പയ്യന്നൂർ : കണ്ണൂർ ജില്ലയിൽ സിപിഎമ്മിന്റെ ചെങ്കോട്ടയെന്ന് അറിയപ്പെടുന്ന ചെറുതാഴം പഞ്ചായത്തിലെ വാർഡ് പിടിച്ചെടുത്ത് കോൺഗ്രസ് മുന്നേറ്റം. സിപിഎം പാർട്ടി ഗ്രാമമായ ചെറുതാഴം പഞ്ചായത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി അട്ടിമറി വിജയം നേടിയത്. ഉപതെഞ്ഞെടുപ്പിൽ 80 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി യു രാമചന്ദ്രൻ വിജയിച്ചത്.

സിപിഎം പാർട്ടി ഗ്രാമത്തിൽ കയറി സിറ്റിങ് സീറ്റാണ് കോൺഗ്രസ് സ്ഥാനാർത്ഥി പിടിച്ചെടുത്തത്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഒരു വോട്ടിനാണ് രാമചന്ദ്രൻ പരാജയപ്പെട്ടത്. 25 വർഷങ്ങൾക്കു ശേഷമാണ് ഈ വാർഡിൽ കോൺഗ്രസ് ജയിക്കുന്നത്. സിപിഎം മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന പഞ്ചായത്താണ് ചെറുതാഴം. അതുകൊണ്ടു തന്നെ പാർട്ടി സ്ഥാനാർത്ഥിയുടെ തോൽവി നേതൃത്വത്തിന് തിരിച്ചടിയായിരിക്കുകയാണ്. സിപിഎമ്മിനുള്ളിൽ നിന്നു തന്നെ വോട്ടു ചേർന്നുവെന്നാണ് വിവരം.

ചെറുതാഴം കക്കോണി 16-ാം വാർഡിൽ ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ 85.65 ശതമാനം പേർ വോട്ട് ചെയ്തിരുന്നു. ആകെയുള്ള 1282 വോട്ടർമാരിൽ 1098 പേരാണ് വോട്ട് ചെയ്തത്. എൽ.ഡി.എഫ്. സിറ്റിങ് സീറ്റായ ഇവിടെ സിപിഎം. അംഗം എം. കൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സി. കരുണാകരൻ (സിപിഎം.), യു. രാമചന്ദ്രൻ (കോൺ.) എന്നിവർ തമ്മിലായിരുന്നു മത്സരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിനാണ് എൽ.ഡി.എഫ്. വിജയിച്ചത്. ഇത്തവണ ബിജെപി. മത്സരരംഗത്തില്ലായിരുന്നു. ഇതും കോൺഗ്രസിന് ഗുണകരമായി.

കണ്ണൂർ സിപിഎമ്മിൽ പലവിധ പ്രശ്‌നങ്ങളുണ്ട്. പി ജയരാജനെ മാറ്റി നിർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ച സജീവം. ഇടതു കൺവീനർ ഇപി ജയരാജനും സ്വന്തം വഴിയിലാണ് യാത്ര. ഇതിനൊപ്പം ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും അടങ്ങുന്ന സംഘവും സിപിഎമ്മിനെ വെല്ലുവിളിക്കുന്നുണ്ട്. ഇതെല്ലാം ചെറുതാഴത്ത് പ്രവർത്തിച്ചതാണ് സിപിഎമ്മിന് വലിയ തോൽവി നൽകുന്നതെന്ന വിലയിരുത്തലുമുണ്ട്.

ഇതിനിടെ കണ്ണൂർ കോർപറേഷനിലെ യു.ഡി.എഫ് സിറ്റിങ് സീറ്റ് നിലനിർത്തുകയും ചെയ്തു. കണ്ണൂർ കോർപറേഷൻ പള്ളിപ്രം ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപിലാണ് യു.ഡി എഫ് സീറ്റ് നിലനിർത്തിയത്. മുസ്ലിം ലീഗിലെ എ. ഉമൈബ എൽ.ഡി.എഫിലെ ടി.വി റുക്‌സാനയെയാണ് 1015 വോട്ടിന് പരാജയപ്പെടുത്തി. ബിജെപി സ്ഥാനാർത്ഥി ഉൾപെട്ടെ ത്രികോണ മത്സരമാണ് ഇവിടെ നടന്നത്. കഴിഞ്ഞ തവണ 701 വോട്ടിനാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചത്.