വീന്ദർ സിങ് റാണയും കഴിഞ്ഞ ആഗസ്റ്റിൽ ബിജെപിയിൽ ചേർന്നിരുന്നു.കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റിയുടെ തലവനായിരുന്നു കാജൽ.
സെപ്റ്റംബറിൽ സംസ്ഥാന കോൺഗ്രസ്സ് വർക്കിങ് പ്രസിഡന്റും മുൻ ക്യാബിനറ്റ് മന്ത്രിയുമായ ഹർഷ് മഹാജനും ബിജെപിയിലേക്ക് പോകുകയുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ മുതിർന്ന നേതാക്കളുടെ തുടർച്ചയായ ഈ കൂടുമാറ്റങ്ങൾ കോൺഗ്രസ്സ് ക്യാമ്പിലെ ആവേശം ചോർത്തുന്നുണ്ട്. എന്നാൽ ഉപതിരഞ്ഞെടുപ്പ് ട്രെൻഡിലെ പ്രതീക്ഷയിൽ കോൺഗ്രസ്സിലേക്കും നേതാക്കളുടെ കടന്നു വരവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ബിജെപിയുടെ ഹിമാചൽ പ്രദേശ് പാർട്ടി മുൻ മേധാവി ഖിമി റാം, എ എ പി മുൻ ഹിമാചൽ പ്രദേശ് പ്രസിഡന്റ് നിക്ക പട്യാൽ, എ എ പിയുടെ ഹിമാചൽ പ്രദേശ് ഘടകത്തിന്റെ വൈസ് പ്രസിഡന്റ് എസ് എസ് ജോഗത എന്നിവർ കോൺഗ്രസ്സിലും ചേർന്നിരുന്നു. എന്നിരുന്നാലും മുൻ പി സി സി അധ്യക്ഷൻ കുൽദീപ് റത്തോഡുംകോൺഗ്രസ്സ് ലെജിസ്ലേച്ചർ പാർട്ടി നേതാവ് മുകേഷ് അഗ്നിഹോത്രിയും തമ്മിലുള്ള ഗ്രൂപ്പ് കളി ഇപ്പോഴും അവസാനിച്ചിട്ടില്ല.വിഭാഗീയത ഒഴിവാക്കാൻ റത്തോഡിനെ എ ഐ സി സി വക്താവായി നിയമിക്കുകയായിരുന്നു. ഈ വിഭാഗീയതയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിൽ നിന്ന് വരെ കോൺഗ്രസ്സിനെ തടഞ്ഞത് എന്നതും ശ്രദ്ദേയമാണ്.
വാഗ്ദാന പെരുമഴയുമായി ആപ്പും
പഞ്ചാബിൽ അധികാരം പിടിച്ച തന്ത്രം തന്നെയാണ് ആം ആദ്മി ഹിമാചലിലും പരീക്ഷിക്കുന്നത്.ജനങ്ങളെ ആകർഷിക്കാൻ വലിയ സൗജന്യങ്ങളാണ് തിരഞ്ഞെടുപ്പ് പത്രികയിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്.300 യൂനിറ്റ് സൗജന്യ വൈദ്യുതി, ആറ് ലക്ഷം തൊഴിൽ, 3,000 രൂപ തൊഴിലില്ലായ്മ വേതനം, എല്ലാ സ്ത്രീകൾക്കും പ്രതിമാസ അലവൻസായി 1,000 രൂപ, ഡൽഹിക്ക് സമാനമായ മൊഹല്ല ക്ലിനിക്കുകളിൽ സൗജന്യ ആരോഗ്യ പരിരക്ഷ, പത്താം ക്ലാസ്സ് വരെ എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം തുടങ്ങിയ വലിയ സൗജന്യ പെരുമഴയാണ് ആപ്പ് പ്രകടന പത്രികയിൽ പറയുന്നത്.
പഞ്ചാബിലെ ആവേശം ഹിമാചലിലേയ്ക്ക് കൊണ്ടുവരാൻ ആംആദ്മി പാർട്ടി ശ്രമിച്ചെങ്കിലും സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ കള്ളപ്പണക്കേസിൽ ജയിയിലായതോടെ പ്രവർത്തനം മന്ദഗതിയിലായി.നേതാക്കൾ ഗുജറാത്തിൽ കേന്ദ്രീകരിച്ചു.ഹിമാചലിലെ സാധ്യതകൾ മങ്ങുകയും ചെയ്തു. മറ്റ് പാർട്ടികൾ വിട്ട് വന്ന അഞ്ച് നേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളാണ് എഎപിക്ക് പ്രതീക്ഷയുള്ളത്.
ജാതി സമവാക്യങ്ങൾക്കും വലിയ വളക്കൂറുള്ള സംസ്ഥാനമാണ് ഹിമാചൽ.ജനസംഖ്യയിൽ പകുതിയിലധികം രജപുത്രരും ബ്രാഹ്മണരുമാണ്. രജപുത്രർ 33 ശതമാനവും ബ്രാഹ്മണർ 18 ശതമാനവുമുണ്ട്. ആദ്യത്തെ കോൺഗ്രസ്സ് ഇതര മുഖ്യമന്ത്രിയായ ശാന്ത കുമാർ ഒഴികെയുള്ള എല്ലാ മുഖ്യമന്ത്രിമാരും രജപുത്രരായിരുന്നു. സംസ്ഥാനത്ത് 25 ശതമാനത്തിലധികം ദളിതരുമുണ്ട്. അതേസമയം ദളിതർ സംഘടിതരല്ല എന്നതാണ് പ്രശ്നം. ജനസംഖ്യയുടെ ഗണ്യമായ അനുപാതം ഉൾക്കൊള്ളുന്ന ദളിത് വോട്ടുകൾ എങ്ങോട്ട് ചായുന്നു എന്നതിനെ അപേക്ഷിച്ചാകും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം. എ എ പിയും ഈ രജപുത്ര വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് നേതാക്കളെ തീരുമാനിച്ചിരിക്കുന്നത് എന്നത് ജാതി പേരുകൾ എത്രമാത്രം വോട്ടിനെ സ്വാധീനിക്കുന്നു എന്നതിന്റെ സാക്ഷ്യമാണ്.
സംസ്ഥാനത്ത് സവർണ വോട്ടിലെ വലിയ ഭൂരിപക്ഷം ഇത്തവണ ബിജെപി പെട്ടിയിലാക്കാനാണ് സാധ്യത. സവർണ പ്രീണനം ലക്ഷ്യം വെച്ച് രൂപവത്കരിച്ച കമ്മീഷനും ഭൂരിപക്ഷ വോട്ടുകൾ കോൺഗ്രസ്സിൽ നിന്ന് പൂർണമായും അടർത്തി എടുക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണ്. അതേസമയം കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകളും നേരിയ തോതിൽ ബിജെപിയുടെ പെട്ടിയിൽ വീണിട്ടുണ്ട്.ഈ വോട്ടുകൾ തിരിച്ചു കൊണ്ടു വരാനും ദളിത് വോട്ടുകൾ ഏകീകരിക്കാനും കഴിഞ്ഞാൽ കോൺഗ്രസ്സിന് നില മെച്ചപ്പെടുത്താനാകും.നിലവിൽ അധികാരം പിടിക്കാനുള്ള വോട്ട് ബാങ്കോ സംഘടനാ ശേഷിയോ ആപ്പിനില്ല. എന്നാൽ ആപ്പ് പഞ്ചാബ് മോഡൽ ഒരു മുന്നേറ്റം ഉണ്ടാക്കിയാൽ തന്നെ അത് പ്രതിപക്ഷ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കുന്നതിലും ഫലത്തിൽ ബിജെപിയെ വീണ്ടും അധികാരത്തിലേക്ക് നയിക്കുന്നതിലുമാകും കലാശിക്കുക.
മറുനാടന്‍ മലയാളി ബ്യൂറോ