- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ആവേശത്തിരയിളക്കാൻ കരുത്തരുടെ പോരാട്ടം; സുധാകരനായി പത്മവ്യൂഹമൊരുക്കി സിപിഎം; എംവി ജയരാജൻ നിശബ്ദ പ്രചാരണം തുടങ്ങി; മുസ്ലിം ലീഗിന്റെ അതൃപ്തി പരിഹരിക്കാൻ ദേശീയ നേതൃത്വം രംഗത്തിറങ്ങും; കോൺഗ്രസിന് വെല്ലുവിളിയായി ബിജെപിക്കായി രഘുനാഥ്; കണ്ണൂരിൽ പോര് കടുക്കും
കണ്ണൂർ: കണ്ണൂരിൽ വീണ്ടും സിറ്റിങ് എംപി കെ.സുധാകരനെ കളത്തിലിറക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതോടെ ഇക്കുറി നടക്കുക പൊരിഞ്ഞ പോരാട്ടം. കേരളം ഉറ്റു നോക്കുന്ന ശക്തരായ രണ്ടു സ്ഥാനാർത്ഥികളുടെ പോരാട്ടമാണ് കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ നടക്കുക. എൽ. ഡി. എഫ് സ്ഥാനാർത്ഥിയായ എം.വി ജയരാജൻ നേരത്തെ തന്നെ നിശബ്ദ പ്രചരണം തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ജയരാജനു വേണ്ടി പോസ്റ്ററുകളും ഫ്ളക്സുകളും തയ്യാറാക്കി കഴിഞ്ഞു. സി.പി. എം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയാൽ പാർലമെന്റ് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഇവ സ്ഥാനംപിടിക്കും. ചുമരെഴുത്തുകളും എം.വി ജയരാജനായി പലയിടങ്ങളിലും പാർട്ടി തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ചിഹ്നം മാത്രമേ വരച്ചു ചേർക്കുന്നുള്ളുവെങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായാൽ പേരും എഴുതി ചേർക്കും. സോഷ്യൽ മീഡിയയിലൂടെ എം.വി ജയരാജനു വേണ്ടി പ്രചരണം നടത്താൻ വാർ റൂമും കണ്ണൂർ പാർട്ടി ജില്ലാകമ്മിറ്റി ഓഫീസിൽ റെഡിയായിട്ടുണ്ട്.
എംപിയെന്ന നിലയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെയിൽ കണ്ണൂരിൽ സുധാകരൻ ഒന്നും ചെയ്തില്ലെന്നു വ്യക്തമാക്കുന്ന കുറ്റപത്രമെന്ന പേരിലുള്ള കൈപ്പുസ്തകം സി.പി. എം ഒരുക്കിയിട്ടുണ്ട്. ഇതു മണ്ഡലത്തിലെ വീടുകളിലും പ്രാദേശിക ഘടകങ്ങൾ വിതരണം ചെയ്യും. ഇതുകൂടാതെ സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാരിനെതിരെയുള്ള വൻ പ്രചരണമാണ് പാർട്ടി അഴിച്ചുവിടുക. പുതുതലമുറ വോട്ടുകൾ നേടാനായി പാർട്ടിയിലെ ഐ.ടി വിഭാഗം അരയും തലയും മുറുക്കി രംഗത്തിറങ്ങും.
പാർലമെന്റ് മണ്ഡലത്തിലെ രാഷ്ട്രീയവുമായി ബന്ധമില്ലാത്ത വാട്സ് ആപ്പ്് ഫേസ്ബുക്ക് ഗ്രൂപ്പിൽ രാഷ്ട്രീയ പ്രചരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പാർട്ടി അംഗങ്ങളെയും അനുഭാവികളെയും ഉപയോഗിച്ചാണ് ഇതു നിർവഹിക്കുക. കണ്ണൂരിൽ എൻ.ഡി. എ സ്ഥാനാർത്ഥിയായി മുൻ കോൺഗ്രസ് നേതാവ് സി.രഘുനാഥ് മത്സരിക്കുന്നത് പ്രതീക്ഷയോടെയാണ് സി.പി. എം വീക്ഷിക്കുന്നത്. രഘുനാഥ് കാൻവാസ് ചെയ്യുന്ന വോട്ടുകൾ കോൺഗ്രസിന്റെ പെട്ടിയിൽ നിന്നും ചോരുമെന്നാണ് കണക്കുകൂട്ടൽ. ഇതുകൂടാതെ കണ്ണൂരിൽ മുസ്ലിം ലീഗും കെ.സുധാകരനും തമ്മിൽ അകൽച്ചയിലാണെന്ന കാര്യവും സി.പി. എമ്മിന് അനുകൂല ഘടകങ്ങളിലൊന്നാണ്. സംഘ്പരിവാർ അനുകൂല വിവാദപ്രസംഗങ്ങൾ സുധാകരൻ നടത്തിയെന്ന ആരോപണം മുസ്ലിം ലീഗിലെ ഒരുവിഭാഗത്തെയും ചൊടിപ്പിച്ചിട്ടുണ്ട്.
ലീഗിനെ പ്രകോപിപ്പിക്കുന്നതിനായി ജയിച്ചാൽ കെ.സുധാകരൻ ഒരു കാലത്ത് ഉറ്റമിത്രമായ സി.രഘുനാഥിനെപ്പോലെ ബിജെപിയിലേക്ക് ചേക്കേറുമെന്ന പ്രചരണം സി.പി. എം കൊഴുപ്പിക്കും. മുസ്ലിം ന്യൂനപക്ഷങ്ങളുടെ വോട്ടു ലക്ഷ്യമാക്കിയാണ് ഇത്തരം പ്രചരണം നടത്തുക. സമസ്ത, കാന്തപുരം എ.പി സുന്നി, മുജാഹിദ്വിഭാഗങ്ങളുമായി സുധാകരനുള്ള അകൽച്ച കൂടുതൽ വർധിപ്പിച്ചു കൊണ്ടു സംഘ്പരിവാർ വിരുദ്ധ പ്രചരണവും പാർട്ടി ഏറ്റെടുത്തേക്കും.
സുധാകരൻ വീണ്ടും മത്സരിക്കുന്നതിൽ പാർട്ടിക്കുള്ളിൽ നിന്നും അതൃപ്തി ശക്തമാണ്. യൂത്ത് കോൺഗ്രസ് നേതാവായ വി.പി അബ്ദുൽ റഷീദിനെ മത്സരിപ്പിക്കണമെന്നായിരുന്നു എ. ഗ്രൂപ്പിന്റെ ആവശ്യം. ഈ ആവശ്യം തള്ളിയത് എ ഗ്രൂപ്പിന്റെ മുറിവിൽ വീണ്ടും ഉപ്പുതേച്ചിട്ടുണ്ട്. ഇരിക്കൂർനിയമസഭാ മണ്ഡലം കെ.സി വിഭാഗം സ്ഥാനാർത്ഥിയായ സജീവ് ജോസഫ് തട്ടിയെടുത്തതിന്റെ മുറിവ് ഇനിയും എഗ്രൂപ്പിന് മാറിയിട്ടില്ല. അതുകൊണ്ടു തന്നെ കോൺഗ്രസിനെയെന്നും പിൻതുണച്ച മലയോരങ്ങളിൽ സുധാകരന് വോട്ടുകുറയുമെന്ന അടക്കം പറച്ചിൽ പാർട്ടിയിൽ നിന്നുതന്നെ ഉയർന്നിട്ടുണ്ട്. ഇതുകൂടാതെ കോൺഗ്രസിലെ സ്ഥാനമോഹികളുടെ അതൃപതിയും സുധാകരനെതിരെ തിരിയുമെന്ന കണക്കുകൂട്ടൽ സി.പി. എം വെച്ചു പുലർത്തുന്നുണ്ട്.
രാഹുൽ ഗാന്ധി കഴിഞ്ഞ തവണ വയനാട്ടിൽ മത്സരിച്ച രാഷ്ട്രീയ സാഹചര്യം ഇക്കുറിയില്ലെന്നാണ് സി.പി. എം വിലയിരുത്തൽ. ഇത്തരം പ്രതികൂല ഘടകങ്ങൾ മറികടന്നു വേണ്ം കെ.സുധാകരന് കണ്ണൂർ എംപി സ്ഥാനം നിലനിർത്താൻ. എന്നാൽ കണ്ണൂരിൽ ഏറ്റവും ക്രൗഡ് പുള്ളറായ നേതാവ് കെ.സുധാകരൻ തന്നെയാണ്. സുധാകരനിറങ്ങിയാൽ കോൺഗ്രസ് പ്രവർത്തകർ വർധിതവീര്യത്തോടെ പോരിനിറങ്ങും. എം.വി ജയരാജൻ സ്ഥാനാർത്ഥിയായതോടെ തങ്ങളുടെ ഓരോവോട്ടും നഷ്ടപ്പെടാതെ സമാഹരിക്കാനാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ കൂടെ രണ്ടാം പിണറായി സർക്കാരിനോടുള്ള ജനരോഷവും വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.
ഏറെക്കാലത്തെ അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ്കണ്ണൂരിൽ സിറ്റിങ് എംപിയായ കെ.സുധാകരനെ യു.ഡി. എഫ് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചത്. കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒന്നിച്ചു കൊണ്ടു പോകുന്ന ബുദ്ധിമുട്ട് സുധാകരൻ ഹൈക്കമാൻഡിനെ അറിയിച്ചതിനാൽ തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ കെപിസിസി അധ്യക്ഷ പദവി ഒഴിവാക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കണ്ണൂർ പാർലമെന്റ്് മണ്ഡലത്തിൽ ഏറ്റവും വിജയസാധ്യതയുള്ള സ്ഥാനാർത്ഥി കെ.സുധാകരൻ മാത്രമാണെന്ന് എ. ഐ.സി.സി നടത്തിയ സർവേയിലും വ്യക്തമായിരുന്നു.
സുധാകരനെ സ്ഥാനാർത്ഥിയായി നിർത്തിയില്ലെങ്കിൽ കണ്ണൂർ പാർലമെന്റ് മണ്ഡലം നഷ്ടപ്പെടുമെന്നാണ് സർവേയിൽ തെളിഞ്ഞത്. ഇതുപ്രകാരം കേരളത്തിൽ സ്ഥാനാർത്ഥി നിർണയം നടത്തുന്ന നാലംഗ സംഘം സുധാകരന്റെ പേര് നിർദ്ദേശിക്കുകയും ഹൈക്കമാൻഡ് അംഗീകരിക്കുകയുമായിരുന്നു. അവസാനഘട്ടത്തിൽ മുൻ അഡ്വക്കേറ്റ് ജനറൽ തലശേരിയിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ. ആസഫലിയുടെ പേര് സ്ഥാനാർത്ഥി അന്തിമ പട്ടികയിൽ എത്തിയിരുന്നുവെങ്കിലും മത്സരിക്കാൻ താൽപര്യമില്ലെന്ന് അദ്ദേഹം അറിയിച്ചതിനെ തുടർന്ന് സുധാകരനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിക്കുകയായിരുന്നു. സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ ഇടതു മുന്നണി സ്ഥാനാർത്ഥിയായി കണ്ണൂരിൽ മത്സരിക്കുന്ന സാഹചര്യത്തിൽ കടുത്ത മത്സരമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ തവണ യു.ഡി. എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ.സുധാകരന് സി.പി. എം കോട്ടകളിൽ നിന്നും വോട്ടു ചോർന്ന് കിട്ടിയിരുന്നുവെങ്കിലും ഇക്കുറി അതു തടയുന്നതിനാണ് കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്. മുസ്ലിം ലീഗ് കണ്ണൂർ സീറ്റിനായി അവകാശവാദമുന്നയിച്ചതും ഇക്കുറി വീണ്ടും സുധാകരനെ തന്നെ മത്സരിപ്പിച്ചു ലീഗിന്റെ അവകാശ വാദം തടയുന്നതിനാണ് കോൺഗ്രസ് തീരുമാനിച്ചത്. സുധാകരനു പകരം പുതുമുഖ സ്ഥാനാർത്ഥികളെ പലരെയും പരിഗണിച്ചിരുന്നുവെങ്കിലും കണ്ണൂർ ഡി.സി.സിയുടെ എതിർപ്പുകാരണം ദേശീയ നേതൃത്വത്തിന് ഈക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞിരുന്നില്ല.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്