- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിളക്കുമാടത്തെ അറുത്തിടരുത്'; മുനീറിന് സീറ്റ് നല്‍കാന്‍ ലീഗില്‍ ധാരണ; നൈമിഷികമായ അനാരോഗ്യം തടസ്സമല്ലെന്ന് മുനീറിന് വേണ്ടി വാദിച്ച് എംഎസ്എഫ്; കോഴിക്കോട് സൗത്തിലേക്ക് മുനീറിന് മടങ്ങാന്‍ വഴിയൊരുങ്ങുന്നു; ഫിറോസിനെ കൊടുവള്ളയിലേക്ക് മാറ്റിയേക്കും; ലീഗില്‍ സീറ്റു ധാരണയായി; പ്രഖ്യാപനം അതിവേഗം നടത്തും

കോഴിക്കോട്: മുസ്ലിം ലീഗിലെ സ്ഥാനാര്‍ഥി നിര്‍ണയം അന്തിമഘട്ടത്തിലെത്തി നില്‍ക്കെ, മുതിര്‍ന്ന നേതാവ് ഡോ. എം.കെ. മുനീര്‍ വീണ്ടും ജനവിധി തേടുമെന്ന് ഉറപ്പായി. മുനീറിനെ മാറ്റിനിര്‍ത്തണമെന്ന പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വാദങ്ങളെ തള്ളിയാണ് നേതൃത്വം അദ്ദേഹത്തിന് സീറ്റ് നല്‍കാന്‍ തീരുമാനിച്ചത്. മുനീറിന്റെ അനാരോഗ്യം ചര്‍ച്ചയാക്കി അദ്ദേഹത്തെ മാറ്റിനിര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ പാര്‍ട്ടിയിലെ യുവജന വിഭാഗങ്ങളില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നതും തീരുമാനത്തില്‍ നിര്‍ണ്ണായകമായി.
എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. നജാഫ് മുനീറിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയത് ലീഗ് നേതൃത്വത്തിന് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കി. 'നൈമിഷികമായ അനാരോഗ്യം കൊണ്ട് മുനീര്‍ എന്ന പ്രതിഭാധനനായ ഒരു വിളക്കുമാടത്തെ അറുത്തിടരുത്' എന്നായിരുന്നു നജാഫിന്റെ വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റ്. പി.കെ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞാല്‍ നിയമസഭയില്‍ ലീഗിന്റെ ഏറ്റവും ശക്തമായ ശബ്ദമായ മുനീറിനെ തഴയുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് അണികള്‍ക്കിടയില്‍ പൊതുവികാരമുണ്ട്.
നിലവില്‍ കൊടുവള്ളി എംഎല്‍എയായ മുനീര്‍ തന്റെ പഴയ തട്ടകമായ കോഴിക്കോട് സൗത്തിലേക്ക് മടങ്ങാനാണ് സാധ്യത. മുനീര്‍ സൗത്തില്‍ മത്സരിക്കുകയാണെങ്കില്‍, ഈ സീറ്റിനായി ചര്‍ച്ചകളില്‍ മുന്നിലുണ്ടായിരുന്ന യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെ കൊടുവള്ളിയില്‍ പരിഗണിച്ചേക്കും. ഇത്തരമൊരു വെച്ചുമാറ്റത്തിലൂടെ പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.
നേരത്തെ മുനീറിന് രാജ്യസഭാ സീറ്റോ മറ്റ് പദവികളോ നല്‍കി മത്സരരംഗത്ത് നിന്ന് മാറ്റാന്‍ ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ താന്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് മുനീര്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും അറിയിക്കുകയായിരുന്നു. മുനീറിനെപ്പോലൊരു നേതാവിനെ മാറ്റിനിര്‍ത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലില്‍ ലീഗ് ഹൈക്കമാന്‍ഡ് മുനീറിന് പച്ചക്കൊടി കാട്ടുകയായിരുന്നു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 27 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ ഒന്നിച്ച് പ്രഖ്യാപിക്കാനാണ് ലീഗ് നീക്കം. തിങ്കളാഴ്ച മലപ്പുറം ലീഗ് ഹൗസില്‍ നടന്ന സംസ്ഥാന ഭാരവാഹികളുടെ കൂടിക്കാഴ്ചയില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇത്തവണ തികച്ചും വ്യത്യസ്തവും ശാസ്ത്രീയവുമായ രീതിയാണ് സാദിഖലി തങ്ങള്‍ സ്വീകരിച്ചത്. ലീഗ് മത്സരിക്കുന്ന ഓരോ മണ്ഡലത്തെയും കുറിച്ചുള്ള കൃത്യമായ പഠന റിപ്പോര്‍ട്ടുകളടങ്ങിയ ഫയലുമായാണ് തങ്ങള്‍ യോഗത്തിനെത്തിയത്. മുതിര്‍ന്ന നേതാക്കളെ ഓരോരുത്തരെയായി മുറിയിലേക്ക് വിളിച്ച് 'വണ്‍ ടു വണ്‍' ചര്‍ച്ച നടത്തി അഭിപ്രായങ്ങള്‍ തേടി.
ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ മാത്രമാണ് ഈ കൂടിക്കാഴ്ചകളില്‍ സാദിഖലി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, ഡോ. എം.കെ. മുനീര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി നാലര മണിക്കൂറോളം നീണ്ട ചര്‍ച്ചയാണ് നടന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മാറി മലപ്പുറത്ത് നിന്ന് ജനവിധി തേടുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ മാറ്റിനിര്‍ത്താന്‍ നീക്കം നടന്ന ഡോ. എം.കെ. മുനീറിന് സീറ്റ് നല്‍കാനും തത്വത്തില്‍ തീരുമാനമായി. പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരവും മണ്ണാര്‍ക്കാട് അഡ്വ. എന്‍. ഷംസുദീനും വീണ്ടും മത്സരിക്കും. കോണ്‍ഗ്രസുമായുള്ള സീറ്റ് വെച്ചുമാറ്റത്തിലും ചില സീറ്റുകളിലെ സ്ഥാനാര്‍ഥിത്വത്തിലും നിലനില്‍ക്കുന്ന ചെറിയ അനിശ്ചിതത്വങ്ങള്‍ കൂടി പരിഹരിച്ച് വൈകീട്ടോടെ പ്രഖ്യാപനം നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇന്ന് ധാരണയായില്ലെങ്കില്‍ പ്രഖ്യാപനം ബുധനാഴ്ചത്തേക്ക് നീളും.
ജില്ലാ കമ്മിറ്റികളില്‍ നിന്നുള്ള അന്തിമ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച ശേഷമാകും സാദിഖലി തങ്ങള്‍ പ്രഖ്യാപനം നടത്തുക. ഇത്തവണ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും എത്രത്തോളം പ്രാതിനിധ്യം ലഭിക്കുമെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.


