ന്യൂഡൽഹി: ആരുടെയും സഹായമില്ലാതെ, കോൺഗ്രസ് ഒറ്റയ്ക്ക് കർണാടക പിടിച്ചു. തിളക്കമാർന്ന വിജയം. 224 അംഗ നിയസഭയിൽ 136 സീറ്റുകൾ. ബിജെപിക്ക് 65 സീറ്റും, ജനതാദൾ സെക്കുലറിന് 19 സീറ്റും. കിങ് മേക്കറാകുമെന്ന് കരുതിയ ജെഡിഎസിനാണ് സീറ്റെണ്ണത്തിലും വോട്ടുവിഹിതത്തിലും നഷ്ടം. ബിജെപിക്ക് സീറ്റുകൾ നഷ്ടമായെങ്കിലും വോട്ടുവിഹിതത്തിൽ ഇടിവുണ്ടായില്ല.

കഴിഞ്ഞ വർഷം ഇതേ സമയത്ത്, കോൺഗ്രസിന് രാജസ്ഥാനിലും, ഛത്തീസ്‌ഗഡിലും മാത്രമായിരുന്നു അധികാരം. ആം ആദ്മിക്ക് ഒപ്പം രണ്ടുസംസ്ഥാനങ്ങളിൽ ഭരണം. കഴിഞ്ഞ വർഷാവസാനം ഹിമാചലിലെ വിജയവും, മെയിൽ കർണാടകയിലെ വിജയവും കൂടിയായപ്പോൾ നാല് സംസ്ഥാനങ്ങളിൽ കോൺഗ്രസ് കാലുറപ്പിച്ചിരിക്കുന്നു. ബിജെപിയെ നേരിടാൻ ദേശീയതലത്തിൽ കോൺഗ്രസ് ഏകപാർട്ടിയായി അവശേഷിക്കുന്നു. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ കോൺഗ്രസിന് ഇനി കൂടുതൽ വിലയുണ്ടാകും. കോൺഗ്രസിന്റെ വാക്കുകൾ അവർക്ക് അവഗണിക്കാനാവില്ല.

2023 വഴിത്തിരിവാകുമോ?

കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാനതലത്തിലാവട്ടെ, ദേശീയതലത്തിലാവട്ടെ, ബിജെപി കോൺഗ്രസിനെ നാമാവശേഷമാക്കുകയായിരുന്നു. ഇനി ബിജെപിയുമായി നേർക്കുനേർ വരുമ്പോൾ കോൺഗ്രസിന് ആത്മവിശ്വാസം കൂടും. കർണാടകയ്ക്ക് ശേഷം രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, തിരഞ്ഞെടുപ്പുകൾ വരുന്നു. ഈ മൂന്നുസംസ്ഥാനങ്ങളിലും 2018 ൽ കോൺഗ്രസ് ജയിച്ചുകയറിയതാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ കലാപത്തെ തുടർന്ന് മധ്യപ്രദേശ് ബിജെപിക്ക് അടിയറ വയ്‌ക്കേണ്ടി വന്നു.

നിതീഷ് കുമാർ, മമത, അഖിലേഷ് യാദവ്, ശരദ് പവാർ തുടങ്ങിയ ദേശീയ നേതാക്കൾ 2024 ലെ തിരഞ്ഞെടുപ്പിൽ, ബിജെപിക്കെതിരെ ഒന്നിച്ചുപോരാടാൻ മുന്നണി ഉണ്ടാക്കാൻ പരിശ്രമിക്കുമ്പോഴാണ് കോൺഗ്രസിന്റെ കർണാടക വിജയം. കോൺഗ്രസിന് ഈ കൂട്ടത്തിൽ എന്തുസ്ഥാനമാകും എന്നാണ് ഇനി അറിയേണ്ടത്.

ബിജെപിക്ക് പാഠങ്ങൾ

ശക്തമായ പ്രാദേശിക നേതാക്കൾ ഇല്ലെങ്കിൽ എല്ലായ്‌പ്പോഴും മോദി മാജിക്ക് പ്രവർത്തിക്കില്ല എന്നതാണ് ബിജെപിക്കുള്ള പാഠം. ഡൽഹിയിലും, ബംഗാളിലും ഒക്കെ തകർപ്പൻ പ്രചാരണം നയിച്ചിട്ടും, കെ്ജ്രിവാളിനോടും മമതയോടും ബിജെപി തോറ്റു. എന്നാൽ, ശക്തനായ പ്രാദേശിക നേതാവുള്ള യുപിയിൽ, യോഗി ആദിത്യനാഥിന്റെ ബലത്തിൽ ബിജെപി നേട്ടങ്ങൾ കൊയ്തു. കർണാടകയിൽ ബി എസ് യെദിയൂരപ്പ ശക്തമായ പ്രചാരണം നയിച്ചെങ്കിലും, മുഖ്യ റോളിലുണ്ടായിരുന്നില്ല. സിദ്ധരാമയ്യയ്ക്കും, ഡി കെ ശിവകുമാറിനും എതിരെ ബസവരാജ ബൊമ്മെ ദുർബലനായ എതിരാളി ആയിരുന്നു.

സ്ഥാനാർത്ഥി പട്ടികയിൽനിന്ന് മുതിർന്ന പല നേതാക്കളെയും ഒഴിവാക്കിയതോടെ ഉയർന്ന പൊട്ടിത്തെറിയും ബിജെപിക്ക് തിരിച്ചടിയായി. കേന്ദ്ര-സംസ്ഥാന പാർട്ടി നേതൃത്വം അവഗണിച്ചതോടെ മുന്മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി ഉൾപ്പെടെയുള്ള വിശ്വസ്തരായ നേതാക്കൾ അവസാന നിമിഷം കോൺഗ്രസ് പാളയത്തിലേക്ക് ചുവടുമാറിയതും ബിജെപിക്ക് തിരിച്ചടിയായി.

2019ൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിൽനിന്ന് കൂറുമാറിയെത്തിയ 17 എംഎൽഎമാരിൽ (14 കോൺഗ്രസ് എംഎ‍ൽഎമാർ, മൂന്ന് ജെ.ഡി.എസ്. എംഎ‍ൽഎമാർ) ഭൂരിഭാഗം പേർക്കും ഇത്തവണ ബിജെപി സീറ്റ് നൽകിയിരുന്നു. കൂറുമാറിയെത്തിവർക്ക് സീറ്റ് നൽകിയിട്ടും വർഷങ്ങളായി പ്രവർത്തിക്കുന്ന മുതിർന്ന നേതാക്കളെ അവഗണിച്ചുവെന്ന കാര്യവും സീറ്റ് നിഷേധത്തിൽ പ്രതിഷേധമുയർത്തിയ ബിജെപി നേതാക്കൾ ചൂണ്ടിക്കാണിച്ചിരുന്നു. കൂറുമാറിയെത്തിയ 13 കോൺഗ്രസ്-ജെഡിഎസ് നേതാക്കൾക്ക് 2019 ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നൽകി വലിയ വിജയം നേടിയ ബിജെപിയുടെ തന്ത്രം പക്ഷേ ഇത്തവണ തെറ്റി.

പ്രതിപക്ഷത്തിന് പാഠങ്ങൾ

അഴിമതി, സർക്കാർ വിരുദ്ധ വികാരം, തൊഴിലില്ലായ്മ തുടങ്ങിയ പ്രാദേശിക വിഷയങ്ങളുടെ പേരിലായിരുന്നു പ്രചാരണം. മോദി മാജിക്കിലും, ദേശീയതയിലും, ഹിന്ദുത്വയിലും, വികസനത്തിലും ബിജെപി ഊന്നിയപ്പോൾ കോൺഗ്രസ് സർക്കാരിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളും മുന്നോട്ടുവച്ച വാഗ്ദാനങ്ങളും വോട്ടർമാർക്ക് നന്നേ പിടിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പാകുമ്പോൾ, പ്രാദേശിക വിഷയങ്ങൾക്ക് ശ്രദ്ധകൊടുക്കുന്നതാണ് നല്ലതെന്ന് പ്രതിപക്ഷ പാർട്ടികൾക്ക് പഠിക്കാം.

കിങ്‌മേക്കറല്ല, കിങ്ങാകുമെന്ന് കരുതിയ ജെഡിഎസിന് വൻ തിരിച്ചടിയാണ് കിട്ടിയത്. 2018 ൽ ദേവഗൗഡയുടെ പാർട്ടി 37 സീറ്റുകൾ നേടുകയും, കോൺഗ്രസുമായി ചേർന്ന സർക്കാരുണ്ടാക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനവും കിട്ടി. എനനാൽ, ഇപ്പോൾ കഷ്ടി 19 സീറ്റുകൾ. കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയതുകൊണ്ട് സർക്കാരിലും ജെഡിഎസിന് പങ്കുകിട്ടില്ല.

ബൊമ്മെ രാജി വച്ചു; കോൺഗ്രസ് നിയമസഭാ കക്ഷിയോഗം നാളെ

തിരഞ്ഞെടുപ്പ് തോൽവിയുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ബസവ രാജ ബൊമ്മെ ഗവർണറെ കണ്ട് രാജി വച്ചു.

കോൺഗ്രസ് നിയമസഭാ കക്ഷിയോഗം നാളെ വൈകിട്ട് 5 മണിക്ക് ചേരും. പതിവു പോലെ തീരുമാനം ഹൈക്കാമൻഡിന് വിടുമെന്ന് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അറിയിച്ചു.

ഭാരത് ജോഡോ യാത്ര നേട്ടമായെന്ന് കോൺഗ്രസ്

' ഇതൊരു വലിയ വിജയമാണ്. ഈ വിജയത്തിലൂടെ രാജ്യത്തുനീളം പുതിയൊരു ഊർജ്ജം പകരും. കോൺഗ്രസ് മുക്ത ഭാരതം ഉണ്ടാക്കുമെന്ന് പറഞ്ഞ് ബിജെപി ഞങ്ങളെ പരിഹസിക്കുമായിരുന്നു. ഇപ്പോൾ, സത്യമെന്താണ്..ബിജെപി മുക്ത ദക്ഷിണേന്ത്യ ആയിരിക്കുന്നു, കോൺഗ്രസിന്റെ കരുത്ത് തെളിയിച്ച് എല്ലാ പ്രമുഖ നേതാക്കൾക്കും ഒപ്പം വേദി പങ്കിട്ട് സംസാരിക്കവേ പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയാണ് ഇങ്ങനെ പറഞ്ഞത്.

' ഞങ്ങൾ പദയാത്രയിൽ നിന്നാണ് തുടങ്ങിയത്. പിന്നീട് ഭാരത്‌ജോഡോ യാത്ര വന്നു. രാഹുൽഗാന്ധി പദയാത്ര നടത്തിയ റൂട്ടിൽ 99 ശതമാനം സീറ്റിലും ഞങ്ങൾ വിജയിച്ചു. അതിന് അദ്ദേഹത്തോട് നന്ദി പറയുന്നു. ഖാർഗെയെ കൂടാതെ, കർണാടക സംസ്ഥാന അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ, സിദ്ധരാമയ്യ, രൺദീപ് സിങ് സുർജേവാല എന്നിവരും ഉണ്ടായിരുന്നു.

കർണാടക ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. കർണാടകത്തിലെ മാത്രമല്ല, രാജ്യത്തെ ആകെ ജനാധിപത്യത്തിന് പുതുജീവിതം നൽകിയിരിക്കുന്നു. ഇത് ഓരോ കന്നഡിഗന്റെയും വിജയമാണ്, കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി രംൺദീപ് സിങ് സുർജേവാല പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ആറു മേഖലയിൽ അഞ്ചിടത്തും കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം രേഖപ്പെടുത്തി. മധ്യ കർണാടക, മുംബൈ കർണാടക, പഴയ മൈസൂർ മേഖലകളിൽ കോൺഗ്രസ് തരംഗമാണ് പ്രകടമായത്. ബെംഗളൂരു മേഖലയിൽ മാത്രമാണ് 2018നെ അപേക്ഷിച്ച് കോൺഗ്രസിന് സീറ്റ് നഷ്ടം. പഴയ മൈസൂർ മേഖലയിലാണു കോൺഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത്. മുംബൈ കർണാടകയാണ് കോൺഗ്രസ് തരംഗമുണ്ടായ മറ്റൊരു മേഖല. ഹൈദരാബാദ് കർണാടകയിൽ അഞ്ച് സീറ്റുകളാണ് കോൺഗ്രസ് കൂടുതലായി പിടിച്ചെടുത്തത്. തീരദേശ കർണാടകയിൽ 3 സീറ്റുകൾ കൂടുതലായി നേടാൻ കോൺഗ്രസിനായി.

വോട്ടുവിഹിതത്തിലും കുതിച്ച് കോൺഗ്രസ്

അതേസമയം, തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതത്തിലും കോൺഗ്രസ് വലിയ മുന്നേറ്റം കാഴ്ച വച്ചു. ബിജെപി തരംഗം പ്രവചിക്കപ്പെട്ട 2018-ലെ തിരഞ്ഞെടുപ്പിൽ 80 സീറ്റുകളാണ് കോൺഗ്രസിന് നേടാനായത്, 38.16 ശതമാനമായിരുന്നു വോട്ടുവിഹിതം. ഇത്തവണ കോൺഗ്രസിന്റെ വോട്ടുവിഹിതത്തിൽ 5 ശതമാനം വർദ്ധന രേഖപ്പെടുത്തി. ബിജെപിക്ക് സംസ്ഥാനത്ത് പല സീറ്റുകളും നഷ്ടമായെങ്കിലും, 2018 ലെ വോട്ട് വിഹിതമായ 36.4 ശതമാനത്തിന് അടുത്തെത്താൻ കഴിഞ്ഞു. 35.8 ശതമാനാണ് ബിജെപി.യുടെ വോട്ടുവിഹിതം. എന്നാൽ, 40-ലേറെ സീറ്റുകൾ ബിജെപിക്ക് നഷ്ടമായി. 20 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് 40 ശതമാനത്തിലേറെ വോട്ടുവിഹിതം നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നത്.

കോൺഗ്രസിന് 122 സീറ്റുകൾ ലഭിച്ച 2013ലെ തിരഞ്ഞെടുപ്പിൽ പോലും വോട്ടുവിഹിതത്തിൽ ഇത്രയധികം മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. 2013-ൽ 36.6 ശതമാനം മാത്രമായിരുന്നു കോൺഗ്രസ് വോട്ടുവിഹിതം. വോട്ടുവിഹിതത്തിൽ ജെഡിഎസിനാണ് ഏറ്റവും വലിയ ക്ഷീണം. അഞ്ച് ശതമാനത്തിലേറെയാണ് ജെഡിഎസിന് വോട്ടുവിഹിതത്തിൽ കുറവ് സംഭവിച്ചിരിക്കുന്നത്. 2018-ൽ 40 സീറ്റുകളിൽ വിജയിച്ച ജെ.ഡി.എസിന് 18.3 ശതമാനം വോട്ടുവിഹിതം ലഭിച്ചിരുന്നു. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി പരാജയപ്പെട്ടതും ജെഡിഎസിന് ക്ഷീണമായി. നിഖിൽ മത്സരിച്ച രാമനഗരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്.

വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിൽ 1999 ലാണ് ഇതിന് മുമ്പ് കോൺഗ്രസ് ഏറ്റവും കൂടുതൽ വോട്ടുവിഹിതം നേടിയത്. അതേസമയം, 2018 ൽ 18.3 ശതമാനം വോട്ടുവിഹിതം നേടിയ ജെഡിഎസ് 13 ശതമാനത്തോളം മാത്രമേ ഇത്തവണ നേടിയിട്ടുള്ളു. അന്തിമഫലം വരുമ്പോൾ ഈ കണക്കുകൾ മാറാം.

മാറുന്ന രാഷ്ട്രീയ ഭൂപടം

ഇന്ത്യയുടെ മൊത്തം ഭാഗത്തിൽ 43 ശതമാനത്തിൽ ഇപ്പോൾ ബിജെപി ഭരിക്കുന്നു. ഏകദേശം 47 ശതമാനം വരുന്ന ജനസംഖ്യയും. കർണാടക നിലനിർത്തിയിരുന്നെങ്കിൽ, അത് യഥാക്രമം 49 ശതമാനവും, 52 ശതമാനവുമായി ഉയരുമായിരുന്നു.

ദക്ഷിണേന്ത്യ ബിജെപിക്ക് കീറാമുട്ടി

കർണാടകത്തിലെ തോൽവി ബിജെപിക്ക് വൻതിരിച്ചടി തന്നെയാണ്. കാരണം അധികാരത്തിലിരുന്ന ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം കർണാടകയായിരുന്നു. എഎൻആർസിയുമായി ബിജെപി സഖ്യത്തിലുള്ള പുതുച്ചേരിയിൽ ഒഴിച്ച് ബിജെപിക്ക് ഇപ്പോൾ ദക്ഷിണേന്ത്യയിൽ സാന്നിധ്യമില്ല. മുമ്പും ബിജെപി കർണാടകയിൽ ബിജെപി സർക്കാർ രൂപീകരിച്ചിട്ടുണ്ടെങ്കിലും, സ്വന്തമായി ഭൂരിപക്ഷം നേടാനായിരുന്നില്ല. ദക്ഷിണേന്ത്യയിൽ മാത്രമല്ല, കർണാടകയിലും ബിജെപിക്ക് ദീർഘകാല പദ്ധതി വേണ്ടി വരുമെന്ന് ചുരുക്കം.