ബെംഗളൂരു: കർണാടക തെരഞ്ഞെടുപ്പു പടിവാതിൽക്കൽ നിൽക്കവേ ബിജെപിക്ക് തിരിച്ചടി തുടരുകയാണ്. കർണാടക ബിജെപി. മന്ത്രി ആനന്ദ് സിങ്ങിന്റെ സഹോദരി ബി.എൽ. റാണി സംയുക്തയെ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ അവർക്ക് ഉന്നത പദവിയും നൽകി. കർണാടക കോൺഗ്രസ് ജനറൽ സെക്രട്ടറിയായാണ് നിയമിച്ചത്. കഴിഞ്ഞദിവസമാണ് റാണി ബിജെപി.യിൽനിന്ന് രാജിവെച്ച് കോൺഗ്രസിലെത്തിയത്. ബിജെപി. രാഷ്ട്രീയ മഹിളാമോർച്ച അംഗമായിരുന്ന റാണി വിജയനഗർ മണ്ഡലത്തിൽ സീറ്റുവേണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആനന്ദ് സിങ്ങിന്റെ മകൻ സിദ്ധാർഥയെയാണ് ഇവിടെ സ്ഥാനാർത്ഥിയാക്കിയത്.

ഇതിൽ പ്രതിഷേധിച്ചാണ് റാണി ബിജെപി. വിട്ടത്. കോൺഗ്രസിൽ ചേർന്നയുടനെ റാണിയെ ജനറൽ സെക്രട്ടറിയായി എ.ഐ.സി.സി. നിയമിക്കുകയായിരുന്നു. അതേസമയം ഡി കെ ശിവകുമാർ ശക്തമായ മുന്നേറ്റം തന്നെയാണ് കർണാടകത്തിൽ കാഴ്‌ച്ചവെക്കുന്നത്. തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നതിൽ മിടുക്കനായ അദ്ദേഹം നിരവധി നേതാക്കളെ ഇതിനോടകം മറകണ്ടം ചാടിച്ചിട്ടുണ്ട്.

അതേസമയം ബിജെപിയിൽനിന്ന് രാജിവച്ച കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി കോൺഗ്രസിൽ ചേർന്നിട്ടുണ്ട് സാവദി അത്തനി മണ്ഡലത്തിൽ കോൺഗ്രസിനു വേണ്ടി ജനവധി തേടുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ അറിയിച്ചു. തിരഞ്ഞെടുപ്പിൽ സാവദി ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സാവദി പാർട്ടിയിൽ ചേർന്നത്.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സാവദി ബിജെപിയിൽ നിന്ന് രാജിവച്ചത്. മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ അടുത്ത അനുയായിയും കരുത്തനായ ലിംഗായത്ത് നേതാവുമാണ് സാവദി. 2018 തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയോടു പരാജയപ്പെട്ടിരുന്നു. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയതിനു പിന്നാലെയാണ് കർണാടക ബിജെപിയിൽ കലഹമുണ്ടായത്. പുതുമുഖങ്ങൾക്ക് അവസരമെന്ന പേരിൽ മുതിർന്ന നേതാക്കളെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

ബെളഗാവിയിൽ 2003 മുതൽ 2018വരെ എംഎൽഎയായിരുന്ന സാവദിയെ മാറ്റി, 2019ൽ ഓപ്പറേഷൻ താമര വഴി പാർട്ടിയിലെത്തിയ മഹേഷ് കുമ്മത്തള്ളിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. 2018ൽ തന്നെ തോൽപ്പിച്ച മഹേഷിന് വീണ്ടും സീറ്റുനൽകുന്നതിനെ സാവദി കടുത്ത രീതിയിൽ എതിത്തു. ബി.എസ്. യെഡിയൂരപ്പയും പാർലമെന്ററി പാർട്ടി യോഗത്തിൽ ശക്തമായി വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഇക്കാര്യം മനസിലാക്കിയ സാവദി ബിജെപി വിട്ട് കോൺഗ്രസിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് തന്നെ അധികാരം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ബി ജെപി കർണാടകയിൽ വിവിധ പദ്ധതികളായിരുന്നു ആരംഭിച്ചിരുന്നത്. സംസ്ഥാനത്തെ പ്രബല സമുദയാങ്ങളായ ലിംഗായത്തുകളേയും വൊക്കലിംഗരേയും ഒപ്പം നിർത്താനാണ് മുസ്ലിങ്ങളുടെ സംവരണം ഇല്ലാതാക്കി അവ മേൽപ്പറഞ്ഞ വിഭാഗങ്ങൾക്കിടയിൽ വീതിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കുന്തോറും ബിജെപിയെ സംബന്ധിച്ച് കാര്യങ്ങൾ കൂടുതൽ കുഴഞ്ഞ് മറഞ്ഞിരിക്കുകയാണ് സംസ്ഥാനത്ത്.

അടുത്തിടെ പാർട്ടിയിലുണ്ടായ കലാപം, ഭരണവിരുദ്ധത, അഴിമതി ആരോപണങ്ങൾ, ജാതി രാഷ്ട്രീയം തുടങ്ങിയ നിരവധി ഘടകങ്ങൾ കർണാടകയിൽ ബിജെപിയുടെ വോട്ട് ബാങ്കിനെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തുന്നത്. കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയും സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ബിജെപി വിട്ടതോടെ ലിംഗായത്തുകൾക്കിടയിൽ പാർട്ടിയോടുള്ള മനോഭാവം വലിയ രീതിയിൽ പ്രതികൂലമാവുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളിലായി ലിംഗായത്തുകളാണ് കർണാടകയിലെ ബിജെപിയുടെ ശക്തി. എന്നാൽ ഇത്തവണ അത് നേരേ കോൺഗ്രസിലേക്ക് മറിയുമോയെന്നാണ് ഭരണ പക്ഷത്തിന്റെ ആശങ്ക. ഷെട്ടാറും സവാദിയും പുറത്തായതോടെ ബിജെപി ലിംഗായത്ത് വിരുദ്ധ പാർട്ടിയാണെന്ന ധാരണ സൃഷ്ടിക്കാൻ കോൺഗ്രസ് വലിയ ശ്രമമാണ് നടത്തുന്നത്. കർണാടകയിലെ ലിംഗായത്തുകളുടെ ഏക സംരക്ഷകൻ ബിജെപിയാണെന്ന ധാരണ പൊള്ളയാണെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.

ഈ തന്ത്രങ്ങൾ വോട്ടാക്കി മാറ്റാൻ കോൺഗ്രസിന് കഴിഞ്ഞാൽ അത് പാർട്ടിയെ വളരെയധികം സഹായിക്കുമെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തൽ. 25 ശതമാനം മുതൽ 30 ശതമാനം വരെ ലിംഗായത്ത് വോട്ടുകൾ പോലും പിടിക്കാൻ കോൺഗ്രസിന് കഴിഞ്ഞാൽ അത് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കും. കോൺഗ്രസിന് എല്ലാ ലിംഗായത്ത് വോട്ടുകളും നേടാൻ കഴിയില്ല, എന്നാൽ ഈ 25-30 ശതമാനം പോലും വോട്ടെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കാൻ സഹായിച്ചേക്കാം. ലിംഗായത്ത് സമുദായത്തിലെ ഒരു പ്രധാന വിഭാഗം കോൺഗ്രസിന് അനുകുലമായി ചിന്തിച്ചാൽ ബിജെപിക്ക് തകരും.

യുവാക്കൾക്ക് വഴിയൊരുക്കാൻ ബിജെപി ഉന്നതർ തന്നോട് ആവശ്യപ്പെട്ടതായി ഷെട്ടാർ നേരത്തെ അവകാശപ്പെട്ടിരുന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പോലും ബിജെപിയെ ന്യായീകരിക്കുകയും യുവതലമുറയ്ക്ക് അവസരം നൽകുന്നതിന് ചില സ്ഥാനാർത്ഥികൾക്ക് ടിക്കറ്റ് നിഷേധിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഗുജറാത്ത്, ഗോവ എന്നിവയുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ഈ മാതൃക വിജയകരമായിരുന്നുവെന്ന് ചില വിദഗ്ദ്ധർ പറയുന്നു, എന്നാൽ കർണാടകയിൽ ഇത് പ്രധാനമായും ജാതി, ഉപജാതി (എസ്ടി, എസ്സി, ഒബിസി) അടിസ്ഥാനത്തിൽ വോട്ട് ചെയ്യുന്നതിനാൽ പ്രാവർത്തികമാവാൻ സാധ്യതയില്ല.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് പാർട്ടികൾ മാറുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തവണ അത് കൂടുതൽ പ്രകടവും ഏറെക്കുറെ ഏകപക്ഷീയവുമാണ്. രണ്ട് പാർട്ടികളും പ്രതിസന്ധികളും പ്രശ്‌നങ്ങളും നേരിടുന്നുണ്ടെങ്കിലും എന്നാൽ പ്രധാന ലിംഗായത്ത് നേതാക്കൾ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് മാറിയത് കോൺഗ്രസിന് കൂടുതൽ അനുകൂല സാഹചര്യം ഒരുക്കിയേക്കും.