കണ്ണൂർ: ഒന്നരമാസം നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കാലാശം പൂർത്തിയാക്കിയപ്പോൾ കണ്ണൂർ മണ്ഡലത്തിൽ മുന്നണികൾ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം മുറുകി. മുൻവിധികളെ ഒരുകാലത്തും പിന്തുണച്ച മണ്ഡലമല്ല കണ്ണൂരെന്നാണ് മണ്ഡലത്തിന്റെ ചരിത്രം. ഇതു മൂന്ന് മുന്നണികൾക്കും പ്രതീക്ഷയും ആശങ്കയും നൽകുന്നുണ്ട്. മേടച്ചൂടിനെ വെല്ലുന്ന പ്രചാരണച്ചൂടിൽ വിയർത്തിട്ടുംവാശിയോടെ വോട്ടുതേടിയ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരനും എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജനും എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥും ആത്മവിശ്വാസത്തിലാണ്.

തൊട്ടുകിടക്കുന്ന വടകരയിലേതു പോലെ സോഷ്യൽ മീഡിയ പോര് കണ്ണൂരിലും ശക്തമാണെങ്കിലും ഏതാനും കേസുകളിൽ അതൊക്കെ ഒതുങ്ങി നിന്നു. എംപിയായിരിക്കെ മണ്ഡലത്തിൽ നടപ്പാക്കിയ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് കെ.സുധാകരൻ വോട്ടുതേടിയത്. 100 ശതമാനം എംപി ഫണ്ട് മണ്ഡലത്തിൽ വിനിയോഗിച്ചെന്ന് യു.ഡി.എഫ് പറയുന്നു. കോവിഡ് കാലത്ത് ഉൾപ്പെടെ മണ്ഡലത്തെ ചേർത്തുപിടിച്ചതിന്റെ പ്രത്യുപകാരം വോട്ടിൽ തെളിയുമെന്നാണ് കെ. സുധാകരന്റെ കണക്കുകൂട്ടൽ. 2009ലും 2019ലും സിപിഎമ്മിൽ നിന്ന് മണ്ഡലം തിരിച്ചുപിടിച്ച തനിക്ക് ഇത്തവണ അത്രയൊന്നും ആയാസപ്പെടേണ്ടിവരില്ലെന്ന ആത്മവിശ്വാസവും സുധാകരനുണ്ട്. ഭരണവിരുദ്ധവികാരവും വോട്ടാകുമെന്നാണ് സുധാകരന്റെ പ്രതീക്ഷ. സുധാകരന്റെ വ്യക്തിബന്ധങ്ങളും അടിയൊഴുക്കുകളെ അനുകൂലമാക്കുന്ന ചില തന്ത്രങ്ങളും ഭൂരിപക്ഷം വർധിപ്പിക്കുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. ഒടുവിൽ പാനൂരിൽ നിർമ്മാണത്തിനിടെ പൊട്ടിയ ബോംബ് ഒരു ഡിവൈഎഫ്ഐ പ്രവർത്തകന്റെ ജീവനെടുത്തെങ്കിലും തനിക്കത് ജീവശ്വാസമാകുമെന്നുകൂടി കെ.സുധാകരൻ പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് അവസാനലാപ്പിൽ, അക്രമരാഷ്ട്രീയത്തിനെതിരേ മാത്രമായി പ്രചാരണം ചുരുക്കാൻ യു.ഡി.എഫ് ശ്രദ്ധകൊടുത്തത്. സുധാകരന് ബിജെപിയോടുള്ള മൃദുസമീപനവും എംപി എന്ന നിലയിൽ കെ.സുധാകരൻ മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെന്നാണ് എൽ.ഡി.എഫ് ആരോപണം. പുതിയ ദേശീയപാതയ്ക്കു കുറുകെ അടിപ്പാതകളും മലയോരമേഖലയിലെ വന്യമൃഗശല്യവുമാണ് മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. മണ്ഡലത്തിൽ സിപിഎമ്മിനുള്ള ശക്തമായ സാന്നിധ്യമാണ് എൽ.ഡി.എഫിന്റെ വിജയപ്രതീക്ഷ.

കരുത്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയതോടെ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്നും എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കു സൂചിപ്പിക്കാൻ 'ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി' പോലുള്ള പരാമർശങ്ങളും പുട്ടിനു പീരപോലെ എൽ.ഡി.എഫ് നേതാക്കൾ നടത്തുന്നുണ്ട്. മുസ്ലിം വോട്ടുകളിൽ കണ്ണുവച്ചാണ് ഈ പ്രചാരണങ്ങളിലേറെയും. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് കനത്ത ഭൂരിപക്ഷം നൽകുന്നതാണ് ഏഴു നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചും. ഈ ആത്മവിശ്വാസത്തിലാണ് ഇക്കുറി എം.വി ജയരാജനെ കളത്തിലിറക്കിയത്. ഈ മണ്ഡലങ്ങൾ പക്ഷെ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനോട് മുഖംതിരിക്കുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിന്. കണ്ണൂരിൽ സിപിഎമ്മിനെ നേർക്കുനേർ നിന്ന് നേരിട്ട നേതാവായ സുധാകരനു മുന്നിൽ ജില്ലാ സെക്രട്ടറിക്ക് അടിപതറിയാൽ സിപിഎമ്മിന് അതു പ്രഹരമാകും. അതുകൊണ്ട് അരയും തലയും മുറുക്കിയുള്ള പ്രചാരണമാണ് പാർട്ടിയുടേത്. കോൺഗ്രസ് വോട്ടുകൾ കൈക്കലാക്കി ഇക്കുറി വോട്ടിങ് ശതമാനം കൂട്ടുമെന്നാണ് ബിജെപി സ്ഥാനാർത്ഥി സി.രഘുനാഥിന്റെ പ്രതീക്ഷ. ഒരുലക്ഷത്തിലേറെ വോട്ടുകൾ ഇക്കുറി കണ്ണൂരിൽ നേടാൻ കഴിയുമെന്നാണ് ബിജെപി ജില്ലാ നേതൃത്വം പറയുന്നത്. എന്നാൽ തങ്ങൾക്കും വിജയസാധ്യതയുണ്ടെന്നാണ് എൻ.ഡി. എ സ്ഥാനാർത്ഥിയുടെ അവകാശവാദം. ഇടതു,വലതു മുന്നണികൾക്കെതിരെയുള്ള ജനവികാരവും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥിയുണ്ടാക്കിയ തരംഗവും കണ്ണൂരിൽ ബിജെപിക്ക് പ്രതീക്ഷയേകുന്ന ഘടകങ്ങളാണ്.

പ്രചാരണം ഫിനിഷിങ് പോയിന്റിലെത്തുമ്പോഴും വിജയം ആർക്കെന്നത് പ്രവചിക്കാനാവില്ലെന്നു തന്നെയാണ് കണ്ണൂരിന്റെ മണ്ഡലചിത്രം.കണ്ണൂരിലെ തോൽവിയെന്നാൽ ഇടതുവലതുമുന്നണികൾക്ക് ആലോചിക്കാൻ കൂടി കഴിയാത്ത സാഹചര്യമാണുള്ളത്. കണക്കുകൂട്ടലുകൾ നടത്തുമ്പോൾ ഇടതു - വലതു മുന്നണികൾക്ക് എറ്റവും നെഞ്ചിടിപ്പുള്ള മണ്ഡലവും കണ്ണൂർ തന്നെ. കേരളത്തിലെ കോൺഗ്രസിന്റെ അമരക്കാരൻ കൂടിയായ സുധാകരനെതിരേ മത്സരിക്കുന്നത് ഇന്ത്യയിൽ തന്നെ സിപിഎമ്മിന് ഏറ്റവും കൂടുതൽ സംഘടനാ സംവിധാനമുള്ള ജില്ലയുടെ സെക്രട്ടറി കൂടിയാണ്എം വി ജയരാജൻ. കണ്ണൂരിൽ സിപിഎമ്മിനെ നേർക്കുനേർ നിന്ന് നേരിട്ട നേതാവായ സുധാകരന് മുന്നിൽ ജില്ലാ സെക്രട്ടറിക്ക് അടിപതറിയാൽ സിപിഎമ്മിന് അതു പ്രഹരമാകും. അതുകൊണ്ട് അരയും തലയും മുറുക്കിയുള്ള പ്രചാരണമാണ് പാർട്ടിയുടേത്.കെപിസിസി. അദ്ധ്യക്ഷൻ പരാജയപ്പെടുന്ന സാഹചര്യം കോൺഗ്രസിനും ചിന്തിക്കാവുന്നതല്ല. തിരഞ്ഞെടുപ്പാനന്തരം അതിന്റെ അലയൊലികൾ പാർട്ടിയുടെ മുന്നോട്ടു പോക്കിന് തന്നെ ഭീഷണി സൃഷ്ടിക്കും. ഏറ്റുമുട്ടുന്നത് കോൺഗ്രസ് എന്നതിനെക്കാൾ സുധാകരനോടാണെന്ന ചിന്തയിലാണ് ശക്തി കേന്ദ്രങ്ങൾ ഉഴുതുമറിച്ച് സി പി.എം. പ്രചാരണം നടത്തുന്നത്. സുധാകരനെ വ്യക്തിപരമായി ലഷ്യമിട്ടുകൊണ്ടുള്ള അദ്ദേഹം ജയിച്ചു കഴിഞ്ഞാൽ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം സോഷ്യൽമീഡിയയിലും അല്ലാതെയും നടത്തുന്നത് അതുകൊണ്ടാണെന്നാണ് വിലയിരുത്തൽ.

തോട്ടടയിൽ ആർഎസ്എസ് ശാഖയ്ക്ക് കാവൽനിൽക്കാൻ പ്രവർത്തകരെ അയച്ചുവെന്ന സുധാകരന്റെ പ്രസംഗം മുഖ്യ വിഷയമാക്കിയാണ് സി.പി. എം കടന്നാക്രമണം ശക്തമാക്കിയത്. കണ്ണൂരിൽ സിപിഎം ശക്തി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രകടമാണ്. വിജയിക്കുന്ന മണ്ഡലങ്ങളിൽ ലഭിക്കുന്നത് വലിയ ഭൂരിപക്ഷവും. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഈ രീതിക്ക് മാറ്റമുണ്ടാകാറുണ്ട്. അത് പ്രതിരോധിക്കുന്നതിനുള്ള പരിശ്രമമാണ് സിപിഎം പ്രധാനമായും നടത്തുന്നത്. പ്രചാരണത്തിൽ എൽ.ഡി.എഫ് ഏറെ മുൻപിലായിരുന്നുവെങ്കിലും പിന്നീട് ഫോട്ടോ ഫിനിഷിങിലൂടെ യു.ഡി. എഫും എൻ.ഡി. എയും ഒപ്പമെത്തുകയായിരുന്നു.

മത്സരിക്കുന്ന നേതാവിന്റെ വലുപ്പം നിർണായകമാകുന്ന മണ്ഡലമാണ് കണ്ണൂർ. എ.കെ.ജി.യും സി.കെ. ചന്ദ്രപ്പനുമെല്ലാം മണ്ഡലത്തെ പ്രതിനിധാനം ചെയ്തവരാണ്. പക്ഷേ, 1984-മുതൽ അഞ്ചു തവണ മണ്ഡലത്തെ കൂടെ നിറുത്തിയത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. ആറാം തവണ പക്ഷേ, എ.പി. അബ്ദുള്ളക്കുട്ടി മണ്ഡലം എൽ.ഡി.എഫിലേക്ക് തിരിച്ചുപിടിച്ചു. 2009-ൽ കെ. സുധാകരൻ ഇറങ്ങിയാണ്, വീണ്ടും കണ്ണൂർ മണ്ഡലം യു.ഡി.എഫിന്റെ കൈയിലെത്തിച്ചത്.
2014-ൽ പക്ഷേ കാലിടറി. പി.കെ. ശ്രീമിതി ജയിച്ചു. 2019-ൽ ശ്രീമതി - സുധാകരൻ പോര് ആവർത്തിച്ചു. ഇടതുപക്ഷത്തിന്റെ കോട്ടകളിൽപ്പോലും സുധാകരൻ ലീഡ് നേടി ജയിച്ചു. ഇത്തവണ മത്സരിക്കാനെത്തുമ്പോൾ സുധാകരൻ കേരളത്തിലെ കോൺഗ്രസിന്റെ അമരക്കാരനാണ്. മണ്ഡലത്തിന്റെ മുക്കും മൂലയും അറിയാമെന്നതാണ് എം.വി ജയരാജന്റെ കരുത്ത്. അതിനാൽ, ഫലം പ്രവചനാതീതമാണ്.

കണ്ണൂർ ജില്ലയിലെ 11 അസംബ്ലി മണ്ഡലങ്ങളിൽ കണ്ണൂർ, അഴീക്കോട്, തളിപ്പറമ്പ്, ഇരിക്കൂർ, പേരാവൂർ, ധർമടം, മട്ടന്നൂർ എന്നിവയാണ് കണ്ണൂർ ലോക്സഭാ മണ്ഡലത്തിലുള്ളത്. ഇതിൽ മട്ടന്നൂർ, ധർമടം, തളിപ്പറമ്പ് എന്നിവ സിപിഎം. ശക്തി കേന്ദ്രങ്ങളാണ്. പേരാവൂർ, ഇരിക്കൂർ എന്നിവ യു.ഡി.എഫ്. ശക്തികേന്ദ്രങ്ങളും. കണ്ണൂരിലും അഴീക്കോട്ടും ഇരുമുന്നണികൾക്കും സ്വാധീനമുണ്ട്. കോൺഗ്രസിനും മുസ്ലിം ലീഗിനും ഈ മണ്ഡലങ്ങളിലുള്ള സ്വാധീനം അടിത്തറയാക്കിയാണ് യു.ഡി.എഫ്. കണ്ണൂർ ലോക്സഭാ സീറ്റിൽ ജയം സ്വന്തമാക്കുന്നത്. ഇടത് കേന്ദ്രങ്ങളിൽ അവരുടെ ലീഡും കുറയ്ക്കുമ്പോൾ ജയം കൈയിയെലത്തുമെന്നതാണ് കണക്കുകൂട്ടൽ.

2019-ലെ തിരഞ്ഞെടുപ്പിൽ കണ്ണൂർ, അഴീക്കോട്, പേരാവൂർ, ഇരിക്കൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ സുധാകരൻ ലീഡ് നേടി. ധർമടവും മട്ടന്നൂരും മാത്രമാണ് ഇടതിനൊപ്പം നിന്നത്. തൊട്ടുമുൻപത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ 40,000-ലധികം വോട്ടിന് സിപിഎമ്മിലെ ജെയിംസ് മാത്യു ജയിച്ച തളിപ്പറമ്പിൽ സുധാകരൻ 725 വോട്ടിന് മുന്നിലെത്തിയത് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. മട്ടന്നൂരും ധർമടത്തും ലീഡ് കുറയുകയും ചെയ്തു. എന്നാൽ, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും എൽ.ഡി.എഫും. ശക്തമായി തിരിച്ചുവന്നു. മട്ടന്നൂരിൽ കെ.കെ. ശൈലജ 60,963 വോട്ടിനും ധർമടത്ത് പിണറായി വിജയൻ 50,123 വോട്ടിനും ജയിച്ചു.

തളിപ്പറമ്പിൽ എം വി ഗോവിന്ദൻ 22,689 വോട്ടിനും. കണ്ണൂർ നിലനിറുത്തുകയും അഴീക്കോട് പിടിച്ചെടുക്കുകയും ചെയ്തു. ഇരിക്കൂറും പേരാവൂരും യു.ഡി.എഫിന് ഒപ്പം നിന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ ഭൂരിപക്ഷത്തിൽ പ്രതീക്ഷയർപ്പിച്ചാണ് എൽ.ഡി.എഫ്. നീങ്ങുന്നത്. നിയമസഭാ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തെപ്പോലെ എതിർ തരംഗം ഉണ്ടാവില്ലെന്നും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ വീണ്ടും മാറിമറിയുമെന്നും കെ. സുധാകരൻ നിലനിറുത്തുമെന്നും യു.ഡി.എഫ്. അവകാശവാദം ഉന്നയിക്കുന്നു.

ഇരുമുന്നണികളെയും ഞെട്ടിച്ചു കൊണ്ട് ഓരോ തിരഞ്ഞെടുപ്പിലും എൻ.ഡി.എ. വോട്ടുവിഹിതംകൂടി വരുന്നത് കാണാതിരിക്കാൻ കഴിയില്ല. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ. മുൻ കോൺഗ്രസ് നേതാവും എൻ.ഡി. എ സ്ഥാനാർത്ഥിയും കൂടിയായ സി.രഘുനാഥ് കൂടുതൽ വോട്ട് സമാഹരിക്കുന്നത് യു.ഡി.എഫിന് ക്ഷീണമാകുമെന്നാണ് ഇടത് ക്യമ്പിലെ വിലയിരുത്തൽ. അതേ സമയം, കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ ഏതാണ്ട് 19,000 വോട്ട് എസ്.ഡി.പിഐയ്ക്കുണ്ട്. വെൽഫെയർ പാർട്ടിക്കാകട്ടെ പതിനായിരത്തിലേറെ വോട്ടുകളുണ്ട്. ഇതു യു.ഡി. എഫിന് ലഭിക്കുന്നത് യു.ഡി. എഫിന് പ്രതീക്ഷയേകുന്ന ഘടങ്ങളിലൊന്നാണ്. കോൺഗ്രസിൽ നിന്നും ബിജെപിയിലെക്ക് എട്ടുമാസം മുൻപെത്തിയ സി.രഘുനാഥിനെ സ്ഥാനാർത്ഥിയാക്കിയതിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് അതൃപ്തിയുണ്ടായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിച്ചതോടെ പ്രവർത്തകരും നേതാക്കളും ഉൾപ്പെടുന്ന പാർട്ടി സംവിധാനം ഒറ്റക്കെട്ടായി സി.രഘുനാഥിനായി രംഗത്തിറങ്ങുകയായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിൽ എൻ.ഡി. എ സ്ഥാനാർത്ഥിയായി മത്സരിച്ച സി.കെ പത്മനാഭൻ 65,000 വോട്ടുകളാണ് നേടിയത്. ഇതു ഇരട്ടിയാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപിയുള്ളത്. ഇതിനു കഴിഞ്ഞില്ലെങ്കിൽ നവാഗതനായ സി.രഘുനാഥിനുമെതിരെയും ബിജെപിയിൽ നിന്നും വിമർശനമുയർന്നേക്കാം.