ബെംഗളുരു: കന്നഡ മണ്ണിൽ കാവിക്കൊടി പാറിച്ച് ഭരണത്തുടർച്ചയെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ബിജെപിയുടെ അടവുകളെല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ് ഇത്തവണ കർണാടകയിൽ കണ്ടത്. ഒടുവിൽ ലഭ്യമായ ഫലസൂചനകൾ പ്രകാരം കോൺഗ്രസ് കേവല ഭൂരിപക്ഷം മറികടന്നു കഴിഞ്ഞു.

 224 അംഗ നിയമസഭയിൽ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ദക്ഷിണേന്ത്യയിൽ പാർട്ടിയുടെ ഏക രാഷ്ട്രീയ പരീക്ഷണശാലയായ കർണാടകയിൽ വീണ്ടും താമര വിരിയിച്ച് രാജ്യമാകെ ഓളമുണ്ടാക്കാമെന്ന മോഹമാണു പൊലിഞ്ഞത്. ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും ഉയർന്നാലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവത്തിൽ ഉഴുതുമറിക്കുന്ന മണ്ണിൽ താമര വിരിയാതിരിക്കില്ലെന്ന പ്രതീക്ഷയ്ക്കു കൂടിയാണ് മങ്ങലേറ്റത്.

 കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് (73.19%) ആയിരുന്നു ഇത്തവണ. പതിവിൽനിന്ന് വ്യത്യസ്തമായി ഒറ്റക്കെട്ടായിനിന്ന കോൺഗ്രസ് ശക്തമായ മത്സരമാണു കാഴ്ചവച്ചത്. എക്‌സിറ്റ്‌പോൾ പ്രവചനങ്ങളിൽ കോൺഗ്രസിനായിരുന്നു നേരിയ മുൻതൂക്കം. തൂക്കുമന്ത്രിസഭയ്ക്കും സാധ്യത പറഞ്ഞിരുന്നു. എണ്ണംപറഞ്ഞ കരുത്തരായ നേതാക്കൾ അതൃപ്തിയോടെ കളം മാറിയതും ബിജെപിക്കു തിരിച്ചടിയായി. 

വോട്ടുവിഹിതത്തിൽ അഞ്ചുശതമാനത്തിലേറെ വർധനവുണ്ടായപ്പോൾ കോൺഗ്രസിന് ഇത്തവണ അധികമായി ലഭിച്ചത് അമ്പതിലധികം സീറ്റുകൾ. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 135-ഓളം സീറ്റുകളിലാണ് കോൺഗ്രസിന്റെ വിജയം.

2018-ലെ തിരഞ്ഞെടുപ്പിൽ 38.14% ആയിരുന്നു കോൺഗ്രസിന്റെ വോട്ടുവിഹിതം. അന്ന് 80 സീറ്റുകളിലായിരുന്നു വിജയം. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇതുവരെയുള്ള കണക്കനുസരിച്ച് 43% വോട്ടാണ് കോൺഗ്രസ് നേടിയത്. അഞ്ചുശതമാനം വോട്ട് കൂടിയപ്പോൾ 2018-നെക്കാൾ അമ്പതിലധികം സീറ്റുകളിൽ പാർട്ടിക്ക് വിജയിക്കാനായി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി അഞ്ച് വോട്ടിന്റെ വർധനയാണ് കോൺഗ്രസിന് ഉണ്ടായത്. മൈസൂർ
മേഖലയിൽ മാത്രം ആകെയുള്ള 61 സീറ്റിൽ 35 ഉം കോൺഗ്രസ് നേടി. ജെഡിഎസിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം. മധ്യ കർണാടകയിൽ 25 ൽ 16 സീറ്റും ഹൈദരാബാദ് കർണാടകയിൽ 41 ൽ 23 സീറ്റും കോൺഗ്രസ് നേടി.

വടക്കൻ കർണാടകയിൽ അൻപതിൽ 32 സീറ്റിൽ കോൺഗ്രസ് ജയിച്ചു. തീര മേഖലയും ബംഗളൂരുവും ആണ് ബിജെപിക്ക് ഒപ്പം നിന്നത്. ഈ രണ്ടു മേഖലകളിലെ 47 സീറ്റിൽ 29 എണ്ണം ബിജെപി നേടി. ന്യൂനപക്ഷ മേഖലകളിൽ മിക്കയിടത്തും കോൺഗ്രസിന് അനുകൂലമായി വോട്ടുകളുടെ ഏകീകരണം ഉണ്ടായി.

കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 22 സീറ്റിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് പിന്തുണയോടെ ബാഗേപ്പള്ളിയിൽ മത്സരിച്ച സിപിഎമ്മിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇവിടെയും കോൺഗ്രസ് തന്നെ വിജയിച്ചു.

2018-ലെ തിരഞ്ഞെടുപ്പിൽ 36.35% വോട്ട് നേടിയ ബിജെപി. 104 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാൽ 2023-ലെ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ലെങ്കിലും 40-ലേറെ സീറ്റുകൾ ബിജെപി.ക്ക് നഷ്ടമായി. ഇത്തവണ 35.8 ശതമാനാണ് ബിജെപി.യുടെ വോട്ടുവിഹിതം.

2018-ൽ 40 സീറ്റുകളിൽ വിജയിച്ച ജെ.ഡി.എസിന് 18.3% വോട്ട് കിട്ടിയിരുന്നു. പക്ഷേ, 2023-ൽ വോട്ടുവിഹിതത്തിൽ കാര്യമായ കുറവുണ്ടായി. ഇതുവരെയുള്ള കണക്കനുസരിച്ച് 13.3% മാത്രമാണ് ജെ.ഡി.എസിന് കിട്ടിയ വോട്ട്. വിജയിച്ച സീറ്റുകളുടെ എണ്ണത്തിലും പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു. 2018-ൽ 37 സീറ്റുലഭിച്ച ജെ.ഡി.എസ്. ഇത്തവണ 19 സീറ്റുകളിലേക്ക് ചുരുങ്ങുകയായിരുന്നു.

2013-ൽ 122 സീറ്റുകൾ നേടി ഏറ്റവുംവലിയ ഒറ്റകക്ഷിയായപ്പോളും കോൺഗ്രസിന് 40% വോട്ടുപോലും ലഭിച്ചിരുന്നില്ല. 2013-ൽ 36.6% ആയിരുന്നു കോൺഗ്രസിന് കിട്ടിയ വോട്ട്. 20 വർഷങ്ങൾക്ക് ശേഷമാണ് കർണാടകയിൽ കോൺഗ്രസിന്റെ വോട്ടുവിഹിതം 40% കടക്കുന്നതെന്നതും ശ്രദ്ധേയമാണ്. 72 സീറ്റുകൾ പിടിച്ചെടുത്താണ് ഇത്തവണ കർണാടകയിൽ കോൺഗ്രസ് വിജയത്തേരിലേറിയത്. അതേസമയം, ഏറ്റവും ഒടുവിലെ ഫലമനുസരിച്ച് 21 സിറ്റിങ് സീറ്റുകൾ പാർട്ടിക്ക് നഷ്ടമായി.