- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഭ്യന്തര കലഹത്തിൽ നാഥനില്ലാ കളരി ആയി മാറിയ കോൺഗ്രസിനെ ഇകഴ്ത്തി കാണിക്കുന്നെങ്കിലും ബിജെപിക്ക് ഉള്ളിൽ പേടി; ഉപതിരഞ്ഞെടുപ്പുകളിലെ ഭരണവിരുദ്ധ വികാരം വീശിയടിച്ചാൽ കോട്ട പൊളിയും; മോദിയെ ഇറക്കി ഒരുമുഴം മുന്നേ എറിഞ്ഞെങ്കിലും മാറി മാറി പാർട്ടികളെ വരിക്കുന്ന ഹിമാചൽ പ്രദേശിൽ ബിജെപി ജയിച്ചുകയറാൻ വിയർക്കും; കോൺഗ്രസിന് പാരയായി ആം ആദ്മി പാർട്ടിയുടെ വരവും
ഷിംല: ഓരോ അഞ്ചുവർഷവും തിരഞ്ഞെടുപ്പ് അടുക്കാറാകുമ്പോൾ ഹിമാചലിൽ ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരോട് മുഖം തിരിക്കുമത്രേ. കാര്യങ്ങൾ പൊടുന്നനെ സാവധാനത്തിലാകും. സർക്കാർ സംവിധാനമാകെ നിശ്ചലമാകും. കാരണം ഈ സംസ്ഥാനത്ത് ഒരുകാര്യത്തിന് മാത്രമാണ് സ്ഥിരത-മാറ്റം. കഴിഞ്ഞ 30 വർഷത്തിനിടെ, അതായിരുന്നു പതിവ്. കോൺഗ്രസിനെയും ബിജെപിയെയും മാറി മാറി വരിക്കും. ഈ വട്ടം അതിന് മാറ്റമുണ്ടാകുമോ? ഉണ്ടാകുമെന്ന് ബിജെപി പറയുന്നു. പതിവുകൾ മാറും എന്നതാണ് ബിജെപയുടെ പ്രചാരണ മുദ്രാവാക്യം തന്നെ. കോൺഗ്രസാണ് ഏക ബദൽ എന്ന മുദ്രാവാക്യവുമായി വളരെ സൂക്ഷിച്ചാണ് കോൺഗ്രസിന്റെ പ്രചാരണം. വനിതകൾക്ക് ബസ് യാത്രാക്കൂലിയിൽ 50 ശതമാനം ഇളവ്, 125 യൂണിറ്റ് സൗജന്യ വൈദ്യുതി എന്നിങ്ങനെ ബിജെപി സർക്കാർ ആനുകൂല്യങ്ങൾ വാരിചൊരിഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറിന്റെ നാടായ മണ്ഡിയിൽ കഴിഞ്ഞ വർഷം നാല് ഉപതിരഞ്ഞെടുപ്പുകളിൽ ഉണ്ടായ പരാജയം ബിജെപിയെ ഇരുത്തി ചിന്തിപ്പിച്ചു. പാർട്ടി കൂടുതൽ ഉണർന്നു പ്രവർത്തിച്ചു. ഉത്തരാഖണ്ഡിലെയും, ഹരിയാനയിലെയും, ഗോവയിലെയും മണിപ്പൂരിലെയും പോലെ ഹിമാചലിലും വിജയം ആവർത്തിക്കുമെന്നാണ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
ഭരണവിരുദ്ധ വികാരം ബിജെപിക്ക് വെല്ലുവിളി
എന്നിരുന്നാലും രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റം വന്നതോടെ ഇത്തവണ ഭരണം നിലനിർത്തുക ബിജെപിക്ക് വലിയ വെല്ലുവിളിയാകും. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തുണ്ടെന്നാണ് ബിജെപി തന്നെ വിലയിരുത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയെ തന്നെ നേരത്തെ കളത്തിലിറക്കി ബിജെപി പ്രചാരണ രംഗത്ത് സജീവമായിരിക്കുന്നത്. അതേസമയം ഉപതിരഞ്ഞെടുപ്പിലെ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
തെരഞ്ഞെടുപ്പുകളിൽ പാർട്ടികൾ മാറി മാറി അധികാരത്തിൽ വരുന്ന ചരിത്രമാണ് രണ്ടു പതിറ്റാണ്ടായി ഹിമാചൽ പ്രദേശിനുള്ളത്. ഇതുവരെ ആറ് തവണ കോൺഗ്രസ് അധികാരത്തിലെത്തി. മൂന്ന് തവണ ബിജെപിയും. 2017ൽ ബിജെപിയുടെ സംസ്ഥാനത്തെ മുഖമായിരുന്ന പ്രേം കുമാർ ധൂമാൽ ഫോൺ ചോർത്തൽ വിവാദത്തിൽപെട്ട് മണ്ഡലത്തിൽ പരാജയപ്പെട്ടതോടെയാണ് ജയറാം താക്കൂർ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്.
അന്നുമുതൽ പ്രേം കുമാർ ധൂമാലിന്റെ നേതൃത്വത്തിൽ പാർട്ടിയിൽ ഒരു വിഭാഗം ജയറാം താക്കൂറിനെതിരെ നീങ്ങുകയാണ്. 2021 ൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും മണ്ഡി ലോകസഭാ മണ്ഡലത്തിലും കോൺഗ്രസ് വിജയിച്ചു. ഇതോടെ ഭരണ വിരുദ്ധ വികാരം നേരിടുന്നതിനുള്ള നീക്കങ്ങൾ ബിജെപി തുടങ്ങി. ഇത്തവണയും ജയറാം താക്കൂറിനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി രണ്ടു മാസം മുമ്പേ പ്രചാരണം തുടങ്ങി. ഞായറാഴ്ച ധർമശാലയിൽ റാലിയും നടത്തുന്നുണ്ട്. അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്ത്വത്തിൽ ഇന്ന് കോൺഗ്രസ് പ്രചാരണം തുടങ്ങി. ക്ഷേത്ര ദർശനത്തിനു ശേഷം സോളൻ ജില്ലയിൽ പരിവർത്തൻ പ്രതിജ്ഞാ മഹാറാലിയിൽ പ്രിയങ്ക പങ്കെടുത്തു.
ജനകീയ നേതാവില്ലാതെ കോൺഗ്രസ് വിഷമിക്കുന്നു
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളും, ഭരണത്തിലെ ചാക്രിക സ്വഭാവമൊക്കെ ഗുണം ചെയ്‌തേക്കാമെങ്കിലും, ആഭ്യന്തര പ്രശ്‌നങ്ങളും, സംസ്ഥാനത്താകെ സ്വാധീനമുള്ള നേതാവിന്റെ അഭാവവും ഒക്കെ കോട്ടങ്ങളാകുന്നു. സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന ആനന്ദ് ശർമ അടുത്തിടെയാണ് താൻ അവഗണിക്കപ്പെടുന്നുവെന്ന് ആരോപിച്ച് സ്റ്റയറിങ് കമ്മിറ്റിയിൽ നിന്ന് രാജി വച്ചത്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ നേതൃത്വം പ്രധാനമാണ്. കോൺഗ്രസ് ദേശീയ-സംസ്ഥാന തലത്തിൽ തകരുന്നു എന്ന പ്രതിച്ഛായ ജനങ്ങൾക്ക് മുന്നിൽ വയ്ക്കുമ്പോൾ, ബിജെപിയും, മുഖ്യമന്ത്രി ഠാക്കൂറും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒക്കെ പ്രതിച്ഛായയിൽ തിളങ്ങി നിൽക്കുന്നു. അഞ്ചുതവണ മുഖ്യമന്ത്രിയായിരുന്ന, ജനകീയനായിരുന്ന വീർഭദ്ര സിങ്ങിന്റെ മരണവും കോൺഗ്രസിനെ സാരമായി ബാധിച്ചു.
തൊഴിലില്ലായ്മ, വിലക്കയറ്റം, പഴയ പെൻഷൻ പദ്ധതി പുനഃ സ്ഥാപിക്കൽ, ഇതൊക്കെയാണ് സംസ്ഥാനത്തെ മുഖ്യവിഷയങ്ങൾ. അഞ്ച് ലക്ഷം തൊഴിൽ, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, 18-60 പ്രായപരിധിയിലുള്ള വനിതകൾക്ക് 1500രൂപ വീതം എന്നിങ്ങനെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പോകുന്നതും അതുകൊണ്ടു തന്നെ. വളരെ എളുപ്പത്തിൽ 45 സീറ്റ് നേടാമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.
ആപ്പ് കോൺഗ്രസിന് പാരയാകുമോ?
ജനകീയ നേതാവിന്റെ കുറവ്, ആഭ്യന്തര പ്രശ്‌നങ്ങൾ എന്നിവയ്‌ക്കൊപ്പം, ആംആദ്മിയുടെ വരവും കോൺഗ്രസിന് ദോഷം ചെയ്‌തേക്കും. ഗുജറാത്തിലെ പോലെ ഹിമാചലിലും ചില മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം കോൺഗ്രസിന് വെല്ലുവിളിയാകാനാണ് സാധ്യത. ബിജെപി വിരുദ്ധ വോട്ടുകൾ ആപ് അടിച്ചുമാറ്റിയാൽ, കോൺഗ്രസിന് ക്ഷീണമാകും. പഞ്ചാബിലെ ജയത്തിന്റെ പശ്ചാത്തലത്തിൽ ആപ്പ് ആത്മവിശ്വാസത്തിലാണ്. എന്നാൽ, മൂന്നാം കക്ഷിക്ക് ഹിമാചലിൽ വലിയ സാധ്യതയില്ലെന്ന് ഒരു കൂട്ടർ വാദിക്കുന്നു.
നവംബർ 12 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 8 ന് നടക്കും. എന്നാൽ, ഹിമാചലിന് ഒപ്പം തിഞ്ഞെടുപ്പ് നടക്കേണ്ട ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചില്ല.
ഹിമാചലിൽ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഈ മാസം 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബർ 25 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 27ന് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബർ 29 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഹിമാചലിൽ പെരുമാറ്റ ചട്ടം നിലവിൽ വന്നു.
ഹിമാചലിനൊപ്പം ഗുജറാത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ തീയതി പിന്നീടേ ഉണ്ടാകൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഗുജറാത്തിൽ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബറിൽ തന്നെ വോട്ടെടുപ്പ് നടന്നേക്കും. നവംബർ 12ന് ഹിമാചലിൽ വോട്ടെടുപ്പ് നടക്കുന്നുണ്ടെങ്കിലും വോട്ടെണ്ണൽ ഒരു മാസത്തിന് ശേഷമാണ്. രണ്ട് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണൽ ഒരുമിച്ച് നടത്തിയേക്കും. കാലാവസ്ഥ അടക്കം കണക്കിലെടുത്താണ് ഹിമാചലിൽ തെരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.
68 സീറ്റുകളുള്ള ഹിമാചൽ പ്രദേശിൽ 35 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ജനുവരി 8 നാണ് സംസ്ഥാനത്തെ നിയമസഭയുടെ കാലാവധി തീരുന്നത്. 2017 ൽ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപി 44 സീറ്റും, കോൺഗ്രസ് 21 സീറ്റും നേടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ